Tuesday 14 June 2016

മൈ ലിറ്റിൽ മിസ്സ്‌ സൺഷൈൻ

സമയം ഏകദേശം പുലർച്ചെ നാലു മണിയോട് അടുത്ത് കാണും.
നെഞ്ചിൽ ആരോ ചവുട്ടുന്ന പോലെ ഒരു തോന്നൽ.
കണ്ണ് തുറന്നു നോക്കുമ്പോൾ അത് ആര്യ ആണ്.
അവൾ തലേന്നത്തെ രാത്രി ഭക്ഷണത്തിന്റെ ബാക്കി തീർത്തതിന്റെ ആഹ്ലാദതിമിര്പ്പിലാണ്. എനിക്ക് ചുറ്റും ഓടുന്നു. പുതപ്പിനടിയിലൂടെ ഊളിയിടുന്നു. കിടക്കയിൽ ഉരുളുന്നു.
അങ്ങനെ അവൾ സ്ഥിരം കാണിക്കുന്ന എല്ലാ കോമാളിത്തരങ്ങൽക്കുമിടയിൽ എപ്പോഴോ അറിയാതെ എന്റെ നെഞ്ചിൽ ചവുട്ടി പോയതാണ്!

ആര്യ എന്റെ ഫ്ലാറ്റ്മേറ്റ്‌ (flatmate) cherry യുടെ ഒന്നര വയസുള്ള വളർത്തു പട്ടി ആണ്.
cherry അത്യാവശ്യമായി നാട്ടിൽ പോയതുകൊണ്ട് ഈ കഴിഞ്ഞ നാല് മാസത്തോളമായി അവൾ എന്റെ സംരക്ഷണയിൽ ആണ്.
കൃത്യം  അഞ്ചു കിലോ തൂക്കം. ഓമനത്തമുള്ള മുഖം. കറുപ്പും വെളുപ്പും കലര്ന്ന പഞ്ഞി പോലുള്ള രോമങ്ങൾ. ഒറ്റ നോട്ടത്തിൽ തന്നെ അവളെ ആർക്കും ഇഷ്ടപ്പെടും.
ആര്യ വളരെ trained ആണ്.
അതുകൊണ്ട് തന്നെ അവളെ പരിപാലിക്കാൻ അത്ര പ്രയാസമില്ല.
ഭക്ഷണം കൊടുക്കാൻ പോലും ഞാൻ ഓർക്കേണ്ടതില്ല!
ദിവസവും കൃത്യ സമയത്ത്  കൃത്യ അളവിൽ ഭക്ഷണം അവളുടെ ഫീഡിംഗ് ട്രേ യിൽ നിറയ്ക്കുന്ന ഫുഡ്‌ vending മെഷീൻ വരെ ഉണ്ട് അവൾക്ക്!!

ഞാൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്ത് എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് എബി പലപ്പോഴും ഒരു നായയെ വളർത്താൻ എന്നെ നിർഭന്ധിക്കുമായിരുന്നു. കൂട്ടത്തിൽ ഒരു അമേരിക്കൻ സിദ്ധാന്തവും.
അമേരിക്കൻ സ്ത്രീകൾ തനിക്ക് അമ്മയാവാനുള്ള പക്വത ആയോ എന്ന് തിരിച്ചറിവ് നേടുന്നത് pets നെ വളർത്തിനോക്കിയാണ് പോലും!
അവർ ആദ്യം ഒരു മീനിനെ വളർത്തി നോക്കും. മീൻ ജീവനോടെ ഉണ്ടെങ്കിൽ പിന്നെ ഒരു പൂച്ചയെ വളർത്തി നോക്കും. അതും ജീവനോടെ ഉണ്ടെങ്കിൽ പിന്നെ ഒരു പട്ടിയെ വളർത്തും. അങ്ങനെ പട്ടിയും ജീവനോടെ ഉണ്ടെങ്കിൽ ഒരു കുട്ടിയെ കുറിച്ച് ആലോചിക്കാം.
ഇത് വളരെ logical ആണ് എന്നെനിക്കു തോന്നാറുണ്ട്.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മറ്റൊരു ജീവൻ നിലനിർത്താനും സംരക്ഷിക്കാനും ഉള്ള കഴിവിൽ ആത്മവിശ്വാസം നേടുമ്പോൾ ആണ് അവർ അമ്മയാവാൻ തീരുമാനികുന്നത്. അല്ലാതെ നമ്മുടെ നാടിലെ പോലെ അയൽവക്ക ക്കാരുടെയും ബന്ധുക്കളുടെയും 'എന്താ വിശേഷം ഒന്നും ആയില്ലേ ?" എന്ന ചോദ്യത്തിന് ഉത്തരമായല്ല!

ഞാൻ  അത്ര ഉത്തരവാദിത്തങ്ങൾ ഒന്നും  ഏറ്റെടുക്കേണ്ടി വന്നിട്ടില്ല ആര്യയുടെ കാര്യത്തിൽ!
ഇടക്കൊക്കെ ഞാൻ അവളെ നടത്താൻ കൊണ്ടുപോകാറുണ്ട്. കൂടെ കളിക്കാൻ ശ്രമിക്കാറുണ്ട്. അസുഖം വരുമ്പോൾ ശുശ്രൂഷികാനും അവള്ക്കിഷ്ടമുള്ള egg scramble ഉണ്ടാക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്. അവളുടെ കൊച്ചു കൊച്ചു വാശികൾക്ക് വഴങ്ങിക്കൊടുക്കാറുണ്ട്.

ഞാൻ ഒരിക്കലും ഒരു pet ഇന്റെ കൂടെ ലിവിംഗ് space പങ്കിട്ടിട്ടില്ല. ഞാൻ ഇരിക്കുന്ന അതേ കസേരയിൽ ഇരിക്കുകയും ഉറങ്ങുമ്പോൾ കൂടെ ഉറങ്ങുകയും അങ്ങനെ ഞാൻ വീടിനുള്ളിൽ എവിടെ ഒക്കെ പോകുന്നുവോ അവിടൊക്കെ അവളും.ഇതാദ്യം എനിക്ക് ഉൾക്കൊളാൻ അല്പ്പം ബുദ്ധിമുട്ടായിരുന്നു.
പക്ഷെ ഇപ്പോൾ  അവൾ എനിക്കൊരു  അനുഗ്രഹമാണ് ഒരു പുതിയ അനുഭവവും! അതുകൊണ്ട് തന്നെ ഞാൻ അവളെ എന്റെ  ' LITTLE MISS SUNSHINE '  എന്ന് വിളിക്കുന്നു!



Tuesday 23 June 2015

ദൈവത്തിന്റെ നാട്ടിൽ നിന്നും ദൈവങ്ങളുടെ താഴ്‌വരയിലേക്ക്‌


ഏെ നാളുകളായി എന്തെങ്കിലും എഴുതിയിട്ട്. എഴുത്ത് എന്നിൽ നിന്നും പടി ഇറങ്ങി തുടങ്ങിയോ എന്നൊരു ശംഖ ഉള്ളിൽ ഇല്ലാതില്ല. അപ്പോഴാണ്‌ പണ്ടെപ്പോഴോ ( ഏതാണ്ട് ഒരു വര്ഷം മുൻപ് ) എഴുതി മുഴുമിപ്പിക്കാത്ത ഒരു പോസ്റ്റ്‌ കണ്ടത്. അത് എനിക്കൊരു പ്രചോതനമായി എന്ന് വേണമെങ്കിൽ പറയാം.

എന്റെ ഓര്മ ശെരി ആണെങ്കിൽ,  കഴിഞ്ഞ ഓണനാളിൽ ഞാനും നന്ദുവും ഒരു ഹിമാലയൻ യാത്ര നടത്തിയിരുന്നു. തികച്ചും സാഹസികമായ ഒന്ന്. ഹിമാചൽ പ്രദേശ്‌ ഇലെ സ്പിറ്റി എന്ന ഗ്രാമ പ്രദേശവും അതിനു ചുറ്റുമുള്ള  ബുദ്ധിസ്റ്റ് മോനസ്ട്രി കളും ആണ് സന്ദര്ശന ലക്‌ഷ്യം. 
യാത്ര തുടങ്ങിയത് കൊച്ചിയിൽ നിന്നാണ്.  കൊച്ചി -> ഡല്ഹി -> മനാലി -> സ്പിറ്റി
മനാലിയിൽ നിന്നും സ്പിറ്റിയിലേക്ക് ദിവസത്തിൽ ഒരേ ഒരു ബസ്‌ മാത്രമെ ഉള്ളു. പുലര്ച്ചെ 5 മണിക്ക്.  11 മണികൂർ  എടുത്തു ഏറ്റവും ദുര്ഘടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ചു സ്പിറ്റിയിൽ ഏകദേശം ഒരു സന്ധ്യ സമയത്ത് എത്തി ചേരുന്ന ഹിമാചൽ ഗവണ്മെന്റ് ഇന്റെ ഒരു സാധാരണ വണ്ടി.  ആ വണ്ടിയിൽ ആണ് ഞങ്ങൾ സ്പിറ്റിയിൽ എത്തി ചേർന്നത്‌.
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ജീവനോടെ ഞാൻ സ്പിറ്റിയിൽ എത്തുമെന്ന്. ബസിന്റെ ഒരു വശം കൊക്ക. മറുവശം തിമിർത്തു ഒഴുകുന്ന എനിക്ക് പേര് പോലും അറിയാത്ത ഒറു  ഹിമാലയാൻ നദി. ഇതിനിടയിളുടെ റോഡ്‌ പോലും ഇല്ലാതെ ചരൽ നിറഞ്ഞ ഒരു വഴിയിലൂടെ ഒരു സാദാരണ ട്രാന്സ്പോര്ട്ട് ബസ്‌. ഇടയ്ക്കു വെച്ച് അതൊന്നു തെന്നി മറിയാനും പോയി. സാഹസികത ഇതല്പ്പം കൂടുതൽ അല്ലെ എന്നൊരു ചോദ്യം എന്നെ അസ്വസ്ഥ ആക്കികൊണ്ടെയിരുന്നു.
ശുദ്ധമായ വായു. കുളിര്മയുള്ള കാറ്റു. ഹിമാലയ താഴ്‌വരയുടെ വശ്യമായ ഭംഗി. ഇവിടെ മരിക്കാനും ഒരല്പം ഭാഗ്യം വേണം.

രാത്രിയോട്‌ അടുത്തിരുന്നു kaaza എന്ന സ്പിറ്റി യുടെ തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ. തലസ്ഥാനം  എന്നൊക്കെ പറയുമ്പോൾ കൂറ്റൻ  കെട്ടിടങ്ങളും ഷോപ്പിംഗ്‌ സെന്റർകളും ഒന്നും പ്രതീക്ഷിക്കണ്ട. കുറച്ചു  കെട്ടിടങ്ങൾ ഉണ്ട്. പച്ചകറിയും മറ്റു അത്യാവശ്യ സാമഗ്രികളും വില്കുന്ന ഒരു ചെറിയ ചന്ത. തികച്ചും ഒരു ഉൾനാടൻ ഗ്രാമം.
ചൂട് മോമോ ചില കടകളിൽ നിരത്തി വെച്ചിട്ടുണ്ട്. തുപ്ക, ചൊവ്മൈൻ എന്ന് എഴുതിയ ബോർഡ്‌ കൾ പല ഭക്ഷണ ശാലകളുടെ പുറത്തും കണ്ടു.
എത്തിയ വിവരത്തിനു എല്ലാവരെയും ഫോണ്‍ ചെയാം എന്ന് വിചാരിച്ചു ഫോണ്‍ നോക്കിയപ്പോൾ മനസിലായി,  ഇവിടെ നെറ്റ്‌വർക്ക് എന്നൊന്ന് ഇല്ല എന്ന്.  Disconnected World അഥവാ വിചഎദിക്കപ്പെട്ട ഗ്രാമം.
അങ്ങനെ അവിടുത്തെ സ്പിറ്റി നദിയും, ഗോതമ്പ് പാടവും, ചൂട് മോമോയും, ഒടുക്കത്തെ തണുപ്പും, മഞ്ഞു പൊതിയാൻ തുടങ്ങുന്ന മലനിരകളും  എല്ലാം ആയി കുറച്ച ദിവസങ്ങൾ കഴിഞ്ഞു പോയി. അതിനിടെ കുറച്ചധികം സഞ്ചാരികളെ പരിച്ചയപെടുകയുണ്ടായി. അവരിൽ  നിന്നാണ്  ധന്കർ  മോനസ്ട്രിയെ പറ്റി അറിയുന്നത്. ഏകദേശം ഒരു 50 കിലോമീറ്റർ അകലെ ആണ് ഈ അതി പുരാതന മോനസ്ട്രി  സ്ഥിതി ചെയ്യുന്നത്.  ലോകത്തിലെ തന്നെ 100 endangered sites ഇൽ ഒന്നാണ് ധന്കർ.
സ്പിറ്റി റൈൻ ഷാഡോ(Rain Shadow) പ്രദേശം ആണ്. കാലാവസ്ഥ വ്യെതിയാനം കൊണ്ട് ഇപ്പൊ സ്പിറ്റിയിൽ  ചെറിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ കാരണത്താൽ ധന്കർ മോനസ്ട്ര്യിലെ വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾ  കേടുവരാൻ തുടങ്ങിയിരിക്കുന്നു.
ഇത് കേട്ടപ്പോൾ  നന്ദുവിന് അവിടെ പോയെ മതിയാകു. എനിക്കനെങ്ങിൽ  ഈ കൊടും തണുപ്പും പനിയും disconectivity യും  എല്ലാം കൊണ്ട് ഒരു പിന്തിരിപ്പൻ മട്ട്  ആണ്. അവന്റെ സമ്മർധതിനു വഴങ്ങി അങ്ങനെ ഞങ്ങൾ ധന്കർ കാണാൻ പുറപ്പെട്ടു.

അന്നൊരു ഞായർ ആഴ്ച ആയിരുന്നു. ആകെ ഉള്ള ഒരു ഗവണ്മെന്റ് ബസിൽ കയറി ഞങ്ങൾ ധന്കർ എന്ന സ്റ്റോപ്പിൽ ഇറങ്ങി. വിചനമായ പ്രദേശം. രണ്ടു യാക് അടുത്തുള്ള വയലിൽ മേയുന്നുണ്ടായിരുന്നു. ഒരു ചെറിയ കുന്നു കയറിയാൽ ഒരു ചെറിയ ഗോതബു വയൽ  ഉണ്ട് . താഴെ നിന്ന് നോകുമ്പോൾ അവിടെ കുറച്ച പേര് ഗോതമ്പ് കൊയ്യുനത് കാണാം. ചുമലിലെ കൂറ്റൻ ബാഗ്‌ പേറി ഞങ്ങൾ ആ ചെറിയ കുന്നു കയറി വയലിനടുത് എത്തി. പലരും കൂളിംഗ്‌ ഗ്ലാസ്‌ വെച്ചാണ്‌ ഗോതമ്പ് കൊയ്യുനത്. ആ കാഴ്ച എനിക്ക് രസകരമായി തോന്നി.  അവിടെ കൂടി നിന്നിരുന്ന കൊയ്ത്തുകാരോട് ധന്കർ മോനസ്ട്ര്യെ പറ്റി ചോദിച്ചു.
കൂട്ടത്തിൽ ഉണ്ടായ ഒരു രസികൻ അപ്പൂപ്പൻ,  ഒരു കൂറ്റൻ മലയുടെ മുകളിലോട്ട്  വിരൽ ചൂണ്ടി. അതിനു മുകളിൽ കാണുന്നതാണ് ധന്കർ. ഞാൻ പക്ഷെ ആ മലക്ക് മുളകിൽ ഒന്നും തന്നെ കണ്ടില്ല. കുറച്ച നേരം സൂക്ഷ്മമായി നോക്കിയപ്പോൾ മനസിലായി ഒരു stack  പോലെ മല നിരകൾ  ആണ് . ഒന്നിന് മുകളില ഒന്ന്. അതിൽ ഈറ്റവും മുകളിലെ നിരയിൽ ഒരു തുഞ്ചത്ത ആണ് ധന്കർ.
അത് കണ്ടപ്പോഴെ എന്റെ ഹൃദയമിടിപ്പ്‌ പാതി നിലച്ചു. ഇന്ന് സണ്‍‌ഡേ ആയതിനാൽ വാഹനങ്ങൾ കിട്ടില്ല. സാധാരണ ഇവിടത് കാര് ഒരു എളുപ്പ വഴിയിലൂടെ ധന്കർ നടന്നു കേറുകയാണ് പതിവ്. ഒരു 40 മിനിറ്റു എടുത്തു അവിടം വരെ നടന്നു പോകാം. രണ്ടു പേർ  അത് നടന്നു കയറുന്നത് ദൂരെ നിന്നും ഞങ്ങൾ കണ്ടു. അവരുടെ പുറകെ പോയാൽ  മതി എന്ന് ഒരു ഉപദേശവും.
നന്ദു ആകെ thrilled  ആണ്. എനിക്ക് പ്രത്യേകിച്ചു ഒരു ഇന്റെരെസ്റ്റ്‌ ഇല്ല. ഇത്ര നടന്നു കയറുക എന്നത് വലിയ പ്രയ്ത്നമാണെന്നു ഞാൻ അവനെ പറഞ്ഞു മനസിലാക്കാൻ നോക്കി. പക്ഷെ അവൻ ഒരു പോടി വിട്ടുതരില്ല.  അങ്ങനെ ഞങ്ങൾ അത് നടന്നു കയറാൻ തീരുമാനിച്ചു. backpack വയലിൽ ഉള്ളവരെ ഏല്പിച്ചു. രണ്ടു കുപ്പി വെള്ളം നിറച്ചു. ക്യാമറ, പിന്നെ കുറച്ച ചോക്ലേറ്റ് അത് മാത്രം ബാഗിൽ. നടത്തം തുടങ്ങി. ഏകദേശം രണ്ടു ചെറിയ മലകൾ  കയറിയപ്പോൾ തന്നെ ഞങ്ങൾ തളര്ന്നു ഒരു പരിവം ആയി. തുടര്ന്നുള്ള കയറ്റം പ്രയാസം ആണ്. പ്രാണവായു കുറഞ്ഞു കൊണ്ടെ ഇരുന്നു. രണ്ടു കുപ്പി വെള്ളവും ഏകദേശം തീർന്ന്‌ തുടങ്ങി. ശ്വസിക്കാൻ പ്രയാസം.  മൂന്നാമത്തെ  മല പകുതി ആയപ്പോഴേക്കും ഞാൻ മരണത്തിന്റെ വക്കിൽ എത്തിയിരുന്നു. കുഴഞ്ഞ കാലുകൾ. വരണ്ട തൊണ്ട. ചുറ്റിനും മലനിരകൾ മാത്രം. ഒന്ന് ആഞ്ഞു വിളിച്ചാൽ പോലും കേള്കാൻ ആരും ഇല്ല. താഴെ കുറെ ദൂരെയായി വയലുകൾ കാണാം. അവയുടെ ഭംഗിയിൽ തിരിഞ്ഞിട്ട അതിർവരമ്പുകൾ കാണാം. നീല പരവതാനി പോലെ ആകാശവും. പ്രകൃതി ആസ്വതികാനുള്ള മാനസികാവസ്ഥ എന്തോ അപ്പോൾ എനിക്കുണ്ടായില്ല. കഴിയുന്നത്ര വേഗത്തിൽ തിരിച്ച് ഇറങ്ങാൻ ആണ് ഞാൻ ശ്രമിച്ചത്‌. പക്ഷെ അത് അതി സാഹസികം ആണെന്ന് പെട്ടെന്ന് തെന്നെ തിരിച്ചറിവുണ്ടായി. താഴോട്ടുള്ള ഓരോ ചുവടിലും മണ്ണിളകി വീഴുന്നു. കാലു തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ആ ശ്രമം അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നു.
നിസ്സഹായത തളം കെട്ടി. അതെന്റെ കണ്ണുകളെ ഈറനണിയിക്കുകയും.  


ഏതാനും നിമിഷങ്ങള്ക് ശേഷം ഞാൻ മനോധൈര്യം  വീണ്ടെടുത്ത്  മുന്നോട് നീങ്ങാൻ തുടങ്ങി. പിന്നെയും ഞങ്ങൾ രണ്ടു ചെറിയ കുന്നുകൾ കയറി. കുറച്ച അകലെ ആയി ഒരു ചെറിയ നീർചാലു കാണാൻ ഇടയായി. ഞാൻ എന്റെ map reroute ചെയ്തു. ധന്കർ എന്ന ലക്‌ഷ്യം ഞാൻ ഉപേക്ഷിച്ചു. വെള്ളം ലക്‌ഷ്യം ആക്കി നടന്നു.  അധികം താമസിയാതെ ഞങ്ങൾ ആ ചെറിയ അരുവിയുടെ അരികിൽ എത്തി. മുഖം കഴുകി. ദാഹം മാറ്റി. അല്പം കൂടെ നടന്നു ധന്കർ ഗ്രാമത്തിൽ എത്തി.  അവിടെ നിന്നും നോക്കിയാൽ ധന്കർ ഗൊമ്പ പിന്നെയും മൂന്ന് ഇടത്തരം കുന്നുകൾക്ക് മുകളിലിൽ ആയി കാണാം. നന്ദു എന്നെ കുറെ persuade ചെയാൻ നോക്കി. പക്ഷെ ഈ തവണ ഞാൻ വഴങ്ങിയില്ല. ഒരടി പോലും നടക്കാൻ ഉള്ള ശേഷി എനിക്കില്ലാത്തതിനാൽ നടത്തം അവസാനിപ്പിച്ച്‌ ഞാൻ ഒരു മരത്തണലിൽ വിശ്രമിച്ചു. ആ സമയം  താഴെ ഉണ്ടായിരുന്ന  പുതിയ മോനസ്ട്ര്യിൽ പോയി നന്ദു കുറച്ച ഭക്ഷണം വാങ്ങി വന്നു.

ഭക്ഷണവുമായി പതിയെ താഴോട്ടിറങ്ങാൻ തുടങ്ങി. താഴെ ഞങ്ങളുടെ ബാഗും ആയി കൊയ്ത്തു കാര് കാത്തു നില്പ്പുണ്ടായിരുന്നു. അവരോടൊപ്പം കുറച്ച സമയം ചിലവഴിച്ചു. അവരുടെ കൂടെ ഭക്ഷണം പങ്കു വെച്ചു. കുശാലാനെക്ഷണങ്ങൾ പറഞ്ഞു. കേരളത്തോടുള്ള അവരുടെ മതിപ്പ് സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ഒത്തിരി സ്നേഹത്തോടെ എനിക്ക് ഒരു കപ്പു ചായ പകര്ന്നു തന്ന ഹിമാലയൻ പെണ്‍കൊടിയ്ക് ഞാൻ വഴിചിലവിനായി കരുതിയ മതളനാരകങ്ങൾ സമ്മാനിച്ചു.
ഒരു പക്ഷെ ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ ദിവസം ഇതായിരിക്കും. കാണാൻ കഴിയാതെ പോയ ചുവർ ചിത്രങ്ങളെക്കാൾ അമുല്യമായിരുന്നു കാണിച്ചുതന്ന ജീവിത യാഥാർത്ഥ്യങ്ങളും   മനുഷ്യ നന്മയും. നന്ദി ഉണ്ട് നന്ദു ... നന്ദി ... (LOL) 

                                                          ചില ഹിമാലയൻ കാഴ്ചകൾ

താബോയിലെ സത് ലജ്  നദി 

സ്പിറ്റി  നദി 

kaza യിലെ ഒരു വീട്ടുമുറ്റത്ത്‌ വളരുന്ന സുര്യകന്തി 

താബോ യിലെ ഗോതമ്പ് പാടങ്ങൾ 
                                                     

Sunday 29 September 2013

ഞാനും ജിനിയും അവളുടെ സൈക്കിൾഉം

സമയം  കൃത്യം രണ്ടു മണി.
അസഹ്യമായ  തൊണ്ടവേദന  ഒരു  കപ്പു കുരുമുളക്  കാപ്പിയിൽ  കടിച്ചമർത്തി ഞാൻ മെത്തയിൽ  ഉറക്കം പ്രദീക്ഷിചു കിടപ്പാണ്.
ഒരു കാൽ കുപ്പി ടൈഗർ ബാം എങ്കിലും നെറ്റിയിലും കഴുത്തിലും മറ്റുമായി തേച്ചു പിടിപ്പിച്ചിട്ടുണ്ടാവണം. അല്പം ആശ്വാസം  എന്ന സ്തിഥിയിലേക്ക് ഞാൻ പതുക്കെ നീങ്ങി. ഉറക്കം എന്റെ കണ്പോലകളെ  അനുഗ്രഹിച്ചു  തുടങ്ങിയപ്പോഴാണ്  രംഗ ബോധമില്ലാത്ത കോമാളിയെ  പോലെ  എന്റെ ഫോണ്‍ അലമുറ ഇടാൻ തുടങ്ങിയത്.

മറുതലക്കൽ നന്ദു ആയിരുന്നു.
വളരെ  അപ്പ്രതീക്ഷിതമായി ആസൂത്രിതമല്ലാത്ത  ഒരു യാത്ര പോകുകയാണെന്നു എന്നെ അറിയിക്കാൻ വിളിച്ചതാണ്. യാത്ര മറ്റൊനിലും അല്ല!  സ്വന്തം സൈക്കിൾ -ൽ തന്നെ!

സൈക്കിൾ ഒരു വാഹനം ആണെന്ന് ഒരിക്കൽ പോലും എന്റെ  ചിന്താധരനിയിൽ  പതിഞ്ഞിട്ടില്ല.
സൈക്കിൾ യാത്രകള ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ ഇതിനു മുൻപ് ഒരിക്കലും പരിചയപ്പെട്ടിടില്ല! സൈക്കിൾ മറ്റേതു വാഹനതെക്കളും മികച്ചതാണെന്ന് നന്ദു അല്ലാതെ മറ്റാരും എന്നോട് വാതിച്ചിട്ടില്ല!
ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ വത്യസ്തമായ ഒരു താല്പര്യം,  അതിനോട് വിട്ടുമാറാത്ത ആവേശം അതെന്നെ ആകര്ഷിച്ചു, സന്തോഷിപ്പിച്ചു.

സൈക്കിൾ ഒരു മഹാസംഭവം ആണെന്നോനും എന്നിട്ടും എനിക്ക് തോന്നിയില്ല.
ആദ്യമായി ഉപയോഗിക്കാൻ പഠിച്ച വാഹനം എന്നതിലുപരി ഒരു മമതയും അതിനോടില്ല. മിക്കപ്പോഴും നാല്പതിൽ ഏറെ കിലോമീറെർ സൈക്കിൾ ചവിട്ടുന്ന അവനും ഞാനും തമ്മിൽ  ആനയും അംബഴങ്ങയും തമ്മിലുള്ള അന്ധരം ഉണ്ടെങ്ങിലും സൈക്കിൾ യാത്ര ഞാനും  നടത്തിയിട്ടുണ്ട്. അതിസാഹസീയം ഒന്നുമല്ലെങ്ങിലും ഒരു കൊച്ചു യാത്ര.

എനിക്ക് പതിമൂന് വയസു പ്രായം കാണും. എട്ടാം തരത്തില പഠിക്കുന്നു.
ഗിരിജ വലിയമ്മയുടെ(അമ്മയുടെ ചേച്ചി) വീട്ടിൽ  താമസം.
കളിക്കൂടുകാരി  പത്തു വയസുകാരി ജിനി (വലിയമ്മയുടെ ഏറ്റവും ഇളയ സന്ദധി). താമസം ചെറുവത്തെരിയിൽ . ചുവന്ന  മണ്ണുള്ള ചരൽ പ്രദേശം.
ആ പ്രദേശത്തെ ഒട്ടുമിക്ക ഊടുവഴികളും അന്ന് ഞങ്ങള്ക്ക് സുപരിചിതം.
സൈക്കിൾ ചവിട്ടാൻ പഠിച്ചിട്ടു അദികം ആയിട്ടില്ല.
ആ ഇടക്കാണ്‌,  ജിനിക്ക് അവളുടെ അച്ഛൻ ഒരു വഴുതനപ്പൂ നിറമുള്ള ലേഡി ബെര്ദ് സൈക്കിൾ സമ്മാനിക്കുന്നത്.  അധികം താമസിയാതെ അതിൽ ചുറ്റി നടക്കുക എന്നതൊരു സ്ഥിരം വിനോദമായി മാറി.
ഒരു ഞായറാഴ്ച  പ്രാതൽ  കഴിഞ്ഞു  സൈക്കിൾ സവാരിക്കിരങ്ങിയതാണ്.  ഒട്ടനവദി ഊടുവഴികളിലൂടെ ചുറ്റി കറങ്ങി അറിയാത്ത എവിടെയോ എത്തി പെട്ടൂ. ചുറ്റും ഉള്ള തെങ്ങീൻ തോപ്പിനുള്ളിലൂടെ  ഒരു നെൽവയൽ കാണാം. വയൽ ലക്ഷ്യമാക്കി ചവുട്ടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ പാതയുടെ ഇരു വശങ്ങളിലും  പച്ച പരവതാനി പോലെ നെൽ കതിരുകൾ. സന്ധതസഹചാരി ജിനി താല്പര്യം പ്രകടിപ്പിച്ചപ്പോൾ കുറച്ചു സമയം വയൽ വരബിൽ വിശ്രമിച്ചു. മടങ്ങാൻ തുടങ്ങ്ബോഴാണ് ജിഷി ചേച്ചിയുടെ(ജിനിയുടെ ചേച്ചി) വീടിനു ഏകദേശം അടുത്ത് വരെ എത്തി എന്നറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത പെട്ടികടയിൽ നിന്നും അവൾക്കു ഒരു പൊതി നാരങ്ങ മുട്ടായി വാങ്ങി.
വെച്ച് പിടിച്ചു!
മുഷിഞ്ഞ വേഷത്തിൽ രണ്ടു കൊച്ചനുജതിമാർ ചേച്ചിയെ കാണാൻ!
സമയം ഉച്ചയോട് അടുത്ത് തുടങ്ങിരുന്നു. ദാഹം പിടിവിടാതെ പുറകെ!
വഴിവക്കിൽ നിർത്തി മുനിസിപാലിറ്റി പൈപ്പ്ൽ നിന്നും വെള്ളം കുടിച്ചു. കാലുകൾ  കുഴഞ്ഞു. പാതി വഴിയിൽ വീണുപോകുമോ എന്നൊരു പേടി ഇല്ലാതില്ല. സൈക്കിൾ ടയർ കാറ്റ്കുറഞ്ഞു ചത്ത്‌ തുടങ്ങിരുന്നു. സർവ്വ ശക്തിയും എടുത്തു വീണ്ടും ചവുട്ടി. കുറച്ച  അകലെ  ആയി മെയിൻ റോഡ്‌ തെളിഞ്ഞു കാണാൻ തുടങ്ങി. അദികം താമസിയാതെ അവളുടെ വീടും. അടുക്കും തോറും ഞങ്ങളിൽ പുറപ്പെടുമ്പോൾ ഉണ്ടായ ആവേശം ആല്പ്പല്പമായി കുറഞ്ഞു കൊണ്ടേ ഇരുന്നു. തന്തോന്നിതരത്തിന് കിട്ടനിരിക്കുന്ന ചൂരല്ൽ പഴങ്ങൾ കണ്ണിനു കുറുകെ കൊല കെട്ടി ആടി.
ജിഷി ആശ്ചര്യത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. നാരങ്ങ മുട്ടായി ഞങ്ങൾ അവൾക്കു സമ്മാനിച്ചു. വീട്ടിൽ പറയാതെ അതിസാഹസികമായി അവിടെ ചെന്നതിനു കിട്ടിയ കുറച്ചു ശകാരം മാറ്റി നിർത്തിയാൽ ആ യാത്ര തികച്ചും അവിസ്മരനീയം തന്നെ ആയിരുന്നു.
ബാല്യകാല സ്മരണകളിൽ ഞാൻ  സൂക്ഷിക്കുന്ന വളരെ വിലപിടിപ്പുള്ള ഒരു ഓർമയുടെ താള്!


Wednesday 5 September 2012

മേഘസഞ്ചാരം

യാത്രകള്‍ എന്നും എനിക്ക് പ്രിയങ്കരമാണ് . ഈ അടുത്തിടെ വിസ പുതുക്കല്‍ എന്നൊരു ദൌത്യവുമായി ഞാന്‍ യു . എ . ഇ സന്ദര്‍ശിച്ചിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ വീണുകിട്ടിയ ഒരു പിടി അവധി ദിനങ്ങളുമായി ഞാന്‍ ആഗസ്റ്റ്‌  ആദ്യ ആഴ്ച തന്നെ പുറപ്പെട്ടു. കൃത്യമായി പറയുകയാണെങ്കില്‍ അതെന്റെ പതിനാലാം അന്താരാഷ്ട്ര  വിമാനയാത്ര ആയിരിക്കണം. ഇതില്‍ ഭൂരിഭാഗം യാത്രകളും എയര്‍ ഇന്ത്യ വിമാനത്തില്‍ എകോനോമി ക്ലാസ്സില്‍ ആയിരുന്നു. നാല് മണിക്കൂര്‍ യാത്ര , 1732 മൈലുകള്‍.. ഒരു സിനിമ കണ്ടു എയര്‍ ഇന്ത്യ വിളമ്പുന്ന ലഖു ഭക്ഷണം (പലപ്പോഴും എനിക്കത് ഹെവി ഭക്ഷണം )കഴിച്ചു രണ്ടു തവണ lavatory സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഷാര്‍ജയില്‍ ഇറങ്ങാറായി. യാത്രയില്‍ ഞാന്‍ ആകെ കയ്യില്‍ കരുതുന്നത് എന്റെ മാക് ബുക്ക്‌ , ഹെഡ്  സെറ്റ് , പിന്നെ തീര്‍ച്ചയായും പാസ്പോര്‍ട്ട്‌  , ചെക്ക്‌ ഇന്‍ കഴിഞ്ഞു എന്റെ കയ്യില്‍ കിട്ടുന്ന ബോര്‍ഡിംഗ് പാസ്‌. ഇതൊരു റുടീന്‍ പോലെ യാത്രകളില്‍ എല്ലാം ഞാന്‍ പാലിച്ചു പോന്നു.
 

മടക്ക യാത്രക്കുള്ള സമയം അടുത്തപ്പോഴാണ് ടിക്കറ്റ്‌ നിരക്കുകള്‍ ചികയാന്‍ തുടങ്ങിയത്.
പോയതിലും ഇരട്ടി ചാര്‍ജ് തിരിച്ചു വരാന്‍!!
എയര്‍ ഇന്ത്യ ആളുകളെ പിഴിയുന്ന മാസമാണ് ഓഗസ്റ്റ്‌ - സെപ്റ്റംബര്‍. ടിക്കറ്റ്‌  ചാര്‍ജ്  സ്വര്‍ണ വിലയേക്കാള്‍ വേഗത്തില്‍ കുതിക്കുന്നത് കണ്ടു ഞാന്‍ അന്തം വിട്ടിരുന്നു. ഷാര്‍ജയില്‍ സ്കൂള്‍ അവധികള്‍ തുടങ്ങുന്ന മാസം , റമദാന്‍ , ഓണം  അങ്ങനെ എല്ലാ പൊല്ലാപ്പുകളും ഒരുമിച്ചു ടിക്കറ്റ്‌  പോലും കിട്ടാനില്ലാത്ത അവസ്ഥ. 
ക്ലിയര്‍ ട്രിപ്പ്‌ , മേക് മൈ ട്രിപ്പ്‌ അങ്ങനെ ഞാന്‍ പരതാന്‍ ഭാക്കി ഒന്നും ഇല്ല.
കൂടുതലും കണക്ഷന്‍ ഫ്ലൈറ്റ്കള്‍. 19 മുതല്‍ 25 മണിക്കൂര്‍ എടുത്തു കൊച്ചിയില്‍ എത്തുന്നവ. ഷാര്‍ജയില്‍ നിന്നും ഡല്‍ഹി, അവിടുന്ന്  ചെന്നൈ , അവസാനം കൊച്ചി!
കാര്യം യാത്ര എനിക്കിഷ്ടം തന്നെ , എങ്കിലും കൊച്ചിയില്‍ എത്രയും പെട്ടെന്ന് എത്തുക എന്നതൊരു ആവശ്യമായി അവശേഷിക്കുനിടത്തോളം കാലം എനിക്ക് കണക്ഷന്‍ എടുക്കാന്‍ നിര്‍വാഹമില്ല.

അങ്ങനെ മനസില്ല മനസോടെ അച്ഛന്‍ മുന്നോട്ടു വെച്ച നിര്‍ദേശം സ്വീകരിക്കുകയായിരുന്നു.
എയര്‍ അറേബ്യ - ഷാര്‍ജ ടു കൊച്ചി - ചൊവ്വാഴ്ച -1.10 pm ഷാര്‍ജ സമയം 
"എയര്‍ അറേബ്യ എങ്കില്‍ എയര്‍ അറേബ്യ " - എങ്ങനെയും കൊച്ചിയില്‍ സമയത്തിന് എത്തിയാല്‍ മതി !!
തെല്ലു വിഷമത്തോടെയാണ് ഞാന്‍ അത് പറഞ്ഞത്.
ടിക്കറ്റ്‌ ചാര്‍ജിനു പുറമെ ബാഗ്ഗജ് ചാര്‍ജ് എക്സ്ട്രാ അടച്ചു.
"എയര്‍ ഇന്ത്യ ആയിരുന്നെങ്ങില്‍ ബാഗ്ഗജ് ചാര്‍ജ് വേണ്ടായിരുന്നു !" - അച്ഛന്റെ തീരുമാനം തെറ്റാണു എന്ന് കാണിക്കാന്‍ എന്റെ ഒരു ചെറിയ ശ്രമം.
എങ്കിലും അച്ഛന് ന്യായങ്ങള്‍ ഏറെ! ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അവിവാഹിത ആയ പെണ്‍കുട്ടി , കണക്ഷന്‍ ഫ്ലൈറ്റ്ഇല്‍ പോകാന്‍ കഴിയില്ല, രാത്രി യാത്ര നന്നല്ല അങ്ങനെ ഒരു മാതിരി കഷായത്തിന്റെ കുറിപ്പെഴുതുന്ന പോലെ ഒരു നീളമുള്ള ലിസ്റ്റ്.
അങ്ങനെ പ്രതിശ്രുത ദിവസം വന്നെത്തി! ഞാന്‍ ചെക്ക്‌ ഇന്‍ ചെയ്തു. ഇമ്മിഗ്രറേന്‍ കഴിഞ്ഞു. ഡ്യൂട്ടി ഫ്രീയില്‍ കയറി കുറച്ചു ചോക്ലേറ്റ്  വാങ്ങി. ഗേറ്റ്ഇല്‍ കാത്തിരിപ്പു തുടങ്ങി. യാത്രക്കാര്‍ പലരും ഭക്ഷണം വാങ്ങുന്നത് ഞാന്‍ ശ്രെധിച്ചു. കാരണം മറ്റൊന്നല്ല , എയര്‍ അറേബ്യ ഭക്ഷണം കൊടുക്കാറില്ല !! വേണമെങ്ങില്‍ 15 AED മുതല്‍ വിലയുള്ള ഭക്ഷണം വിമാനത്തില്‍ നിന്നും വാങ്ങവുന്നതാണ്. പച്ച വെള്ളത്തിന്‌ പോലും കാശ്  :D

20 മിനിറ്റ് കാത്തിരിപ്പിനു ശേഷം ബോര്‍ഡ്‌ ചെയ്തു. വിമാനയത്രകാര്‍ക്ക് വേണ്ടി സാധാരണയായി കൊടുക്കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ ഈ വിമാനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ കാര്‍ട്ടൂണ്‍ പോലെ തോന്നി.
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ സമയത്ത് ഒരു ചെറിയ പ്രാര്‍ത്ഥന. അറബിയില്‍ ആയതു കൊണ്ട് ഒരു സംഗീത അസ്വാതക ആകാനെ എനിക്ക് കഴിഞ്ഞുള്ളൂ.
പറന്നു പൊങ്ങി കുറച്ച കഴിഞ്ഞപ്പോള്‍ തണുപ്പ് കൂടുന്നുണ്ടോ എന്നൊരു തോന്നല്‍. ഉടന്‍ തന്നെ ഞാന്‍ ഒരു എയര്‍ ഹോസറെസ്സ് നെ സമീപിച്ചു. ആവശ്യം ഉന്നയിച്ചു - ഒരു കമ്പിളി പുതപ്പ്!!
അവരുടെ സഹായഹസ്തങ്ങള്‍ എനിക്ക് നേരെ ഒരു കംബിളിപുതപ്പുമായി നീങ്ങി. കൂടെ ഒരു വിലവിവരം കുറിച്ച കടലാസും !!
എയര്‍ ഇന്ത്യയില്‍ ഞാന്‍ 2 കമ്പിളി പുതച്ചാണ് ഷാര്‍ജയില്‍ പോയത് . എനിക്ക് ചുട്ടു പൊള്ളുന്ന പനി ആയിരുന്നു. കുടിക്കാന്‍ ചൂട് വെള്ളം പ്രത്യേകം കൊണ്ടു വന്നിരുന്നു സ്നേഹനിധിയായ ഒരു ഇന്ത്യക്കാരി എയര്‍ ഹോസറെസ്സ്. അതൊക്കെ എയര്‍ ഇന്ത്യയില്‍ !! ഇത് എയര്‍ അറേബ്യ ആണ് മോളെ , എയര്‍ അറേബ്യ !!
ശ്വസിക്കുന്ന വായുവിനു പോലും വില പറയാന്‍ മടിക്കാത്തവര്‍.
അറുത്ത കൈക്ക് ഉപ്പു തെക്കാത്തവര്‍.

യാത്രക്കാര്‍ പലരും വിവിധ തരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.
അല്പസമയത്തിനുള്ളില്‍ വിമാനം മൊത്തത്തില്‍ വിവിധ ഭക്ഷങ്ങളുടെ ഗന്ധതാല്‍ അസഹനീയമായി തോന്നി!
വാങ്ങിയ ചോക്ലേറ്റ് പെട്ടികളില്‍ നിന്നും ഒരു kitkat പൊളിച്ചു ഞാന്‍ അലസമായി നുണഞ്ഞുകൊണ്ടിരുന്നു.
കണ്ടു കൊണ്ടിരുന്ന ഇറാനിയന്‍ സിനിമയില്‍ സഹയാത്രികര്‍ക്ക് താല്പര്യമുണ്ട് എന്നറിഞ്ഞപ്പോള്‍ മാക് ബുക്ക്‌ സ്ക്രീന്‍ അവര്‍ക്ക് കൂടി കാണത്തക്ക രീതിയില്‍ തിരിച്ചു വെച്ചു.
3 മണിക്കൂര്‍ പോയതറിഞ്ഞില്ല. ഒരല്പസമയം ജനലിലൂടെ താഴോട്ട് നോക്കി. അറേബ്യന്‍ കടല്‍ കഴിഞ്ഞു കൊച്ചി ഒരു പച്ച പുതപ്പു പോലെ ദൂരെ കാണാം. ഒരുപാട് തവണ ഞാന്‍ നെടുംബാശേരിയില്‍ വിമാനം ഇറങ്ങിയിട്ടുണ്ട് . എങ്കിലും ഇത്ര സുന്ദരിയായ കൊച്ചിയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു ഞാന്‍ എയര്‍ അറേബ്യയോട് എന്നും കടപ്പെട്ടവളആയിരിക്കും!
ഒരു കടം കൂടി ഉണ്ട് :)
പഞ്ഞിക്കെട്ട് പോലെ മാനം നിറയെ തെന്നി തെന്നി എങ്ങോട്ടെന്നില്ലതെ ഒഴുകുന്ന മേഘങ്ങള്‍. കൊച്ചു കുട്ടി ആയിരുന്നപോള്‍ എന്റെ മനസിനെ ഒരുപാട് മോഹിപ്പിച്ചവ. കൈ എത്തുന്ന ദൂരത്തെങ്കില്‍  തീര്‍ച്ച ഞാന്‍ ഒന്ന് സ്വന്തമാക്കിയേനെ ..  " I wish i could float on a cloud " - ആഗ്രഹങ്ങളുടെ തീരാത്ത പട്ടികയില്‍ അതാ ഒന്ന് കൂടി!

മേഘാവൃതമായ ആകാശം അന്നൊരു മഴക്കുള്ള ഒരുക്കത്തില്‍ ആയിരിക്കണം. പഞ്ഞി വിരിച്ച പോലെ മേഘങ്ങള്‍. പതിയെ പതിയെ വിമാനം താഴ്‌ന്നു പറക്കാന്‍ തുടങ്ങി.
ഞാന്‍ അതാ ഒരു മേഘത്തിലൂടെ ഊളിയിട്ടു പറക്കുന്നു. വെള്ള മൂടിയ ജനലുകള്‍ വെറും നൈമിഷികങ്ങള്‍ ആക്കികൊണ്ട്  വീണ്ടും വെളിച്ചത്തിലേക്ക്.
ഈ ജനല്‍ പാളികള്‍ ഒന്നു തുറന്നെങ്ങില്‍..
ഞാന്‍ അവയെ ഒന്ന് തോട്ടെങ്കില്‍... :(






Saturday 21 April 2012

റോമന്‍ ഹോളിഡേ

Childe Harold's Pilgrimage  എന്ന പദ്യത്തില്‍ നിന്ന് കടമെടുത്തതാണ്  "റോമന്‍ ഹോളിഡേ" എന്ന ഈ പ്രയോഗം. പുരാതന റോമക്കാര്‍ ഗ്ലാടിയെറ്ററെ "അറുത്തു" അവധി ഉണ്ടാക്കുകയും കാണികള്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഒരു ക്രൂര വിനോദത്തിന്റെ ഓമന പേര് !   
ഇത് ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്നതാണ് ചോദ്യമെങ്കില്‍ , ഇന്ന് ഞാന്‍ കാണാനിടയായ ഒരു സന്ദര്‍ഭമാണ് എന്നെ ഇത് കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്. സന്ദര്‍ഭം മറ്റൊന്നല്ല! ഇന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ ഭുകംബത്തിന്റെ ബാക്കി പത്രം എന്ന പോലെ കൊച്ചിയില്‍ ഉണ്ടായ രിട്ചെര്‍ സ്കയില്‍ ഒന്ന് അനക്കാന്‍ പോലും ശേഷി ഇല്ലാത്ത ഒരു കൊച്ചു ഭൂകമ്പം ഉണ്ടാക്കിയ ആഹ്ലാദ തിരകള്‍ ആണ്.
ചെറിയ ഒരു കുലുക്കം അനുഭവപ്പെട്ടു എന്നത് സത്യമാണ്. കച്ചേരിപ്പടിയില്‍ അത്ര ശക്തമായ ചലനങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ കൊച്ചിയുടെ മറ്റു പല സ്ഥലങ്ങളിലും കാര്യമായ ഭൂചലനം ഉണ്ടായി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സുനാമി അലര്‍ട്ടുകള്‍ ഒന്നൊന്നായി കിട്ടികൊണ്ടിരുന്നു. നാശ നഷ്ടങ്ങളുടെ പട്ടികകള്‍ വന്നു കൊണ്ടിരുന്നു. എന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ഞാന്‍ പലരുടെയും മുഖത്ത് കണ്ടത്. ചിലര്‍ കൈ കൊട്ടി ചിരിക്കുന്നു. ചിലര്‍ സുഹൃത്തുക്കളെ വിളിക്കുന്നു. പരസ്പരം നാശനഷ്ടങ്ങളുടെ പട്ടികകള്‍ എണ്ണം പറഞ്ഞു സന്തോഷിക്കുന്നു. ആകെ ഒരു ഒച്ചപ്പാടും ബഹളവും! 
ഞാന്‍ എത്തിയത് തീരെ സഹസ്തപ്പിക്കാന്‍ ശേഷി ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ഇടയിലാണോ ? കേരളം സത്യത്തില്‍ ഇത്തരം മനുഷ്യരെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് തന്നെ പറയണം. ഹര്‍ത്താല്‍ ദിവസങ്ങള്‍ ഇത് പോലെ ഒരു റോമന്‍ ഹോളിഡെ തന്നെ ആണ്. ബുദ്ധിമുട്ടുകള്‍ പങ്കു വെക്കുവാനോ സങ്കടങ്ങള്‍ കേള്‍ക്കണോ ഒരുമിച്ചു സഹതാപ്പിക്കാനോ ഇന്ന് ആരും തയ്യാറല്ല. മലയാളികളില്‍ ഈ ഒരു സ്വഭാവ വിശേഷം വളരെ പ്രകടമായി കാണാറുണ്ട്. "തൊഴുത്തില്‍ കുത്ത് " എന്ന പ്രയോഗം മലയാളിയെ മാത്രം ഉദ്ദേശിച്ചു ഉണ്ടാക്കിയതാണ് എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് . പുറം നാടുകളില്‍ പോയാല്‍ ഇത് വളരെ  വെക്തമായി അനുഭവിച്ചറിയാം.
അടുത്തിടെ ഫേസ് ബുക്കില്‍ പ്രചരിച്ച ഒരു ചെറിയ സംഭാഷണ ശകലം ഇങ്ങനെ:
കറന്റ്‌ പോയാല്‍ ?
ജപ്പാന്‍കാര്‍ : ഫ്യൂസ് പോയോ എന്ന് നോക്കും
അമേരിക്കകാര്‍ : കറന്റ് ഓഫീസിലേക്ക് ഫോണ്‍ ചെയ്യും
എന്നാല്‍ മലയാളി തൊട്ടപ്പുറത്തെ വീട്ടില്‍ എത്തി നോക്കും . എന്നിട് ആശ്വസിക്കും.. അവര്‍ക്കും കറന്റില്ല!

ഞാന്‍ ഒരു സിറിയന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് സിറിയയില്‍ കലാപം പൊട്ടിപുറപ്പെട്ടത്‌ . എന്റെ സഹപ്രവര്‍ത്തകരില്‍ പലരുടെയും വീടുകള്‍ തകര്‍ക്കപെട്ടു . അവരുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.
അവരുടെ ദുഖത്തില്‍ പങ്കു ചേരാനും പരമാവധി ജോലി സാഹചര്യങ്ങളും അന്തരീക്ഷവും അവരുടെ മാനസീകാവസ്ഥ മനസിലാക്കി സജീകരിക്കാനും പ്രത്യേകം ശ്രെധിച്ചു പോന്നു. ഇന്ത്യ എന്ന മഹാരാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരേ ഒരാള്‍ ആ ഓഫീസില്‍ ഞാന്‍ ആയതുകൊണ്ട് , ഇന്ത്യക്ക്  അതിലുപരി മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഞാന്‍ കാരണം ഒരു വക ചീത്തപേരും ഉണ്ടാവാതിരിക്കാന്‍ ഞാനും ശ്രെധിച്ചു.
സിറിയയില്‍ എന്റെ ഉറ്റവരോ ഉടയവരോ ഒന്നും ഇല്ല. ആ നാട് കത്തി ചാംബലായാല്‍ പോലും ഒരു പക്ഷെ എന്നെ അത് ഒരു രീതിയിലും ബാധികില്ലയിരിക്കാം. അതിലും ഉപരി എന്നെ ദിവസവും ചുരുങ്ങിയത് രണ്ടു മണി ക്കുറെങ്കിലും ഓവര്‍ ടൈം ജോലി ചെയ്യിപ്പിക്കുന്ന എന്റെ മെന്ടരുടെ നാടും വീടും എല്ലാം കത്തി ചാംബാലായിക്കൊണ്ടിരിക്കയാണ്.
എത്ര ദിവസങ്ങളില്‍ ബസ്‌ കിട്ടാതെ ഞാന്‍ വീട്ടിലെത്താന്‍ പാട്പെട്ടു!
തന്റെതല്ലാത്ത കാരണത്തിന് വഴക്ക് കേട്ടു!
മാസങ്ങളോളം സാലറി ഇല്ലാതെ ജോലി ചെയ്തു!
എല്ലാം ഈ സിറിയക്കാര്‍ കാരണം!
എനിക്ക് സത്യത്തില്‍ കൈ കൊട്ടി ചിരിക്കാനുള്ള വകുപ്പുണ്ട് .
എന്നിട്ടും ഞാന്‍ സഹതപിച്ചു ..
മനസ്സില്‍ തൊട്ടു പറഞ്ഞു... "ദൈവമെ... സിറിയ എത്രയും പെട്ടെന്ന്  സ്വതന്ത്രയാവണെ.."
അനസ്  ഉണ്ടാക്കിയ ഫേസ് ബുക്ക്‌  പേജില്‍ ഞാനും കുറിച്ചു ........" yella  Syria "
 

Saturday 31 March 2012

പാലക്കാടന്‍ പെണ്‍കൊടി

ഖസാകിന്റെ ഇതിഹാസം വായിച്ചതിന്റെ പരിണിത ഫലമായാണ് അച്ഛന്‍ ഞങ്ങളെ (എന്നെയും അമ്മയെയും) ക്കൂട്ടി പാലക്കാടുള്ള അമ്മയുടെ മാമന്റെ വീട്ടില്‍ വിരുന്നു പോയത്. ഓര്‍മകളില്‍ വളരെ മങ്ങിയ ചിത്രങ്ങള്‍ മാത്രം  ഉള്ള ആ പാലക്കാടന്‍ യാത്ര എനിക്ക് കളര്‍ഫുള്‍ ആക്കി തന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട അന്നെടുത്ത ഫോടോഗ്രാഫ്സ്  ആണ്. പിന്നീടു പലപ്പോഴും പാലക്കാടു പോകേണ്ട ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ യാത്രകള്‍ ഓരോന്നും പാലക്കാട് എന്ന നാടിന്റെ രമണീയത ഒരു vangogh ചിത്രം പോലെ എന്റെ മനസ്സില്‍ പടരാന്‍ ഇടയാക്കി. ഒരു  തനിമയാര്‍ന്ന ഗ്രാമത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന മുള്‍വേലികള്‍ കെട്ടിയ ഇടവഴികളും, ഇടയ്കിടയ്ക്‌  ഭംഗിയില്‍ ഒരുപാട് വര്‍ണ ഭേദങ്ങളോടെ നിറം ചാര്‍ത്തിയ ചെറിയ അമ്പലങ്ങളും, ചാണകം മെഴുകിയ മുറ്റങ്ങളില്‍ അരിമാവ് കൊണ്ട് കോലമിട്ടതും, കല്‍‌പാത്തി തേരും,ആഗ്രഹാരവും , പനനോങ്കും, നെയ്യില്‍ വറുത്ത അരി മുറുക്കും, കൊയ്തിനോരുക്കിയ നെല്‍പ്പാടങ്ങളും മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ആയി എനിക്ക് അനുഭവപ്പെടാറുണ്ട്.

അങ്ങനെ പാലക്കടിനോടുള്ള സ്നേഹം കൊടികുത്തി വാഴുമ്പോള്‍ ആണ് ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാന്‍ ഇടയായത്. സംസാരത്തിന്റെ ഈണം എനിക്ക് നന്നെ രസിച്ചു. കഥകളിലും സീരിയലുകളിലും മാത്രം നടക്കുന്ന കാര്യങ്ങള്‍ എന്ന് ഞാന്‍ വിശ്വസിച്ചു പോന്ന പലതും ജീവിതത്തില്‍ അനുഭവിച്ച ഒരു വ്യക്തി അതാ എന്റെ കണ്മുന്‍പില്‍!
ഓര്‍മ വെക്കുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ട് കൂലിപ്പണിക്ക് പോയി വളര്‍ത്തി വലുതാക്കിയ രണ്ടു പെണ്മക്കളില്‍ ഇളയവള്‍. ചേച്ചി കൌമാരത്തിന്റെ ചാപല്യം എന്ന കുരുക്കില്‍ പെട്ട് വിവാഹിതയായി. അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍...
" അവള്‍ക്കിപ്പോള്‍ അതുകൊണ്ടെന്താ രണ്ടു സെഞ്ച്വറി അടിച്ചു ".
കുട്ടികള്‍ രണ്ടായി എന്നാണ് അര്‍ത്ഥമാക്കുന്നത് . ചേച്ചിയുടെ ഈ പ്രേമഭാജനം ആകട്ടെ ഒടുക്കത്തെ മദ്യപാനിയും. ഇത് തന്നെ പോരെ ... പാമ്പ് കടിച്ചു എന്ന് തന്നെ പറയാം!
ഇങ്ങനെ ഉള്ള ഒരു കൊച്ചു കുടുംബത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന പിഞ്ചു തോളുകള്‍. ഇതൊക്കെ കേട്ടു എന്റെ മനസ് അലിഞ്ഞില്ലതെ ആകുമോ എന്നൊരു ഭയം എനിക്കില്ലാതില്ല. എങ്കിലും അവളോട്‌ കൂടുതല്‍ അടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പാലക്കാട്ട്കാരി ആയ എന്റെ അമ്മൂമ്മ സംസാരിക്കാറുള്ള ഭാഷ പലതും അവള്‍ പറയുന്നത്  കേട്ടപ്പോള്‍ എനിക്ക് അവളോട്  ചെറിയ തോതില്‍ വാത്സല്യം!

നിഷ്കളങ്കമായ പെരുമാറ്റം. കാണുന്നതെല്ലാം അത്ഭുതം. വായതോരാതെ സംസാരിക്കും. പാലക്കാടിനെ കൊച്ചിയുമായി താരതമ്യം ചെയ്യലാണ് പലപ്പോഴും. വിലപ്പെരുപ്പതെ പറ്റിയും, സമൂഹത്തില്‍ നടക്കുന്ന അനീധികളെ കുറിച്ചുള്ള പരാമര്‍ശനങ്ങളും സംസാരത്തിന്റെ ഭാഗമാകാരുണ്ട്.
നാഗരികതയുടെ കപടതകള്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.  വേണം വേണ്ട എന്ന രീതിയില്‍ ഞങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം പാല്പായസത്തെക്കാള്‍ രുചിയോടെ അവള്‍ കഴിക്കുന്നു. താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എന്ന പോലെ ആസ്വതിക്കുന്നു. അവള്‍ എത്രത്തോളം അത്ഭുതം പൂണ്ടുവോ അത്ര തന്നെ അത്ഭുതം അവള്‍ ഞങ്ങളിലും ഉണ്ടാക്കി.
മന്ത്രക്കളങ്ങളും പുള്ളുവന്‍ പാട്ടും അമ്പലക്കുളവും ഇതിലും ഉപരി അടിയാന്‍ സമ്പ്രദായം ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയില്‍ നിന്നും കൊച്ചിയില്‍ എത്തി ജീവിതം എത്തിപ്പിടിക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരു പാലക്കാട്ടുകാരി!
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ സ്വതന്ത്രയായവള്‍!
ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഹൃദയ സൌന്ദര്യം ഉള്ളവള്‍! 
ഒരു നിമിഷമെങ്കിലും എനിക്കും അവളെപ്പോലെ ഒരു മനസ്സുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു!

Monday 26 March 2012

പാചകം എന്ന കല !


"സുര്യന്‍ ഉചിയിലെത്തുന്ന വരെ ഉറങ്ങും. ഒരു വക ജോലി ചെയില്ല. ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിളിക്കണം രണ്ടു ഉള്ളി തൊലി കളയാന്‍.. ഒരു ചായ ഉണ്ടാക്കാന്‍ പോലും അവള്‍ക്കറിയില്ല..." ഇങ്ങനെ കുറ്റങ്ങളുടെയും കുറവുകളുടെയും പട്ടിക പലപ്പോഴായും നീട്ടിയും ചുരുക്കിയും എന്റെ മാന്യ മാതാശ്രീ എനിക്കൊരു വക സമാധാനം തരാതിരുന്ന സമയമായിരുന്നു അത്.
ഹരം പിടിച്ചു വല്ല സിനിമ കാണുന്ന സമയത്തായിരിക്കും പലപ്പോഴും ഈ വക അല്ലറ ചില്ലറ ജോലികളുമായി അമ്മ പ്രത്യക്ഷപ്പെടാറ്. അതുകൊണ്ട് തന്നെ നിവേദനങ്ങള്‍ പലതും തള്ളിക്കളയാറാണ് പതിവ്. അതിന്റെ പരിണിത ഫലം എന്ന പോലെ വരുന്ന വഴക്കുകള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ കളയുന്നതുകൊണ്ട് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ വീണ്ടും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നു.

'ഒരായിരം തവണ ഞാന്‍ പറഞ്ഞതാ 'എന്ന പ്രയോഗങ്ങള്‍ പലരും കാര്യങ്ങള്‍ നാടകീയമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കാറുണ്ട് . എങ്കില്‍ ഈ പ്രയോഗം തികച്ചും യാഥാസ്ഥികമായി ഞാന്‍ ഉപയോഗിക്കട്ടെ ! ഒരായിരം തവണ അമ്മ എന്നെ കുറ്റപ്പെടുതിയിരിക്കാം - ഒരേ ഒരു വിഷയം - പാചകം! 
പാത്രം കഴുകലും , ചപ്പാത്തി ചുടലും , ചെടി നനക്കലും , ഉണങ്ങിയ തുണികള്‍ മടക്കി വയ്ക്കലും മാത്രമായി കഴിഞ്ഞിരുന്ന ഞാന്‍ ഇനി പാചകം കൂടി ചെയ്യണോ?

ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു മഹാസംഭാവമാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അത് ഒരു ജോലി ആണോ എന്നുപോലും എനിക്ക് സംശയമായിരുന്നു. ഇത്ര മാത്രം കുറ്റപ്പെടുത്താനും ശകാരിക്കാനും പാചകം അത്യന്താപേക്ഷിതമായി സ്ത്രീകള്‍ മാത്രം പഠിക്കേണ്ട ഒരു കല ആണോ ? പഠനം എന്നൊക്കെ പറയണോ അതിനെ ? അമ്മ പ്രാതല്‍ മുതല്‍ ഉറങ്ങുന്നതിനു മുന്പ് കുടിക്കാനുള്ള ചെറു ചൂട് വെള്ളം വരെ തയ്യാറാക്കുനത് വര്‍ഷങ്ങളായി കാണുന്ന എനിക്ക് അതൊന്നും ഒരിക്കലും ശിക്ഷണത്തിന്റെ ആവശ്യം ഉള്ള ജോലികളായി തോന്നിയിട്ടില്ല. അതുകൊണ്ടൊക്കെ ആകാം വളരെ വൈകിപ്പോയി - സ്വയം പാചകം ചെയ്യാന്‍ പഠിക്കണം  എന്ന തീരുമാനത്തില്‍ എത്താന്‍!
അങ്ങനെ പതിനാറാം വയസ്സിലായിരിക്കണം ആദ്യമായി പാചകം എന്ന ദൌത്യവുമായി ഞാന്‍ അടുക്കളയില്‍ പ്രവേശിക്കുന്നത്. എതൊരു തുടക്കക്കാരിയെ പോലെ ഞാനും കാപ്പി ഇടാനും ചായ ഉണ്ടാക്കാനും പഠിച്ചു. ആദ്യമൊന്നും ഇതൊരു സന്തോഷവും എന്നിലുണ്ടാകിയിരുന്നില്ല. പക്ഷെ ക്രമേണ ഞാന്‍ പാചകം ആസ്വദിക്കാന്‍ തുടങ്ങി.
ഒഴിവു വേളകള്‍ ആനന്ദപ്രതമാക്കുക എന്ന പോളിസിയുടെ ഭാഗമായി അമ്മ ടി.വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പാചക പരിപാടിയും മുടങ്ങാതെ കാണുമായിരുന്നു. അത് പലതും പരീക്ഷിക്കുകയും വിജയിക്കുകയും അതിനെല്ലാം അച്ഛന്റെ  പ്രത്യേകം അനുമോദനങ്ങളും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മ തന്റെ പാചക വൈദഗ്ത്യം ദിവസവും തെളിക്കുന്ന തട്ടകത്തില്‍ പയറ്റി ജയിക്കുക വളരെ കഠിനമായിരുന്നു.
ഭക്ഷണം ഉണ്ടാക്കുക്ക എന്നതൊരു മഹാസംഭവം അല്ലെങ്കിലും അത് രുചി ഉള്ളതാകുക എന്നത് ഒരു മഹാസംഭവം ആണെന്ന് എനിക്ക് ഭോദ്യമായി. പ്രത്യേകിച്ച് അത് കഴിച്ചവര്‍ എന്നെ അനുമോദിക്കാനും ചേരുവകള്‍ ചോദിക്കാനും തുടങ്ങിയപ്പോള്‍ പുതുമകള്‍ പരീക്ഷിക്കാനും പാചകം തുടരാനും അത് പ്രചോതനമായി.
എന്നെ പാചകം പഠിപ്പിക്കാനൊന്നും അമ്മ മുതിര്‍നിട്ടില്ലെങ്കിലും, അമ്മയെ കണ്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കാറില്ല. ക്രമേണ ഞാന്‍ സ്വയം പാചകം ചെയ്യാന്‍ പഠിക്കുകയായിരുന്നു. ചേരുവകള്‍, പ്രത്യേകിച്ച്  അവയുടെ അളവുകള്‍ , ചെറിയ പൊടിക്കൈകള്‍ അങ്ങനെ പലതും ഹൃദിസ്ഥമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല , ബേക്കിംഗ് ആയിരുന്നു അടുത്ത സാഹസം. ആദ്യമൊക്കെ വളരെ സാധാരണയായി ക്രീം കളറില്‍ ഉള്ള കേകുകള്‍ ആണ് ഉണ്ടാക്കിയിരുന്നത് . പിന്നീടത് പ്ലും കേക്ക് , പൈന്‍ ആപ്പിള്‍ കേക്ക് , marble കേക്ക് എന്ന് വേണ്ട ഇന്നത്തെ ചീസ് കേക്ക് വരെ അതെത്തി നില്‍ക്കുന്നു. ആപ്പിള്‍ പൈ , പിറ്റ്സ , ബിസ്കട് , കൂകീസ് അങ്ങനെ ബേകിംഗ്‌ ഇന്റെ അനന്ദ സാദ്യഥകള്‍ ഞാന്‍ പരീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു.

ഭക്ഷണം ഒരു അനുഭവമാണ്.
രസ മുകുളങ്ങളില്‍ തട്ടി മനസിലേക്ക് പടര്‍ന്നു ഓര്‍മയില്‍ തങ്ങുന്ന സ്വാദ് എന്ന അനുഭവം.
അത് സൃഷ്ടിക്കാന്‍ കഴിവുള്ള ആളുകള്‍ തികച്ചും കലാകാരന്മാര്‍ തന്നെ. രുചിയുടെ വൈദഗദ്യങ്ങള്‍ രചിക്കുന്ന മഹാകവികള്‍!