Saturday 31 March 2012

പാലക്കാടന്‍ പെണ്‍കൊടി

ഖസാകിന്റെ ഇതിഹാസം വായിച്ചതിന്റെ പരിണിത ഫലമായാണ് അച്ഛന്‍ ഞങ്ങളെ (എന്നെയും അമ്മയെയും) ക്കൂട്ടി പാലക്കാടുള്ള അമ്മയുടെ മാമന്റെ വീട്ടില്‍ വിരുന്നു പോയത്. ഓര്‍മകളില്‍ വളരെ മങ്ങിയ ചിത്രങ്ങള്‍ മാത്രം  ഉള്ള ആ പാലക്കാടന്‍ യാത്ര എനിക്ക് കളര്‍ഫുള്‍ ആക്കി തന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട അന്നെടുത്ത ഫോടോഗ്രാഫ്സ്  ആണ്. പിന്നീടു പലപ്പോഴും പാലക്കാടു പോകേണ്ട ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ യാത്രകള്‍ ഓരോന്നും പാലക്കാട് എന്ന നാടിന്റെ രമണീയത ഒരു vangogh ചിത്രം പോലെ എന്റെ മനസ്സില്‍ പടരാന്‍ ഇടയാക്കി. ഒരു  തനിമയാര്‍ന്ന ഗ്രാമത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന മുള്‍വേലികള്‍ കെട്ടിയ ഇടവഴികളും, ഇടയ്കിടയ്ക്‌  ഭംഗിയില്‍ ഒരുപാട് വര്‍ണ ഭേദങ്ങളോടെ നിറം ചാര്‍ത്തിയ ചെറിയ അമ്പലങ്ങളും, ചാണകം മെഴുകിയ മുറ്റങ്ങളില്‍ അരിമാവ് കൊണ്ട് കോലമിട്ടതും, കല്‍‌പാത്തി തേരും,ആഗ്രഹാരവും , പനനോങ്കും, നെയ്യില്‍ വറുത്ത അരി മുറുക്കും, കൊയ്തിനോരുക്കിയ നെല്‍പ്പാടങ്ങളും മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ആയി എനിക്ക് അനുഭവപ്പെടാറുണ്ട്.

അങ്ങനെ പാലക്കടിനോടുള്ള സ്നേഹം കൊടികുത്തി വാഴുമ്പോള്‍ ആണ് ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാന്‍ ഇടയായത്. സംസാരത്തിന്റെ ഈണം എനിക്ക് നന്നെ രസിച്ചു. കഥകളിലും സീരിയലുകളിലും മാത്രം നടക്കുന്ന കാര്യങ്ങള്‍ എന്ന് ഞാന്‍ വിശ്വസിച്ചു പോന്ന പലതും ജീവിതത്തില്‍ അനുഭവിച്ച ഒരു വ്യക്തി അതാ എന്റെ കണ്മുന്‍പില്‍!
ഓര്‍മ വെക്കുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ട് കൂലിപ്പണിക്ക് പോയി വളര്‍ത്തി വലുതാക്കിയ രണ്ടു പെണ്മക്കളില്‍ ഇളയവള്‍. ചേച്ചി കൌമാരത്തിന്റെ ചാപല്യം എന്ന കുരുക്കില്‍ പെട്ട് വിവാഹിതയായി. അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍...
" അവള്‍ക്കിപ്പോള്‍ അതുകൊണ്ടെന്താ രണ്ടു സെഞ്ച്വറി അടിച്ചു ".
കുട്ടികള്‍ രണ്ടായി എന്നാണ് അര്‍ത്ഥമാക്കുന്നത് . ചേച്ചിയുടെ ഈ പ്രേമഭാജനം ആകട്ടെ ഒടുക്കത്തെ മദ്യപാനിയും. ഇത് തന്നെ പോരെ ... പാമ്പ് കടിച്ചു എന്ന് തന്നെ പറയാം!
ഇങ്ങനെ ഉള്ള ഒരു കൊച്ചു കുടുംബത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന പിഞ്ചു തോളുകള്‍. ഇതൊക്കെ കേട്ടു എന്റെ മനസ് അലിഞ്ഞില്ലതെ ആകുമോ എന്നൊരു ഭയം എനിക്കില്ലാതില്ല. എങ്കിലും അവളോട്‌ കൂടുതല്‍ അടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പാലക്കാട്ട്കാരി ആയ എന്റെ അമ്മൂമ്മ സംസാരിക്കാറുള്ള ഭാഷ പലതും അവള്‍ പറയുന്നത്  കേട്ടപ്പോള്‍ എനിക്ക് അവളോട്  ചെറിയ തോതില്‍ വാത്സല്യം!

നിഷ്കളങ്കമായ പെരുമാറ്റം. കാണുന്നതെല്ലാം അത്ഭുതം. വായതോരാതെ സംസാരിക്കും. പാലക്കാടിനെ കൊച്ചിയുമായി താരതമ്യം ചെയ്യലാണ് പലപ്പോഴും. വിലപ്പെരുപ്പതെ പറ്റിയും, സമൂഹത്തില്‍ നടക്കുന്ന അനീധികളെ കുറിച്ചുള്ള പരാമര്‍ശനങ്ങളും സംസാരത്തിന്റെ ഭാഗമാകാരുണ്ട്.
നാഗരികതയുടെ കപടതകള്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.  വേണം വേണ്ട എന്ന രീതിയില്‍ ഞങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം പാല്പായസത്തെക്കാള്‍ രുചിയോടെ അവള്‍ കഴിക്കുന്നു. താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എന്ന പോലെ ആസ്വതിക്കുന്നു. അവള്‍ എത്രത്തോളം അത്ഭുതം പൂണ്ടുവോ അത്ര തന്നെ അത്ഭുതം അവള്‍ ഞങ്ങളിലും ഉണ്ടാക്കി.
മന്ത്രക്കളങ്ങളും പുള്ളുവന്‍ പാട്ടും അമ്പലക്കുളവും ഇതിലും ഉപരി അടിയാന്‍ സമ്പ്രദായം ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയില്‍ നിന്നും കൊച്ചിയില്‍ എത്തി ജീവിതം എത്തിപ്പിടിക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരു പാലക്കാട്ടുകാരി!
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ സ്വതന്ത്രയായവള്‍!
ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഹൃദയ സൌന്ദര്യം ഉള്ളവള്‍! 
ഒരു നിമിഷമെങ്കിലും എനിക്കും അവളെപ്പോലെ ഒരു മനസ്സുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു!

1 comment:

  1. Chandrolsavathile Mohanlalinte valluvanaadan bhaashye kurichulla dialogue orma varunnu :)

    ReplyDelete