Wednesday 5 September 2012

മേഘസഞ്ചാരം

യാത്രകള്‍ എന്നും എനിക്ക് പ്രിയങ്കരമാണ് . ഈ അടുത്തിടെ വിസ പുതുക്കല്‍ എന്നൊരു ദൌത്യവുമായി ഞാന്‍ യു . എ . ഇ സന്ദര്‍ശിച്ചിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ വീണുകിട്ടിയ ഒരു പിടി അവധി ദിനങ്ങളുമായി ഞാന്‍ ആഗസ്റ്റ്‌  ആദ്യ ആഴ്ച തന്നെ പുറപ്പെട്ടു. കൃത്യമായി പറയുകയാണെങ്കില്‍ അതെന്റെ പതിനാലാം അന്താരാഷ്ട്ര  വിമാനയാത്ര ആയിരിക്കണം. ഇതില്‍ ഭൂരിഭാഗം യാത്രകളും എയര്‍ ഇന്ത്യ വിമാനത്തില്‍ എകോനോമി ക്ലാസ്സില്‍ ആയിരുന്നു. നാല് മണിക്കൂര്‍ യാത്ര , 1732 മൈലുകള്‍.. ഒരു സിനിമ കണ്ടു എയര്‍ ഇന്ത്യ വിളമ്പുന്ന ലഖു ഭക്ഷണം (പലപ്പോഴും എനിക്കത് ഹെവി ഭക്ഷണം )കഴിച്ചു രണ്ടു തവണ lavatory സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഷാര്‍ജയില്‍ ഇറങ്ങാറായി. യാത്രയില്‍ ഞാന്‍ ആകെ കയ്യില്‍ കരുതുന്നത് എന്റെ മാക് ബുക്ക്‌ , ഹെഡ്  സെറ്റ് , പിന്നെ തീര്‍ച്ചയായും പാസ്പോര്‍ട്ട്‌  , ചെക്ക്‌ ഇന്‍ കഴിഞ്ഞു എന്റെ കയ്യില്‍ കിട്ടുന്ന ബോര്‍ഡിംഗ് പാസ്‌. ഇതൊരു റുടീന്‍ പോലെ യാത്രകളില്‍ എല്ലാം ഞാന്‍ പാലിച്ചു പോന്നു.
 

മടക്ക യാത്രക്കുള്ള സമയം അടുത്തപ്പോഴാണ് ടിക്കറ്റ്‌ നിരക്കുകള്‍ ചികയാന്‍ തുടങ്ങിയത്.
പോയതിലും ഇരട്ടി ചാര്‍ജ് തിരിച്ചു വരാന്‍!!
എയര്‍ ഇന്ത്യ ആളുകളെ പിഴിയുന്ന മാസമാണ് ഓഗസ്റ്റ്‌ - സെപ്റ്റംബര്‍. ടിക്കറ്റ്‌  ചാര്‍ജ്  സ്വര്‍ണ വിലയേക്കാള്‍ വേഗത്തില്‍ കുതിക്കുന്നത് കണ്ടു ഞാന്‍ അന്തം വിട്ടിരുന്നു. ഷാര്‍ജയില്‍ സ്കൂള്‍ അവധികള്‍ തുടങ്ങുന്ന മാസം , റമദാന്‍ , ഓണം  അങ്ങനെ എല്ലാ പൊല്ലാപ്പുകളും ഒരുമിച്ചു ടിക്കറ്റ്‌  പോലും കിട്ടാനില്ലാത്ത അവസ്ഥ. 
ക്ലിയര്‍ ട്രിപ്പ്‌ , മേക് മൈ ട്രിപ്പ്‌ അങ്ങനെ ഞാന്‍ പരതാന്‍ ഭാക്കി ഒന്നും ഇല്ല.
കൂടുതലും കണക്ഷന്‍ ഫ്ലൈറ്റ്കള്‍. 19 മുതല്‍ 25 മണിക്കൂര്‍ എടുത്തു കൊച്ചിയില്‍ എത്തുന്നവ. ഷാര്‍ജയില്‍ നിന്നും ഡല്‍ഹി, അവിടുന്ന്  ചെന്നൈ , അവസാനം കൊച്ചി!
കാര്യം യാത്ര എനിക്കിഷ്ടം തന്നെ , എങ്കിലും കൊച്ചിയില്‍ എത്രയും പെട്ടെന്ന് എത്തുക എന്നതൊരു ആവശ്യമായി അവശേഷിക്കുനിടത്തോളം കാലം എനിക്ക് കണക്ഷന്‍ എടുക്കാന്‍ നിര്‍വാഹമില്ല.

അങ്ങനെ മനസില്ല മനസോടെ അച്ഛന്‍ മുന്നോട്ടു വെച്ച നിര്‍ദേശം സ്വീകരിക്കുകയായിരുന്നു.
എയര്‍ അറേബ്യ - ഷാര്‍ജ ടു കൊച്ചി - ചൊവ്വാഴ്ച -1.10 pm ഷാര്‍ജ സമയം 
"എയര്‍ അറേബ്യ എങ്കില്‍ എയര്‍ അറേബ്യ " - എങ്ങനെയും കൊച്ചിയില്‍ സമയത്തിന് എത്തിയാല്‍ മതി !!
തെല്ലു വിഷമത്തോടെയാണ് ഞാന്‍ അത് പറഞ്ഞത്.
ടിക്കറ്റ്‌ ചാര്‍ജിനു പുറമെ ബാഗ്ഗജ് ചാര്‍ജ് എക്സ്ട്രാ അടച്ചു.
"എയര്‍ ഇന്ത്യ ആയിരുന്നെങ്ങില്‍ ബാഗ്ഗജ് ചാര്‍ജ് വേണ്ടായിരുന്നു !" - അച്ഛന്റെ തീരുമാനം തെറ്റാണു എന്ന് കാണിക്കാന്‍ എന്റെ ഒരു ചെറിയ ശ്രമം.
എങ്കിലും അച്ഛന് ന്യായങ്ങള്‍ ഏറെ! ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അവിവാഹിത ആയ പെണ്‍കുട്ടി , കണക്ഷന്‍ ഫ്ലൈറ്റ്ഇല്‍ പോകാന്‍ കഴിയില്ല, രാത്രി യാത്ര നന്നല്ല അങ്ങനെ ഒരു മാതിരി കഷായത്തിന്റെ കുറിപ്പെഴുതുന്ന പോലെ ഒരു നീളമുള്ള ലിസ്റ്റ്.
അങ്ങനെ പ്രതിശ്രുത ദിവസം വന്നെത്തി! ഞാന്‍ ചെക്ക്‌ ഇന്‍ ചെയ്തു. ഇമ്മിഗ്രറേന്‍ കഴിഞ്ഞു. ഡ്യൂട്ടി ഫ്രീയില്‍ കയറി കുറച്ചു ചോക്ലേറ്റ്  വാങ്ങി. ഗേറ്റ്ഇല്‍ കാത്തിരിപ്പു തുടങ്ങി. യാത്രക്കാര്‍ പലരും ഭക്ഷണം വാങ്ങുന്നത് ഞാന്‍ ശ്രെധിച്ചു. കാരണം മറ്റൊന്നല്ല , എയര്‍ അറേബ്യ ഭക്ഷണം കൊടുക്കാറില്ല !! വേണമെങ്ങില്‍ 15 AED മുതല്‍ വിലയുള്ള ഭക്ഷണം വിമാനത്തില്‍ നിന്നും വാങ്ങവുന്നതാണ്. പച്ച വെള്ളത്തിന്‌ പോലും കാശ്  :D

20 മിനിറ്റ് കാത്തിരിപ്പിനു ശേഷം ബോര്‍ഡ്‌ ചെയ്തു. വിമാനയത്രകാര്‍ക്ക് വേണ്ടി സാധാരണയായി കൊടുക്കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ ഈ വിമാനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ കാര്‍ട്ടൂണ്‍ പോലെ തോന്നി.
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ സമയത്ത് ഒരു ചെറിയ പ്രാര്‍ത്ഥന. അറബിയില്‍ ആയതു കൊണ്ട് ഒരു സംഗീത അസ്വാതക ആകാനെ എനിക്ക് കഴിഞ്ഞുള്ളൂ.
പറന്നു പൊങ്ങി കുറച്ച കഴിഞ്ഞപ്പോള്‍ തണുപ്പ് കൂടുന്നുണ്ടോ എന്നൊരു തോന്നല്‍. ഉടന്‍ തന്നെ ഞാന്‍ ഒരു എയര്‍ ഹോസറെസ്സ് നെ സമീപിച്ചു. ആവശ്യം ഉന്നയിച്ചു - ഒരു കമ്പിളി പുതപ്പ്!!
അവരുടെ സഹായഹസ്തങ്ങള്‍ എനിക്ക് നേരെ ഒരു കംബിളിപുതപ്പുമായി നീങ്ങി. കൂടെ ഒരു വിലവിവരം കുറിച്ച കടലാസും !!
എയര്‍ ഇന്ത്യയില്‍ ഞാന്‍ 2 കമ്പിളി പുതച്ചാണ് ഷാര്‍ജയില്‍ പോയത് . എനിക്ക് ചുട്ടു പൊള്ളുന്ന പനി ആയിരുന്നു. കുടിക്കാന്‍ ചൂട് വെള്ളം പ്രത്യേകം കൊണ്ടു വന്നിരുന്നു സ്നേഹനിധിയായ ഒരു ഇന്ത്യക്കാരി എയര്‍ ഹോസറെസ്സ്. അതൊക്കെ എയര്‍ ഇന്ത്യയില്‍ !! ഇത് എയര്‍ അറേബ്യ ആണ് മോളെ , എയര്‍ അറേബ്യ !!
ശ്വസിക്കുന്ന വായുവിനു പോലും വില പറയാന്‍ മടിക്കാത്തവര്‍.
അറുത്ത കൈക്ക് ഉപ്പു തെക്കാത്തവര്‍.

യാത്രക്കാര്‍ പലരും വിവിധ തരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.
അല്പസമയത്തിനുള്ളില്‍ വിമാനം മൊത്തത്തില്‍ വിവിധ ഭക്ഷങ്ങളുടെ ഗന്ധതാല്‍ അസഹനീയമായി തോന്നി!
വാങ്ങിയ ചോക്ലേറ്റ് പെട്ടികളില്‍ നിന്നും ഒരു kitkat പൊളിച്ചു ഞാന്‍ അലസമായി നുണഞ്ഞുകൊണ്ടിരുന്നു.
കണ്ടു കൊണ്ടിരുന്ന ഇറാനിയന്‍ സിനിമയില്‍ സഹയാത്രികര്‍ക്ക് താല്പര്യമുണ്ട് എന്നറിഞ്ഞപ്പോള്‍ മാക് ബുക്ക്‌ സ്ക്രീന്‍ അവര്‍ക്ക് കൂടി കാണത്തക്ക രീതിയില്‍ തിരിച്ചു വെച്ചു.
3 മണിക്കൂര്‍ പോയതറിഞ്ഞില്ല. ഒരല്പസമയം ജനലിലൂടെ താഴോട്ട് നോക്കി. അറേബ്യന്‍ കടല്‍ കഴിഞ്ഞു കൊച്ചി ഒരു പച്ച പുതപ്പു പോലെ ദൂരെ കാണാം. ഒരുപാട് തവണ ഞാന്‍ നെടുംബാശേരിയില്‍ വിമാനം ഇറങ്ങിയിട്ടുണ്ട് . എങ്കിലും ഇത്ര സുന്ദരിയായ കൊച്ചിയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു ഞാന്‍ എയര്‍ അറേബ്യയോട് എന്നും കടപ്പെട്ടവളആയിരിക്കും!
ഒരു കടം കൂടി ഉണ്ട് :)
പഞ്ഞിക്കെട്ട് പോലെ മാനം നിറയെ തെന്നി തെന്നി എങ്ങോട്ടെന്നില്ലതെ ഒഴുകുന്ന മേഘങ്ങള്‍. കൊച്ചു കുട്ടി ആയിരുന്നപോള്‍ എന്റെ മനസിനെ ഒരുപാട് മോഹിപ്പിച്ചവ. കൈ എത്തുന്ന ദൂരത്തെങ്കില്‍  തീര്‍ച്ച ഞാന്‍ ഒന്ന് സ്വന്തമാക്കിയേനെ ..  " I wish i could float on a cloud " - ആഗ്രഹങ്ങളുടെ തീരാത്ത പട്ടികയില്‍ അതാ ഒന്ന് കൂടി!

മേഘാവൃതമായ ആകാശം അന്നൊരു മഴക്കുള്ള ഒരുക്കത്തില്‍ ആയിരിക്കണം. പഞ്ഞി വിരിച്ച പോലെ മേഘങ്ങള്‍. പതിയെ പതിയെ വിമാനം താഴ്‌ന്നു പറക്കാന്‍ തുടങ്ങി.
ഞാന്‍ അതാ ഒരു മേഘത്തിലൂടെ ഊളിയിട്ടു പറക്കുന്നു. വെള്ള മൂടിയ ജനലുകള്‍ വെറും നൈമിഷികങ്ങള്‍ ആക്കികൊണ്ട്  വീണ്ടും വെളിച്ചത്തിലേക്ക്.
ഈ ജനല്‍ പാളികള്‍ ഒന്നു തുറന്നെങ്ങില്‍..
ഞാന്‍ അവയെ ഒന്ന് തോട്ടെങ്കില്‍... :(