Wednesday 30 November 2011

ആദ്യ കുര്‍ബാന

മതങ്ങളോടും മതനുഷ്ടാനങ്ങളോടും എനിക്കുള്ള സഹിഷ്ണുത പണ്ട് മുതലേ ഉള്ളതാണ്. ഒരു മതേതര രാഷ്ട്രമായ ഇന്ത്യ മഹാരാജ്യത്ത് ജീവിക്കുന്ന ഏതൊരു പൌരനും ഈ സഹിഷ്ണുത വെച്ച് പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന അഭിപ്രയക്കാരി ആണ് ഞാന്‍. ഭഗവത് ഗീത , ബൈബിള്‍ , ഖുര്‍ആന്‍ - ഈ മൂന്ന് മത ഗ്രന്ഥങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷയും മലയാളം പരിഭാഷയും വീട്ടില്‍ തന്നെ ഉള്ളതുകൊണ്ടും എന്റെ പിതാവ് ശ്രീ എസ് .എ. ബാലകൃഷ്ണന്‍ ഒരു പുസ്തക പുഴു ആയതു കൊണ്ടും എന്നെ വായിക്കാന്‍ ഒരുപാടു പ്രോത്സഹിപ്പിക്കാരുള്ളത് കൊണ്ടും ഞാന്‍ ഇടക്കൊക്കെ ഈ പുസ്തകങ്ങള്‍ പലതും മറിച്ചു നോക്കുകയും അല്പമെങ്ങിലും വായിക്കാനും അവസരമുണ്ടായി. ഒരു താരതമ്യ പഠനത്തിനോന്നും മുതിര്‍നിട്ടില്ലെങ്ങിലും പലപ്പോഴും ഇത് മൂന്നും ആവര്‍ത്തിച്ച്‌ വായിക്കണം എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. 


ദൈവം നന്മയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവന് നന്മ ചെയ്യുമ്പോള്‍ ഞാനും ഒരു ദൈവിക  പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതായി തോന്നാറുണ്ട്. ഈ ഒരു ചിന്താശകലത്തില്‍ നിന്നും ഉടലെടുത്തതാകണം എനിക്ക് ബൈബിളിനോടും ക്രിസ്തുവിനോടും ഉള്ള ഇഷ്ടം. ദൈവം അമാനുഷിക പരിവേഷമുള്ള നായകനായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. ഒരിക്കലും വേദനകള്‍ ഇല്ലാത്ത , പ്രയാസങ്ങള്‍ അനുഭവിക്കാത്ത അസാദ്യമായ എന്തും സാധിക്കുന്ന ഒരാള്‍. എനിക്ക് ക്രിസ്തു പ്രിയപ്പെട്ടവന്‍ ആകുന്നത് , വേറിട്ട്‌ നില്‍ക്കുനത് , ലോക ജനങ്ങളുടെ പാപങ്ങള്‍ കഴുകാന്‍ സ്വയം ബലി കഴിച്ചവന്‍ എന്ന നിലയില്‍ ആണ് . സ്വന്തം ശരീരം അപ്പമായും രക്തം വീഞ്ഞായും വിളമ്പിയത് കൊണ്ടാണ് . താന്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്നതിലുപരി മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റുവാങ്ങുന്ന ഒരു മനസ് തികച്ചും സ്രേഷ്ടമാണ്. 

ജോസ് സരമാഗോ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ക്രിസ്തുവിനെ ജോസെഫിന്റെ മകനായി ,ഒരു പച്ചമനുഷ്യനായി ചിത്രീകരിച്ചു 1998ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വരെ വാങ്ങി. അങ്ങനെ ഒരു സാധാരണ മനുഷ്യനായി , സരമാഗോ പറഞ്ഞപോലെ സ്വന്തം പിതാവിന്റെ കുറ്റങ്ങള്‍ ഏറ്റുവാങ്ങി ക്രുശിതനായപ്പോഴും ആത്മ ബലി എന്നതു ഒന്ന് കൊണ്ട് മാത്രം എന്റെ മനസ്സില്‍ എന്തുകൊണ്ടും ആരാദ്യനായി തീര്‍ന്നു ക്രിസ്തു. 
ഒരു മാന്ദ്രികനെപ്പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ശത്രുവിനെ നിഗ്രഹിക്കുകയോ , സംഹാര താണ്ടവം ആടുകയോ , കോപാകുലനായ ക്രിസ്തുവിനെയോ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.
ഈ പറഞ്ഞതൊക്കെ എന്റെ മാത്രം ചിന്താധരണിയില്‍ ഉള്ള കാര്യങ്ങള്‍ ആണ് . കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ക്രൈസ്തവ മത  അനുഷ്ടാനങ്ങളെക്കുറിചോന്നും വലിയ അവബോധം എനിക്കില്ല. 

അമ്മയുടെ വീട് അതായത് എന്റെ മാമന്റെ വീട്  പ്രശസ്തമായ കപ്പല്‍ പള്ളിക്ക് സമീപമാണ് . വേനല്‍ അവധിക്കു അമ്മാത്തെക്ക്  പോകുമ്പോ കപ്പല്‍ പള്ളി സന്ദര്‍ശിക്കാറുണ്ട് . കന്യാസ്ത്രീകള്‍ , ചട്ടയും മുണ്ടും ഉടുത്ത ചേട്ടത്തിമാര്‍ ഇതെല്ലം മാമന്റോടെ പോകുമ്പോള്‍ മാത്രമുള്ള കൌതുകക്കാഴ്ചകള്‍ ആയിരുന്നു എനിക്ക് ! കുരിശില്‍ തറച്ച ക്രിസ്തുവിന്റെ രൂപം എന്റെ കണ്ണുകള്‍ നിറയ്ക്കുമായിരുന്നു. ഇപ്പോഴും ആ വികാരത്തിന് മാറ്റം  ഒന്നും ഉണ്ടായിട്ടില്ല. 

ക്രിസ്ത്യാനികളെ സംബന്ധിച്ചെടുത്തോളം കുര്‍ബാന വളരെ വിശേഷപ്പെട്ടതാണല്ലോ. തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് രാവില്‍ പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നത് എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ്. ഇന്നും അത് ആഗ്രഹമായി അവശേഷിക്കുന്നു.ക്രിസ്തുമസ് ദിനത്തില്‍ കേക്ക് ഉണ്ടാകിയും പുല്‍ക്കൂട്‌ ഒരുക്കിയും ഞാനും ക്രിസ്മസ് ആഘോഷിക്കാറുണ്ട് .


അങ്ങനെ ഇരിക്കുമ്പോഴാണ് താമസം കൊച്ചിയിലെ ഒരു കോണ്‍വെന്റില്‍ തരപ്പെട്ടത് . ഒരു ചെറിയ ചാപ്പല്‍ ഉണ്ട് . എന്നും പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ബുധനാഴ്ചകളില്‍ കുര്‍ബാന ഉണ്ട്. പലപ്പോഴും അതി രാവിലെ ആണ് കുര്‍ബാന. ഉറക്കം തലയ്ക്കു പിടിക്കുന്ന സമയമായതിനാല്‍ ആഗ്രഹങ്ങള്‍ കടിച്ചമര്‍ത്തി ഉറക്കത്തിനു മുന്‍‌തൂക്കം കൊടുക്കലാണ് പതിവ്. 
അങ്ങനെ ആ ദിവസം വന്നെത്തി. കുര്‍ബാന രാത്രി 7 .15 ന്.
മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി !
കുറെ നാളുകളുടെ ആഗ്രഹാമാതാ പൂവണിയുന്നു. കുളിച്ചൊരുങ്ങി ചാപ്പലില്‍ കൃത്യ സമയത്തെതി. അച്ഛന്‍ വന്നു. കുര്‍ബാന തുടങ്ങി. എല്ലാം ഒരു കൌതുകത്തോടെ ഞാന്‍ നോക്കി നിന്നു. സ്തുതികള്‍ പാടുന്നു , ബൈബിള്‍ വായിക്കുന്നു. കുറെ മുട്ട് കുത്തി നില്‍ക്കുന്നു . കുറെ എഴുന്നേല്‍ക്കുന്നു . ആകപ്പാടെ എനിക്കൊന്നും മനസ്സിലാകുന്നില്ല. എങ്കിലും എനിക്കിഷ്ട്ടപ്പെട്ടു രീതികള്‍ . ഒരു കൂട്ടം മനുഷ്യര്‍ ലോകനന്മയ്കായി പ്രാര്‍ത്ഥിക്കുന്നു. സര്‍വവും പരമ പിതാവില്‍ അര്‍പ്പിക്കുന്നു. അങ്ങനെ ദിവ്യ ബലിയുടെ സമയമായി. അച്ഛന്‍ വീഞ്ഞ് ഒരു പാത്രത്തില്‍ പകര്‍ത്തി. അപ്പം എടുത്തു. മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . കണ്ണുകളില്‍ വെളുത്ത മേഘപടലങ്ങള്‍ പടര്‍ന്നു. ഒരു മായലോകതെക്കെന്ന പോലെ ഞാന്‍ ഒരു പറവയായ്, പതുക്കെ പറന്നുയരുകയായി. 

അലീന സിസ്റ്റര്‍ ആണ് വിളിച്ചുണര്‍ത്തിയത്. ഒരു കപ്പ്‌ വെള്ളം മുഖത്ത് ചൊരിഞ്ഞിട്ടുണ്ട്. എങ്കിലും സാരമില്ല യാത്ര അവസാനിപ്പിച്ചു മനസ് തിരിച്ചു വന്നല്ലോ അത് മതി, ഞാന്‍ ആശ്വസിച്ചു . ചാപ്പലില്‍ നിന്നും അപ്പോഴും  സ്തുതി ഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു . ആദ്യ കുര്‍ബാന മുഴുമിക്കനായില്ലലോ എന്നൊരു ദുഃഖം അതെനിക്ക് സമ്മാനിച്ചു...

Friday 11 November 2011

allappey kannur express

ട്രെയിന്‍ യാത്രകള്‍ എന്നും എനിക്ക് രസമായ അനുഭവങ്ങള്‍ ആണ് . വിരലില്‍ എണ്ണാവുന്ന തവണ മാത്രം സഞ്ചാരം നടത്തിയത് കൊണ്ടാവാം ഒരു പ്രത്യേക കൌതുകം ഈ യാത്രകളോട്  എനിക്ക് തോന്നുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കു മുന്പ് , വീണു കിട്ടിയ ഭാഗ്യം പോലെ അതാ വീണ്ടും ഒരു  ട്രെയിന്‍ യാത്ര തരപെട്ടിരിക്കുന്നു.
കേരളം എന്ത് കൊണ്ടും സമരങ്ങളുടെ സ്വന്തം നാട് എന്ന പട്ടം ഇനി ആര്‍കും വിട്ടു കൊടുകില്ല എന്ന് ഒരിക്കല്‍  കൂടി തെളിയിച്ചു കൊണ്ട് അതാ ശനിയാഴ്ച ഒരു വാഹന പണി മുടക്ക് !
ഒട്ടും അമാന്ധിചില്ല. വീട്ടില്‍ പോകാന്‍ ഉള്ള ഒരുക്കപ്പാടുകള്‍ അതി വേഗത്തില്‍ ചെയ്തു. യാത്ര ട്രെയിനില്‍  ആകാം എന്ന് തീരുമാനിച്ചു. ഉച്ചക്ക്  ഉള്ള ഒഴിവുസമയത്ത് , ഇല്ലാത്ത സമയം ഉണ്ടാക്കി ട്രെയിന്‍ ടിക്കറ്റ്‌  എടുത്തു.  4.25pm ഉള്ള  executive ട്രെയിന്‍  ആണ്  യാത്ര . 4.15 PM ആയപ്പോള്‍ എടുത്താല്‍ പൊന്താത്ത ചുമടുമായി ഏറണാകുളം നോര്‍ത്ത്  റെയില്‍വേ  സ്റ്റേഷന്‍  വരെ  നടന്നു . ഒരു  ഓട്ടോ  വിളിക്കാന്‍  കാശില്ലാത്ത  ദരിദ്രവാസികള്‍  ആയതു  കൊണ്ടല്ല  , ഒരെണ്ണം  പോലും  ആ  നേരമില്ല  നേരത്ത്  കണ്ടു  കിട്ടാത്തത്  കൊണ്ട്  മാത്രമാണ്  ഈ  സാഹസം . ദരിദ്രവാസികള്‍  എന്ന്  പറയുമ്പോള്‍  അതില്‍  എന്താ  ഒരു ബഹുവചനം എന്നാവും ? സംശയിക്കണ്ട, ഇത്തവണ  ഞാന്‍  ഒറ്റക്കല്ല , എന്റെ  കൂടെ  എന്റെ  collaegue,  വളരെ കുറച്ചു  ദിവസം  കൊണ്ട്  എന്റെ  മനസാക്ഷി സൂക്ഷിപ്പുകാരി ആയി  മാറിയ  എന്റെ കൂടുകാരി , അവളും  ഉണ്ട് , അതുകൊണ്ടാണ് ഈ  ഭാഹുവചനം.

4.25നു  സ്റ്റേഷനില്‍  എത്തി . ട്രെയിന്‍  ഓണ്‍  ടൈം  ഇല്‍ ആണ് . ആളുകളുടെ  ഒരു പുഴ  ഈ  ട്രെയിനിനെ  ലക്ഷ്യമാക്കി ഒഴുകുന്നു . ഞങ്ങളും ആ ഒഴുക്കില്‍ ചേര്‍ന്നു. ladies compartment  വരാന്‍ സാദ്യതയുള്ള  ഭാഗം  കണക്കു കൂട്ടി ഞങ്ങള്‍  കാത്തുനില്‍പ്പ്  തുടങ്ങി.  അല്പസമയത്തിനു  ശേഷം , ഒരു ചൂളം വിളിയോട്  കൂടി  അതാ  allappey  kannur express. ladies compartment പതിവിലും കൂടുതല്‍ നിറഞ്ഞിരിക്കുന്നു എന്ന്  പലരും പറയുന്നത് കേട്ടു.
മണല്‍ വാരിയെരിഞ്ഞാല്‍ നിലത്തു  പതിക്കാത്ത  അത്ര  തിരക്ക്  എന്നൊക്കെ  കേട്ടിട്ടുണ്ട് , കണ്ടത്  ആദ്യമായാണ് !
ഒരു  നിമിഷം  wagon ട്രാജഡി ഒക്കെ എന്റെ  മനസില്ലുടെ  മിന്നി  മറഞ്ഞു . എങ്കിലും , വീട്ടില്‍  നേരത്തെ  എത്തുക  എന്നത്   തീര്‍ത്താല്‍  തീരാത്ത ആഗ്രഹമായി  അങ്ങനെ  മനസ്സില്‍  തോന്നാന്‍  തുടങ്ങിയപ്പോള്‍ , രണ്ടും കല്പിച്ചു  കേറാനുള തള്ളില്‍ ഞാനും പങ്കു  ചേര്‍ന്നു . യാതൊരു  രക്ഷയും  ഇല്ല  എന്ന് മനസിലയപ്പോഴവം , എന്റെ  പ്രിയ  കൂടുകാരി  വിഷമം  ഒരു  തമാശയില്‍  ഒതുക്കി -  " ഇതില്‍  പോയാല്‍  നമ്മള്‍  രണ്ടും   ആലുവാ  പുഴയിലേക്ക്  ഉള്ളതാ !!" .

തള്ളി  കയറാന്‍ ഉള്ള  ശ്രമം  ഞാന്‍  അവസാനിപ്പിച്ചു . അടുത്ത  ട്രെയിനില്‍  പോകാം  എന്ന തീരുമാനത്തില്‍  ഞങ്ങള്‍  എത്തി ചേര്‍ന്നു.
മനസ്സില്‍  സങ്കടത്തിന്റെ  ഒരു  കടല്‍  തന്നെ  ഇരംബുന്നുണ്ടായിരുന്നു.
അപ്പോഴാണ്‌ , ഇത് കണ്ണില്‍ പെടുന്നത് ....തൊട്ടടുത്ത  compartment  ലേക്കുള്ള   ആളുകളുടെ  തിരക്ക്  വളരെ  കുറവാണ് .
General compartment ആയിരിക്കും, എങ്കിലും  സാരമില്ല , കുറച്ച  ദൂരമല്ലേ  ഉള്ളു . നമുക്ക്  കേറാം…
പിന്നെ  ഒട്ടും  അമാന്ധിച്ചില്ല , ബാഗ്‌  എടുത്തു . ആള്‍ തിരക്ക്  കുറഞ്ഞ  ആ  compartment ഇല്‍  ഞങ്ങള്‍  കയറി .
നോക്കുമ്പോള്‍  അതാ , കുറെ  ഒഴിഞ്ഞ  സീറ്റുകള്‍ .. കുറച്ച  പേര്‍  നില്‍ക്കുനുണ്ട്.
ഇവര്‍  എന്താ  ഇരിക്കത്തെ? ഞാന്‍  ആശ്ചര്യപെട്ടു.
ട്രെയിന്‍  യാത്ര  എനിക്ക്  പരിച്ചയമില്ലതിനാല്‍  ഇതിന്റെ  ചിട്ട  വട്ടങ്ങള്‍  എനിക്ക്  തീരെ  വശമില്ല . ഒരു പക്ഷെ  ഇറങ്ങാന്‍  നില്‍ക്കുനവരായിരിക്കാം.
പിന്നീടാണ്  ഞാന്‍  ശ്രദ്ധിച്ചത് , വെളുത്ത  പാന്റും  , കറുത്ത  കോട്ടും ഇട്ട  ഒരു  മനുഷ്യന്‍ , കയ്യില്‍  എന്തോ  ഒരു  ഷീറ്റ് പിടിച്ചിട്ടുണ്ട് . എല്ലാവരും  അയാളെ  ടിക്കറ്റ്‌  കാണിക്കുന്നു . നമ്പര്‍  20 മദ്രാസ്‌  മെയില്‍  ഞാന്‍  കണ്ടിട്ടുള്ളത്  ഭാഗ്യം . എനിക്ക്  സംഗതി  പിടികിട്ടി . മുന്നില്‍  നില്‍ക്കുന്നത്  സാക്ഷാല്‍  TT ആണ് .

അവള്‍  എന്നോടായി  പറഞ്ഞു , " എടി,  പണി  പാളി  എന്നാ തോന്നുന്നേ . കയരിയിരിക്കുനത്  റിസര്‍വേഷന്‍  compartment ഇല്‍ ആണ് .

അറിയാതെ  കയറിയത്  സിംഹത്തിന്റെ  മടയില്‍  ആണല്ലോ എന്ന്  മനസ്സില്‍  പറഞ്ഞു , ഞങ്ങള്‍ വിനയം വാരിക്കോരി മുഖത്ത് പ്രകടിപ്പിച്ചു  ടിക്കറ്റ്‌  കാണിച്ചു . ഇറങ്ങിപോക്കാന്‍  ഇപ്പൊ  പറയും  , അതിനു  മുന്‍പേ  ഇറങ്ങാന്‍  ഉള്ള  തയ്യാറെടുപ്പോടു  കൂടി  ഞങ്ങള്‍  നിന്നു.
പക്ഷെ  മാന്യനായ  ആ  സിംഹം , പേടിച്ചു  നില്‍ക്കുന്ന  രണ്ടു  ആട്ടിന്‍  കുട്ടികള്‍  എന്ന  പരിഗണനയില്‍  , ഒഴിഞ്ഞിരിക്കുന്ന   ആ  ഇരിപ്പിടങ്ങളില്‍  തല്‍ക്കാലം ഇരുന്നുകൊള്ളുവാന്‍  ഉത്തരവായി.

മനസലിവുള്ള ആ  മനുഷ്യനോടു  തീര്‍ത്താല്‍  തീരാത്ത  നന്ദി  തോന്നി . വെള്ള  ഉടുപ്പിനുള്ളിലെ  കറുത്ത  ഹൃദയം  എന്നൊക്കെ  ഞാന്‍  ഒരു  നിമിഷം  വിചാരിചെങ്ങിലും, എല്ലാം  ഒരു  മഞ്ഞു  മല  ഉരുകുന്ന  പോലെ  ഉരുകി  ഇല്ലാതായി .
മനസ്  തനിയെ  പറഞ്ഞു , സഹയാത്രികര്‍  പലരും   പറയുന്നതും  കേട്ടു  …. നല്ല  TT. 
ആലുവ  പുഴ 

Tuesday 13 September 2011

പ്രിയ ഷാര്‍ജ , നിനക്ക് വിട ..


ഷാര്‍ജയില്‍ വന്നതിനു ശേഷമാണു വേര്‍പാടിന്റെ വേദനയില്‍ ഞാന്‍ ആദ്യമായി ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത്.
യാന്ദ്രികമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ കൈയ്പ്പോട് കൂടി ഞാന്‍ പഠിച്ചു. പ്രിയപ്പെട്ടവരേ പിരിഞ്ഞിരിക്കേണ്ടി വന്നപ്പോള്‍ , രസകരമാകേണ്ട ദിവസങ്ങള്‍ തികച്ചും വിരസമായി തുടങ്ങിയപ്പോള്‍ , പലപ്പോഴായി കണ്ണുകള്‍ നിറഞ്ഞു , പരിസരം പോലും മറന്നു.
ഓര്‍ക്കുട്ട്  എന്ന സുഹ്രത് വലയം യു .എ .ഇ യില്‍ നിരോതിചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ മനസ്സറിഞ്ഞു ഞാന്‍ വിളിച്ചു , " ദൈവമേ , എന്നോട് ഇത് വേണ്ടായിരുന്നു ! "

ഇപ്പോള്‍ , രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുമ്പോള്‍ ,അതെല്ലാം എന്റെ പക്വതയില്ലാത്ത കുറെ വേവലാതികള്‍ !
ഷാര്‍ജ എന്ന സാംസ്കാരിക നഗരം എനിക്ക് പ്രിയപ്പെട്ടതയിരിക്കുന്നു ...
ആദ്യമായി ഞാന്‍ ജോലി ചെയ്ത നഗരം , എന്റെ പ്രൊഫഷണല്‍ കാരീരിനു തുടക്കം കുറിച്ച നഗരം.. താമസസ്ഥലത്തിന്നു തൊട്ടടുത്തായി അന്താരാഷ്ട്ര ശ്രിന്ഘലകള്‍ ഉള്ള ഭക്ഷണശാലകള്‍, തുണി വില്പന ശാലകള്‍ , സൂപ്പര്‍ മാര്‍ക്കറ്റ്‌, പൂക്കടകള്‍, അങ്ങനെ എന്തും കൈ എത്തും ദൂരത്ത്. പത്തു മിനിറ്റ് പടിഞ്ഞാറോട്ട് നടന്നാല്‍ മനോഹരമായ corniche. കാറ്റ് കൊള്ളാനും, മീന്‍ പിടിക്കാനും പറ്റിയ ഒരു കടലിന്റെ ഭാഗം. കിഴക്കൊടു നടന്നാലോ കുട്ടികള്‍ക് കളിക്കാനും വലിയവര്‍ക് വ്യായാമം ചെയാനും സവ്കര്യമുള്ള ഒരു വിശാലമായ പാര്‍ക്ക്‌. അറബ്സ് , പലെസ്ടിന്യന്‍ , ഈജിപ്സ്യന്‍, ഇറാനിയന്‍, ഇറാഖ്,റഷ്യന്‍ , ഫിലിപ്പിന്‍,ചൈനീസ് , ഇന്ത്യന്‍, ബംഗ്ലാദേശി അങ്ങനെ വിവിധ സംസ്കാരങ്ങള്‍ ഒരുമിച്ചു ഒരു നഗരത്തില്‍!
അതേ....ഞാന്‍ ഈ നഗരത്തെ സ്നേഹിക്കുന്നു.



നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ എടുത്തപ്പോള്‍ എന്തെന്നില്ലാതെ ഒരു വിങ്ങല്‍. ഇനി ഒരു പക്ഷെ ഞാന്‍ ഒരിക്കലും ഈ നഗരത്തില്‍ വരില്ലായിരിക്കാം. അവസാനത്തെ കുറച്ചു ദിവസങ്ങള്‍. ഞാന്‍ നടന്ന കുറെ വഴികള്‍, ദിവസവും എന്ന പോലെ കയറിയിറങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ്‌കള്‍, അസഹ്യമായ ഈ ചൂട് , ഡിസംബര്‍ മാസങ്ങളില്‍ സൂചിമുനകള്‍ പോലെ കുത്തിയിറങ്ങിയ തണുപ്പ് ,അല്‍ ഫവാരിലെ അറബിക് ഭക്ഷണം, ശെഇക്  സയെദ്  റോഡിലുടെ ഉള്ള ആ കാര്‍ ഡ്രൈവ് , അങ്ങനെ പലതും ഇനി എനിക്ക് ഓര്‍മ്മകള്‍ മാത്രം.

ഷാര്‍ജ എനിക്ക് സമ്മാനിച്ച ഒരു പിടി ഓര്‍മകളുമായി ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഞാന്‍ പിറന്ന മണ്ണിലേക്ക് യാത്രയവുകയായി ...







Saturday 13 August 2011

ഓര്‍മയിലെ രുചികള്‍

ഇന്നലെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടു. അപ്പോഴാണ് നാളുകള്‍ക്കു മുന്പ് മനസ്സില്‍ തോന്നിയ ഒരു ആശയം ഒന്ന് കുറിക്കണം എന്ന് തോന്നിയത്. 
സ്വാദ് ദിവസവും നമുക്ക് അനുഭവപ്പെടുന്നതാണ്.
പല രുചികള്‍ - നാടന്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ , അറബിക് , ഇറ്റാലിയന്‍ അങ്ങനെ പറഞ്ഞാല്‍  തീരാത്ത  അത്ര സാധ്യതകള്‍.
 
"ഞാന്‍ ഇത് കഴിയ്ക്കുന്നത്  ഒരു nostalgia എന്ന നിലക്കാണ് ", എപ്പോഴും  ഭക്ഷണത്തോടുള്ള  അച്ഛന്റെ  സമീപനം ഇതാണ്.
" ഒന്നും നമ്മള്‍ വേസ്റ്റ് ആക്കരുത് " , അതാണ് കമ്പമാമന്റെ സമീപനം.
" ഇത് കഴിച്ചാല്‍ ഷുഗര്‍ കൂടും , എങ്കിലും കുറച്ചു കഴിക്കാം " , സുരമാമന്റെ സമീപനം.

എന്നാല്‍ എനിക്ക് ഭക്ഷണം ഒരു ഓര്‍മയാണ്. പണ്ടെപ്പോഴോ രുചിച്ച ആ ഒരു രുചി വീണ്ടെടുക്കാന്‍ , ഓര്‍ത്തെടുക്കാന്‍ ഉള്ള ആഗ്രഹം, ഒരു തിരിഞ്ഞു നോട്ടം , അല്ലെങ്ങില്‍ ഒരു  പുതിയ രുചി ഒരു പുത്തന്‍  ഓര്‍മയായി രുചി പട്ടികയില്‍ ചേര്‍ക്കാന്‍. 

ജനിച്ചു വീണു ആദ്യം രുചിച്ചതു അമ്മയുടെ മുലപ്പാലായിരിക്കണം . നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ ,  ആ രുചി എനിക്കൊരിക്കലും ഓര്‍ത്തെടുക്കാനായിട്ടില്ല .
മുലപ്പാലിന്റെ മധുരം എന്നൊക്കെ ഞാന്‍ പലരും പറഞ്ഞു കേട്ടിടുണ്ട്,  പക്ഷെ മധുരമായിരുന്നോ എന്ന് എന്നോട് ചോദിച്ചാല്‍,  കുടിച്ച എനിക്ക് ഉത്തരം മുട്ടിപ്പോകും. അതുകൊണ്ട് തന്നെ ആ രുചി പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു.

എന്നുതോട്ടാണ് എന്റെ തലച്ചോറില്‍ ഞാന്‍ സ്വാദുകള്‍ ശേഘരിക്കാന്‍ തുടങ്ങിയത് എന്നറിയില്ല, എങ്കിലും    ആദ്യമായി ഞാന്‍ സൂക്ഷിച്ച ആ വേറിട്ട സ്വാദ് എന്റെ അച്ഛമ്മക്ക് സ്വന്തം ..

കൊല്ലം കൊല്ലം കായ്ച്ചിരുന്ന വേലി ഏതക്കലുള്ള കശുമാവില്‍ നിന്നും പഴുത്തു വീണ കശുവണ്ടികള്‍ ഉണക്കി സൂക്ഷിച്ചു,  അതില്‍ നിന്നും പത്തോ പന്ദ്രണ്ടോ എണ്ണം വീതം ചുട്ടു, തല്ലി, പരിപ്പെടുത്, ചമ്മന്തി പ്പലകയില്‍ കഞ്ഞിവെള്ളവും, പാകത്തിന്  ഉപ്പും , മുളകും, പുളിയും, ചൂടുള്ള ഈ കശുവണ്ടിയും ചേര്‍ത്ത് അച്ഛമ്മ അരച്ച് തന്നിരുന്ന ചമ്മന്തി , ഞാന്‍ സൂക്ഷിക്കുന്ന സ്വാദിന്റെ പട്ടികയില്‍ എന്നും ഒന്നാമന്‍ തന്നെ !

പേരക്കുട്ടി യോടുള്ള സ്നേഹവും വാത്സല്യവും ചേര്‍തിരുന്നത് കൊണ്ടാവാം , ഇന്ന്നു എന്റെ  അമ്മ അത് എത്ര നന്നായി തന്നെ അരചാലും എനിക്ക് ആ രുചിയുടെ അയലത് കൂടി മാത്രം പോകേണ്ടിവരുന്നത്.
nurseryയില്‍  പോകുന്ന കാലം. ഉച്ചക്ക്  എനിക്കുള്ള ചോറുമായി വരുന്ന അമ്മയാണ് രുചിയുടെ ലിസ്റ്റില്‍ രണ്ടാമത്.  ചെറുചൂടോടെ കോവക്ക തോരനും, കട്ടിയുള്ള തൈരും, പപ്പടവും . അമ്മ ഉരുളകളായി ഉരുട്ടി വായില്‍  വെച്ച് തന്ന ആ ചോറിന്റെ സ്വാദ് ഇന്നും എനിക്കൊര്‍ക്കാം.  പിന്നീട്  അത്
ചോറും പാത്രവും,  പൊതിച്ചോറും ആയി മാറിയപ്പോഴും, ചെറുപയര്‍ തോരനും ,വറുത്ത മുളക് കൊണ്ടാട്ടവും, ഞാന്‍ ഓര്‍ത്തെടുക്കുന്ന അമ്മയുടെ മാത്രം പ്രത്യേകതകളാണ് . 

വിഷു ദിവസങ്ങളില്‍ വിഷുക്കട്ട ഉണ്ടാക്കുക എന്നതു വളരെ വിശേഷപ്പെട്ടതാണ് .
പച്ചരി നാളികേര പാലില്‍ വേവിച്ചു , ഉപ്പും, ജീരകവും ചേര്‍ത്ത് ,ഒരു കേക്ക് പരുവത്തില്‍ രൂപപെടുത്തി എടുക്കുനതാണ് വിഷുക്കട്ട. അതിന്റെ കൂടെ കഴിക്കാന്‍ അമ്മ ഉണ്ടാക്കുന്ന മാങ്ങാക്കറി എടുത്തു പറയേണ്ട ഒന്ന് തന്നെ.
മൂവാണ്ടന്‍ മാങ്ങ ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കി, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് നേര്‍മയായി   വേവിച്ചു നാളികേരപ്പാല്‍ ഒഴിച്ച്  ശുദ്ധമായ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ചാല്‍ മാങ്ങാക്കറി തയ്യാര്‍. 
പാചകത്തില്‍ എന്റെ അമ്മ ഒരു രാക്ഷസി തന്നെ ! അതുകൊണ്ട് തന്നെ ഒരു വിഭവത്തില്‍ അമ്മയെ ഒതുക്കുക്ക അസാദ്യം. പലപ്പോഴും അമ്മയുടെ recipe കളക്ഷന്‍ ( Mrs കെ . എം  മാത്യു എന്നെഴുതുയ ഒരു തടിയന്‍ പാചക
പുസ്തകം ) എടുത്തു ഞാന്‍ ചോദിക്കും ,ഇവിടെ എന്നാണാവോ മിസിസ്  ലത ബാലകൃഷ്ണന്‍ എന്ന് അച്ചടിച്ച്‌ വരുന്നത് . ഒരു ചിരി മാത്രം ഉത്തരമായി തന്നു അമ്മ വീണ്ടും അടുക്കളയില്‍ തിരക്കുകളില്‍ !

താമസം അമ്മയുടെ ചേച്ചി ഗിരിജ , എന്റെ  ഗിരിജ വല്യമ്മയുടെ വീടിലേക്ക്‌  മാറിയതോട് കൂടി ആണ്  ദിവസത്തില്‍ മൂന്നു നേരവും ചോറ് ഉണ്ണാം എന്ന് ഞാന്‍ പഠിച്ചത്. ആദ്യമൊക്കെ എനിക്കൊരു താല്‍പര്യവും ഇല്ലയിരുന്നെങ്ങിലും, ക്രമേണ ഞാന്‍ അത് രസിച്ചു തുടങ്ങി. രാവിലെ ചൂട് ചോറും, മുറ്റത്തു കുലച്ച  വാഴയില്‍    നിന്നും പറിച കായകൊണ്ടുള്ള തോരനും. ഉച്ചക്ക്  ചോറും മീങ്കറിയും. രാത്രി അത്താഴം വീണ്ടും ചോറും പരപ്പ് കുത്തിക്കാചിയതും . 

വളരെ രസകരമായി പാചകം ചെയ്യുന്ന അവര്‍, കറി അടുപ്പത്തു തിളക്കുമ്പോള്‍ കറിവേപ്പില ഒടിക്കാന്‍ പറമ്പില്‍ തോട്ടിയുമായി നില്‍ക്കുന്നുണ്ടാകും. തികച്ചും വെത്യസ്തവും വേഗമേറിയതും ആണ് അവരുടെ പാചക ശൈലി.
പഴകിയ ഒരു മീന്ച്ചട്ടിയില്‍ കഴുകി വൃതിയാക്കിയ മീനില്‍, നാളികേരം, മഞപ്പൊടി,  മുളകുപൊടി, ഉള്ളി, പച്ചമുളക്, ഇഞ്ചി ഇതൊക്കെ ചേര്‍ത്ത അരപ്പും, മുറ്റത്തു നില്‍കുന്ന ഇലിബന്‍ പുളി മരത്തില്‍ നിന്നും അപ്പൊ പൊട്ടിച്ച പുളിയും, കറിവേപ്പിലയും , വെളിച്ചണ്ണയും ചേര്‍ത്തിളക്കി, നാടന്‍ അടുപ്പില്‍ ഓലക്കുടി വെച്ച് കത്തിച്ചു വേവിച്ചെടുക്കുന്ന ആ ഓറഞ്ച് നിറത്തിലുള്ള മീന്‍ കറി, ഉള്ളി താളിചിടുന്ന മണം കൂടി ആയാല്‍ വല്ലാത്തൊരു   പ്രജോദനം ആണ്  അതൊന്നു രുചികാന്‍! എന്റെ രുചികളുടെ പട്ടികയില്‍ ഒന്ന് കൂടി..

വേനല്‍കാല സ്കൂള്‍ അവധി സമയത്ത് മാമന്റെ വീട്ടില്‍ കൊയ്ത്കാലം ആണ്. അമ്മാമ്മ കൊച്ചു മക്കള്‍ വരുന്നത് പ്രമാണിച്ച് പലഹാരങ്ങള്‍ ഉണ്ട്ടാക്കുന്ന പതിവുണ്ട്. മുണ്ടും ചട്ടയും  ഉടുത്ത ഒരു ചേടത്തിയാരാണ് അമ്മമ്മയുടെ പലഹാരപ്പണിയിലെ സഹായി. അവലോത്പൊടി , ഉണ്ട, അച്ചപ്പം , കുഴലപ്പം അങ്ങനെ പലതും അവരുടെ കരവിരുതില്‍ പെടും. 
നാവില്‍ ഇന്നും ഞാന്‍ സൂക്ഷിക്കുന്നത് ആ അവലോത്പൊടിയുടെ സ്വാദാണ്. കട്ടഞ്ചായയും  പഞ്ചസാര ചേര്‍ത്ത അവലോത്പൊടിയും !

അങ്ങനെ എത്ര എത്ര  രുചികള്‍.
തേന്‍ന്നിലാവ്, ഉപ്പിലിട്ട ലൂബിക്കായ, അപ്പൂപ്പന്‍ താടി പോലുള്ള വെളുത്ത പഞ്ഞി മിട്ട്ടായി , സോറുക്ക ഇട്ട പൈന്‍ ആപ്പിള്‍, കോളേജിന്റെ അടിവാരത്തെ ചായക്കടയിലെ മുട്ട ബാജി, കൊടുങ്ങല്ലോരെ അമ്പലത്തിലെ പ്രസാദ ഊട്ടു, വയലിന്‍ ക്ലാസ്സിനടുത്ത കല്യാണമണ്ഡപത്തിലെ ക്ഷണിക്കാത്ത കല്യാണത്തിന്റെ പാലട പ്രദമന്‍ , എസ് . എന്‍ പുറത്തെ  അമ്പലമുറ്റത്തെ ചായക്കടയിലെ ഉള്ളിവട, ഹോനെസ്റ്റ്  bakery യിലെ ബ്ലാക്ക്‌ ഫോറെസ്റ്റ്,   ikea യിലെ അഞ്ചു  ദിര്‍ഹത്തിന്റെ  ഷവര്‍മ, അല്‍ ഫവാര്‍ ഇലെ ഫലഫില്‍ , ഗുജറാത്  കാഫ് ടിറിയയിലെ മഞ്ഞ ജിലേബി .........
അങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര രുചി ഭേദങ്ങള്‍. എന്റെ കൊച്ചു കൊച്ചു ഓര്‍മ്മകള്‍.
എന്തൊക്കെ ആയാലും ഞാന്‍ എന്നും ഒരേ വികാരത്തോടെ, ഒരേ രുചിയോടെ കഴിക്കുന്ന ഒരേ ഒരു  കോംബിനെഷന്‍ താഴെ ചെര്കാം. ആര്‍കും എളുപ്പത്തില്‍ പരീക്ഷികാം.
1.bread or bun , toasted with butter
2. potato baked / french fries
3. cheese / fresh cream / mayonise
4.tomato ketchup
ബര്‍ഗര്‍ അല്ലെങ്ങില്‍ ഒരു sandwich എന്ന രീതിയില്‍ പറഞ്ഞതെല്ലാം അടുക്കുക. യദേഷ്ടം ആസ്വദിച്ചു കഴിക്കുക. 
വിശപ്പ്‌ മനുഷ്യന്റെ കൂടെ തന്നെ ഉണ്ട്, അപ്പോള്‍ തീര്ച്ചയായും രുചികളും രുചിപ്പട്ടികകളും.
അതിലൊരു രുചിപട്ടികയില്‍ എണ്ണം കൂട്ടി ഞാനും !


Monday 1 August 2011

നന്ദി

നാളുകള്‍  എത്ര  കഴിഞ്ഞാലും  ചില  ഓര്‍മ്മകള്‍  നമ്മുക്ക്  പുതുമയുള്ളത്  പോലെ  തോന്നാറുണ്ട്.  ഈയിടെ  ഒറ്റയ്ക്ക്  വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ പോയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ്  , അവിടെ നടന്ന ഒരു ഉത്സവദിവസം ഞാന്‍ ഓര്‍ത്തു. 
അമ്പലം എന്ന് പറയുമ്പോള്‍ നൂറില്‍ നൂറ്റൊന്നു മാര്‍ക്കു കൊടുക്കാന്‍ പാകത്തിലുള്ള ഒരു ഗെറ്റ് അപ്പ് എന്ത് കൊണ്ടും ശ്രീനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതിന്നുണ്ട് . മുന്‍പില്‍ തന്നെ വലിയൊരു ആല്‍തറ . അതിനു അഭിമുഖമായി വലിയൊരു അമ്പലക്കുളം. ഓരങ്ങളില്‍ വലിയ ഞാവല്‍ മരങ്ങള്‍. കൃഷ്ണമണി പോലുള്ള ഞാവല്‍ പഴങ്ങള്‍. എവിടെയും അത്ര സ്വാദുള്ള പഴങ്ങള്‍ ഞാന്‍ ഇത് വരെ രുചിച്ചിട്ടില്ല. തൊട്ടടുത്തുള്ള ഉട്ടുപുര. പൂഴി മണല്‍ നിറഞ്ഞ പ്രദേശം. ഉത്സവദിവസങ്ങളില്‍ കലാപരുപാടികള്‍  അരങ്ങേറുന്ന ഒരു സ്റ്റേജ് . സര്‍ഗ എന്ന നൃത്ത വിദ്യാലയം. എന്തുകൊണ്ടും അഭിമാനിക്കാന്‍ വകയുണ്ട്.

പതിവില്ലാതെ ആല്‍ത്തറയില്‍ ഒരു ബലൂണ്‍ വില്പ്പനകാരനെ കണ്ടപ്പോള്‍ ആണ് ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം പെട്ടെന്ന് ഓര്‍ത്തത്‌.

നാല് വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞു ഞാന്‍ നാട്ടില്‍ എത്തിയതാണ്. എട്ടാം തരത്തില്‍ പഠിക്കുന്നു. ഒമാനിലെ  സ്കൂളില്‍ നിന്നും പഠിച്ച ഒരു ശീലം , നാമുടെ നാട്ടില്‍ ഒരു തമാശക്ക് കളമൊരുക്കും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. 
എന്തൊരു  സഹായം നമ്മള്‍ സ്വീകരിച്ചാലും നന്ദിസൂച്ചകമായി "താങ്ക്സ് " എന്ന് പറയാന്‍ പഠിപ്പിച്ചത് ഗ്ലോറി ടീച്ചര്‍ ആണ്. അവരെ ഞാന്‍ എന്നും ഓര്‍ക്കും. ഇംഗ്ലീഷ് എന്ന ഭാഷ എന്നെ ഗള്‍ഫിലെ സ്കൂളില്‍ ആദ്യ ദിവസങ്ങളില്‍ കൊല്ലാക്കൊല ചെയ്തപ്പോള്‍ , ഒരു മാലഘയെ പോലെ എന്നെ കാത്തു രക്ഷിച്ചത്‌  അവരായിരുന്നു. ഗുരു സ്ഥാനത് ഞാന്‍ എന്നും നന്ദിയോടും ഭാഹുമാനതോടും സ്മരിക്കുന്ന ഒരാള്‍ ഗ്ലോറി ടീച്ചര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എങ്കിലും ടീച്ചര്‍ പഠിപ്പിച്ചത് ഒരു പാര ആയതു സംസ്കാരത്തിന്റെ സ്വന്തം മണ്ണായ തൃശൂര്‍ ആണെന്നതില്‍ എനിക്ക് സങ്കടമുണ്ട്.

ഇനി സംഭവത്തിലേക്ക് കടക്കാം.
അമ്പലത്തില്‍ ജനുവരി മാസത്തിലാണ് ഉത്സവം. അധികം തിരക്കൊനും ഇല്ലാത്ത സമാധാനത്തോടു കൂടി നടത്തുന്ന ഒരു ആഴ്ചത്തെ പരുപാടി. ശ്രീനാരായണപുരത്തെ നിവാസികള്‍ മാത്രം പങ്കെടുക്കുന്ന ഒരു ഒത്തുചേരല്‍ . അവസാന ദിവസം മൂന്ന് ആനകളെ നിര്‍ത്തി പള്ളിവേട്ട. തുടര്‍ന്ന് വെടിക്കെട്ട്‌ . അവസാന ദിവസത്തെ പൂരം നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒരിക്കലും പങ്കുചെരാതിരുന്നിട്ടില്ല. പഴയ കൂട്ടുകാരെ കാണാനും നാടുവര്‍ത്തമാനം പറയാനും പറ്റുന്ന അവസരം ഒരിക്കലും ഒഴിവാകാന്‍ പാടില്ലാലോ!

പതിവുപോലെ അന്നും ഉത്സവം കാണാന്‍ വീടുകാരുമായി അമ്പലത്തില്‍ എത്തി. അമ്പലം ദീപാലംകാരങ്ങളും പുഷ്പമാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ഥിരം സ്ഥലമായ ഗോപി ഡോക്ടറുടെ വീടിന്റെ മുന്‍പില്‍ സ്ഥലം പിടിച്ചു. ഉത്സവം കാണുകയും, ഐസ് നുണയുകയും കൂട്ട്കാരികളും ആയി കത്തി വെക്കലും തകൃതിയായി നടന്നു. ബലൂണ്‍ വില്‍പ്പനക്കാര്‍ , വള വില്പ്പനക്കാര്‍ ,ഐസ് വില്‍പ്പനക്കാര്‍, പൊരി വില്‍പ്പനക്കാര്‍  അത് വാങ്ങാന്‍ വാശി പിടിക്കുന്ന കുട്ടികള്‍, ചെണ്ടകളുടെ താളം , വായുവില്‍ നിറയുന്ന പൊടി , ഇതൊന്നും കൂസാതെ നില്‍ക്കുന്ന കരിവീരന്മാര്‍ സ്വസ്ഥമായി തെങ്ങിന്‍പട്ട ചവച്ചു വാലാട്ടി, ചെവി ആട്ടി, അങ്ങിന്നെ നില്‍ക്കുനത് എല്ലാം ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞു. 
അപ്പോഴേക്കും അച്ഛന്‍ വന്നു. എന്നോടായി ചോദിച്ചു , "എന്തെങ്കിലും വാങ്ങിക്കണോ ?"  
"മതുരസേവ , പിന്നെ ഒരു ബലൂണും " , ഞാന്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു. അപ്പോഴേക്കും അമ്മ പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരാത്തത് പോലെ , ആവര്‍ത്തന വിരസത എന്തെന്ന് തീരെ അറിയാത്തത് പോലെ , കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാവില്‍ നിന്നും കാറ്‌  നിറയേ ബലൂണ്‍ വാങ്ങിയ കഥ വീണ്ടും പറഞ്ഞു. ബലൂണ്‍കളോട് എനിക്ക് വലിയ ഇഷ്ടമാണ് . പല തരത്തിലുള്ള ബലൂണുകള്‍ വാങ്ങിക്കുമായിരുന്നു കുഞായിരുന്നപോള്‍. കപ്പല്‍ പള്ളിയില്‍ പെരുന്നാള്‍ കാണാന്‍ പോയി , വാങ്ങിയ ബലൂണ്‍ ബസിന്റെ പൊട്ടിയ ചില്ലിനുള്ളില്‍ കൂടി പറന്നു പോയപ്പോള്‍ വീടെത്തുന്ന വരെ കരഞ്ഞ പുള്ളി ആണ് ഞാന്‍. പല വര്‍ണങ്ങളില്‍ , പല രൂപങ്ങളില്‍ , കാറ്റ് നിറച്ച റബ്ബര്‍ പാടകള്‍, പൊട്ടിപോകാം അല്ലെങ്ങില്‍ ചുങ്ങിപ്പോകാം. 
അങ്ങനെ അന്നും അച്ഛന്‍ ബലൂണ്‍ കാരനെ കണ്ടപ്പോള്‍ നടത്തത്തിനു ഫുള്‍സ്റ്റോപ്പ്‌  ഇട്ടു . " ഇഷ്ടമുള്ള ബലൂണ്‍ പറയു " , തലയില്‍ ഒരു തോര്‍ത്തുമുണ്ട് കെട്ടിയ അയാള്‍ എന്നോടായി പറഞ്ഞു. നീല നിറത്തിലുള്ള ഒരു മുഷിഞ്ഞ വേഷക്കാരന്‍. തീരെ മെലിഞ്ഞിട്ടാണ്. വലതു കയ്യില്‍ ഒരു സൈക്കിള്‍ പമ്പ്‌ ഉണ്ട് . അത് കൊണ്ടാണ് അയാള്‍ ബലൂണ്‍ നിറക്കുന്നത് . കല്യാണിന്റെ ഷോറൂം ഒന്നും അല്ലല്ലോ ഇത്ര തിരഞ്ഞു ബുദ്ധിമുട്ടാന്‍ , ആകെ കുറച്ചു മത്തങ്ങാ ബലൂണ്‍ ഉണ്ട് , അത്ര തന്നെ. ഞാന്‍ ഒരു ചുമന്ന ബലൂണ്‍ ചൂണ്ടി കാണിച്ചു . വളരെ ലാഘവത്തോടെ അയാള്‍ അത് എലാസ്ടിക് നൂലോടു കൂടി പൊട്ടിച്ചു , എന്റെ കയ്യില്‍ തന്നു. " അഞ്ചു രൂപ " , അച്ഛനോടായി പറഞ്ഞു.
ബലൂണ്‍ കിട്ടിയതിനു നന്ദിസൂചകമായി ഞാന്‍ അയാളോടായി പറഞ്ഞു " താങ്ക്സ്"!
എന്തോ ചീത്ത പറഞ്ഞപോലെ അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കൂടെ  "എന്ത്" എന്നൊരു  മറുചോദ്യവും.
ആദ്യമായാണ് താങ്ക്സ് എന്ന് പറഞ്ഞതിന്നു ഇത്രയും രൂക്ഷമായ പ്രതികരണം എനിക്ക് ഉണ്ടാകുന്നത്. 
അച്ഛന്നും , കൂടെ ഉണ്ടായിരുന്ന വീടുകരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു. നാടിന്പുറത്തു കാരനോട് നന്ദി എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം പറഞ്ഞതിന്നു ഞാന്‍ ആകെ ചമ്മിപ്പോയി. ബലൂണ്‍ കാരനും കാര്യം പിടികിട്ടി. അയാളുടെ മുഖത്തെ ജാള്യത മറയ്ക്കാന്‍  അയാള്‍ ദ്രിതിയില്‍  അടുത്ത കസ്റ്റമര്‍ലേക്ക്  തിരിഞ്ഞു.
വീടെത്തുന്ന വരെ കൂടെയുണ്ടായിരുന്നവര്‍  എന്നെ ഇത് പറഞ്ഞു കളിയാകി കൊണ്ടേ ഇരുന്നു. അപ്പോഴും ഞാന്‍ ആലോചിച്ചത് ആ ബലൂണ്‍ കാരനെ കുറിച്ചായിരുന്നു...

 

Sunday 31 July 2011

ട്രാഫിക്‌

അധികം നാളുകള്‍ ആയില്ല എനിക്ക് ദുബായ് ഹുമാനിടര്യന്‍ സിറ്റി യില്‍ ജോലി ലഭിച്ചിട്ട് .
UNO യുടെ WFP ( വേള്‍ഡ് ഫുഡ്‌ പ്രോഗ്രാം) എന്നാ സ്ഥാപനത്തിലാണ് contract അടിസ്ഥാനത്തില്‍ എനിക്ക് ജോലി. വളരെ കുറച്ചു ദിവസമേ ഞാന്‍ അവിടെ ജോലി ചെയ്യാന്‍ സാദ്യത ഉള്ളു , എങ്കില്ലും അഹങ്കാരത്തിന് തീരെ കുറവൊന്നുമില്ല.  ചോദിക്കുന്നവരോടൊക്കെ ജാഡ തീരെ കുറക്കാതെ UNO എന്ന് പറഞ്ഞു ഷൈന്‍ ചെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദിച്ചു.

ലോകത്തില്‍ വെച്ച്  ഏറ്റവും ഉയരം കുടിയ നിര്‍മിതി എന്ന ഭാഹുമതി നേടിയ ബുര്‍ജ് ഖലിഫ , ദുബായ് കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കാണാറുള്ള, ഒരു കൊച്ചു സമുദ്രം തന്നെ സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കി വെച്ച ദുബായ് മാല്‍ , ദുബൈയുടെ മുഖമുദ്ര ആയ ശെഇക് സയെദ് റോഡ്‌ , ഇതെല്ലം മാര്‍ഗദര്‍ശനത്തിനു ഉണ്ടായിരുന്നിട്ടും ഒരു ടാക്സി പോലും ഹുമാനിടര്യന്‍ സിറ്റി അറിയില്ല എന്ന് മാത്രമല്ല വഴി തെറ്റി പോയി ചുരുങ്ങിയത് എന്നെ 30 മിനിറ്റ് ദേഷ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സഹികെട്ട്  ഒരു കാര്‍ ലിഫ്റ്റ്‌  തരപ്പെടുത്തി.

അങ്ങനെ എന്റെ കാത്തിരിപ്പിന് അവസാനമാകാന്‍ പോകുന്നു എന്ന സന്തോഷത്തോടുകൂടി ആദ്യ ദിവസം ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. എന്റെ ഫോണ്‍ ബെല്ലടിച്ചു. ഹോ ! കാര്‍ ഡ്രൈവര്‍ ! എന്തൊരു കൃത്യനിഷ്ഠ , പറഞ്ഞ സമയത്ത് തന്നെ വന്നിരിക്കുന്നു. എന്നെ ഗേറ്റില്‍ പ്രതീക്ഷിച്ചു നില്‍ക്കയയിരിക്കും. ഞാന്‍ ദ്രിതിയില്‍ ഫോണ്‍ എടുത്തു. 

ദുബൈയില്‍ കാര്‍ ലിഫ്റ്റ്‌ ഡ്രൈവര്‍ മാര്‍  മിക്കവാറും പാകിസ്ഥാനികള്‍ ആയിരിക്കും. അവര്‍ക്കനെങ്കില്‍ ഇംഗ്ലീഷ് വലിയ വശമുണ്ടാകില്ല. സംസാരം മുഴുവന്‍ ഹിന്ദി ആയിരിക്കും.
ഫോണില്‍ കേട്ട സ്വരത്തോടു ഞാന്‍ ചോദിച്ചു , "കഹാം ഹെ" ?
ഓഫീസ് ഗേറ്റില്‍ ഉണ്ട് , അയാള്‍  ഹിന്ദിയില്‍  പറഞു. 
ഹിന്ദി സിനിമ കണ്ടു പഠിച്ച കുറച്ചു ഹിന്ദി മാത്രമാണ് എന്റെ കൈമുതല്‍. അധികം സംസാരിക്കേണ്ടി വന്നാല്‍ പണി പാളും.
ഗേറിലെക്ക്  ഞാന്‍ ആ പൊള്ളുന്ന വെയിലത്ത്‌ നടന്നു. എങ്കിലും മനസ് നിറയെ സന്തോഷമായിരുന്നു. നേരത്തെ വീട്ടില്‍ എത്താം. പുട്ടും കടലയും ഉണ്ടാകാം. നേരത്തെ ഓണ്‍ലൈന്‍ ചാറ്റില്‍ കയറാം. അമ്മയോടും ചിടുവിനോടും വവാചിയോടും കത്തി വെക്കാം. നേരത്തെ ഉറങ്ങാം . അങ്ങിനെ മോഹങ്ങളുടെ ചീടുകൊട്ടരം പടുത്തുയര്‍ത്തി ഞാന്‍ കാറില്‍ കയറി. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന ബിസിനസ്‌  ബേ റോഡില്‍ കൂടെ കാര്‍ അങ്ങിനെ നീങ്ങി കൊണ്ടിരുന്നു. ഞാന്‍ സമയം നോക്കി. 5.10 pm. കൂടി വന്നാല്‍ 1 മണിക്കൂര്‍ , അത്രയേ എടുക്കു ഷാര്‍ജ  എത്താന്‍ , ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. എങ്ങനെ പോയാലും ഞാന്‍ 6 .30 വീട്ടില്‍ !
പെട്ടെന്നാണ്  നേരെ പോകേണ്ടിയിരുന്ന കാര്‍ ഫെസ്ടിവല്‍ സിറ്റി വഴി കാരാമ ലക്ഷ്യമാക്കിയുള്ള  റോഡിലുടെ നീങ്ങാന്‍ തുടങ്ങിയത്. ചെറിയ ഒരു ഭയം എന്നെ പിടികൂടാന്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം. ഡ്രൈവറോട്  വിശദമായി ചോദിക്കണമെങ്കില്‍ ഭാഷ വശമില്ല താനും. ഒരു 5 മിന്ട്ടിന്റെ തയ്യാറെടുപ്പിന് ശേഷം , ദൈര്യം സങ്കടിപ്പിച്ചു ഞാന്‍ ചോദിച്ചു ഹിന്ദിയില്‍ , എങ്ങോട്ടാണ്  പോകുന്നത്? എനിക്ക് ഷാര്‍ജയില്‍ ആയിരുന്നു പോകേണ്ടത്.


എന്റെ പരിഭ്രാന്ധി മനസ്സിലാക്കിയ ഡ്രൈവര്‍ , ചെറുതായൊന്നു ചിരിച്ചു. " എനിക്ക് കരാമയില്‍ രണ്ടു കസ്റ്റമേഴ്സ് കൂടി ഉണ്ട്. അവരെ എടുക്കണം " . മറുപടി എനിക്ക് ആശ്വാസമായി.
ദുബായ് എന്ന നഗരം അഞ്ചു മണി മുതല്‍ ഗതാഗത കുരുക്കകുളുടെ ഒരു മഹാ സംഭവമാണെന്ന് എനിക്ക് അറിയാം. ഞാന്‍  ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ലാത്ത കുറെ വഴികളിലൂടെ അയാള്‍ കാര്‍ ഓടിച്ചു. സിഗ്നലുകലായ സിഗ്നലുകള്‍ എല്ലാം അയാള്‍ തൊട്ടു തൊട്ടു , എങ്ങിനെയൊക്കെയോ കരാമയില്‍ എത്തി. രണ്ടു സ്ത്രീകള്‍ കൂടി കാറില്‍ കയറി. സമയം അപ്പോള്‍ കൃത്യം 6.


എന്റെ ക്ഷമ നശിച്ചുകൊണ്ടേ ഇരുന്നു. al mulla plaza തൊട്ടു ഷാര്‍ജ  വരെ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്‌  ആണ് ഈ സമയത്ത്. നാല്  കിലോമീറ്റര്‍ ദൂരം നാല്‍പ്പതു മിനുട്ട്  കൊണ്ട് സഞ്ചരിച്ചാല്‍ എനിക്ക് മാത്രമല്ല, സാക്ഷാല്‍ ശ്രീബുദ്ധന്റെ ക്ഷമ പോലും നശിക്കും.  ദുബായില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ജനങ്ങളും ഷാര്‍ജയില്‍ താമസിക്കുന്നവരാണ് . ഇവരെല്ലാവരും ഓരോ കാര്‍ എടുത്തു ഈ റോഡില്‍ ഇറങ്ങിയാല്‍ എന്ത് ചെയ്യും. ആടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായ എന്ന പോലെ ആണ് ഷാര്‍ജ പോലീസ് . ഈ ട്രാഫിക്കില്‍ ആരാണ് ട്രാക്ക് മാരുനത് എന്ന് നോക്കി ഫൈന്‍ എഴുതാന്‍ അവര്‍ തക്കം പാര്‍ത്തു ചിലയിടങ്ങളില്‍ കുറ്റി അടിചിരിക്കുന്നുണ്ടാകും.


ഇഴഞ്ഞു നീങ്ങുന്ന ഒച്ചുകളെ പോലെ ഒരു പാട് കാറുകള്‍ . എന്നെ പോലെ തന്നെ വീട്ടില്‍ എത്താന്‍ തിടുക്കമുള്ള ഒരുപാട് യാത്രികര്‍. ഡേ കെയര്‍ സെന്റെറില്‍ കുട്ടികളെ ആകി പോകുന്ന അമ്മമാരില്‍ ഒരാള്‍ എന്റെ കാറില്‍ ഉണ്ട്. അവരുടെ വേവലാതികള്‍ കേട്ടപോള്‍ എന്റെ ചീട്ടുകൊടാരം തകര്‍ന്നു വീണതില്‍ എനിക്ക് വിഷമം തോന്നിയില്ല. രണ്ടു വയസ്സ് പ്രായമുള്ള മകള്‍ തന്നെ കാണാതെ കരയുന്നുണ്ടാവും എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. കുഞായിരുന്നപോള്‍ അമ്മ തയ്യല്‍ ക്ലാസ്സില്‍ പോയിരുന്ന ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ പെട്ടെന്നു വന്നു. അമ്മയെ കാണാതെ ഞാന്‍ കരഞ്ഞിരുന്നതും.


സമയം 6 .50 . ഫോണ്‍ ബെല്ലടിക്കുന്നു. നേരം വൈകും തോറും വീട്ടില്‍ എത്താന്‍ താമസിക്കുന്ന മകളെ ഓര്‍ത്തു വേവലാതിപ്പെടുന്ന എന്റെ അച്ഛനാണ് ഫോണിന്റെ മരുതലയില്‍. നേരം വൈകുന്നതില്‍ അച്ഛന്റെ ദേഷ്യം സ്വരത്തില്‍ വ്യക്തം. "ഇന്നും ഞാന്‍ വൈകും എത്താന്‍ " , അച്ഛനോട് പറഞ്ഞു ഫോണ്‍ വെച്ചു. ഒരു ദീര്‍ഘനിശ്വാസം വിട്ടു ഞാന്‍ വീണ്ടും ഒച്ചുകളെ പ്പോലെ നീങ്ങുന്ന വണ്ടികളെ നോക്കി ഇരുന്നു , ഷാര്‍ജ എത്തുന്നത് വരെ ...