Wednesday 5 September 2012

മേഘസഞ്ചാരം

യാത്രകള്‍ എന്നും എനിക്ക് പ്രിയങ്കരമാണ് . ഈ അടുത്തിടെ വിസ പുതുക്കല്‍ എന്നൊരു ദൌത്യവുമായി ഞാന്‍ യു . എ . ഇ സന്ദര്‍ശിച്ചിരുന്നു. എണ്ണിച്ചുട്ട അപ്പം പോലെ വീണുകിട്ടിയ ഒരു പിടി അവധി ദിനങ്ങളുമായി ഞാന്‍ ആഗസ്റ്റ്‌  ആദ്യ ആഴ്ച തന്നെ പുറപ്പെട്ടു. കൃത്യമായി പറയുകയാണെങ്കില്‍ അതെന്റെ പതിനാലാം അന്താരാഷ്ട്ര  വിമാനയാത്ര ആയിരിക്കണം. ഇതില്‍ ഭൂരിഭാഗം യാത്രകളും എയര്‍ ഇന്ത്യ വിമാനത്തില്‍ എകോനോമി ക്ലാസ്സില്‍ ആയിരുന്നു. നാല് മണിക്കൂര്‍ യാത്ര , 1732 മൈലുകള്‍.. ഒരു സിനിമ കണ്ടു എയര്‍ ഇന്ത്യ വിളമ്പുന്ന ലഖു ഭക്ഷണം (പലപ്പോഴും എനിക്കത് ഹെവി ഭക്ഷണം )കഴിച്ചു രണ്ടു തവണ lavatory സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ ഷാര്‍ജയില്‍ ഇറങ്ങാറായി. യാത്രയില്‍ ഞാന്‍ ആകെ കയ്യില്‍ കരുതുന്നത് എന്റെ മാക് ബുക്ക്‌ , ഹെഡ്  സെറ്റ് , പിന്നെ തീര്‍ച്ചയായും പാസ്പോര്‍ട്ട്‌  , ചെക്ക്‌ ഇന്‍ കഴിഞ്ഞു എന്റെ കയ്യില്‍ കിട്ടുന്ന ബോര്‍ഡിംഗ് പാസ്‌. ഇതൊരു റുടീന്‍ പോലെ യാത്രകളില്‍ എല്ലാം ഞാന്‍ പാലിച്ചു പോന്നു.
 

മടക്ക യാത്രക്കുള്ള സമയം അടുത്തപ്പോഴാണ് ടിക്കറ്റ്‌ നിരക്കുകള്‍ ചികയാന്‍ തുടങ്ങിയത്.
പോയതിലും ഇരട്ടി ചാര്‍ജ് തിരിച്ചു വരാന്‍!!
എയര്‍ ഇന്ത്യ ആളുകളെ പിഴിയുന്ന മാസമാണ് ഓഗസ്റ്റ്‌ - സെപ്റ്റംബര്‍. ടിക്കറ്റ്‌  ചാര്‍ജ്  സ്വര്‍ണ വിലയേക്കാള്‍ വേഗത്തില്‍ കുതിക്കുന്നത് കണ്ടു ഞാന്‍ അന്തം വിട്ടിരുന്നു. ഷാര്‍ജയില്‍ സ്കൂള്‍ അവധികള്‍ തുടങ്ങുന്ന മാസം , റമദാന്‍ , ഓണം  അങ്ങനെ എല്ലാ പൊല്ലാപ്പുകളും ഒരുമിച്ചു ടിക്കറ്റ്‌  പോലും കിട്ടാനില്ലാത്ത അവസ്ഥ. 
ക്ലിയര്‍ ട്രിപ്പ്‌ , മേക് മൈ ട്രിപ്പ്‌ അങ്ങനെ ഞാന്‍ പരതാന്‍ ഭാക്കി ഒന്നും ഇല്ല.
കൂടുതലും കണക്ഷന്‍ ഫ്ലൈറ്റ്കള്‍. 19 മുതല്‍ 25 മണിക്കൂര്‍ എടുത്തു കൊച്ചിയില്‍ എത്തുന്നവ. ഷാര്‍ജയില്‍ നിന്നും ഡല്‍ഹി, അവിടുന്ന്  ചെന്നൈ , അവസാനം കൊച്ചി!
കാര്യം യാത്ര എനിക്കിഷ്ടം തന്നെ , എങ്കിലും കൊച്ചിയില്‍ എത്രയും പെട്ടെന്ന് എത്തുക എന്നതൊരു ആവശ്യമായി അവശേഷിക്കുനിടത്തോളം കാലം എനിക്ക് കണക്ഷന്‍ എടുക്കാന്‍ നിര്‍വാഹമില്ല.

അങ്ങനെ മനസില്ല മനസോടെ അച്ഛന്‍ മുന്നോട്ടു വെച്ച നിര്‍ദേശം സ്വീകരിക്കുകയായിരുന്നു.
എയര്‍ അറേബ്യ - ഷാര്‍ജ ടു കൊച്ചി - ചൊവ്വാഴ്ച -1.10 pm ഷാര്‍ജ സമയം 
"എയര്‍ അറേബ്യ എങ്കില്‍ എയര്‍ അറേബ്യ " - എങ്ങനെയും കൊച്ചിയില്‍ സമയത്തിന് എത്തിയാല്‍ മതി !!
തെല്ലു വിഷമത്തോടെയാണ് ഞാന്‍ അത് പറഞ്ഞത്.
ടിക്കറ്റ്‌ ചാര്‍ജിനു പുറമെ ബാഗ്ഗജ് ചാര്‍ജ് എക്സ്ട്രാ അടച്ചു.
"എയര്‍ ഇന്ത്യ ആയിരുന്നെങ്ങില്‍ ബാഗ്ഗജ് ചാര്‍ജ് വേണ്ടായിരുന്നു !" - അച്ഛന്റെ തീരുമാനം തെറ്റാണു എന്ന് കാണിക്കാന്‍ എന്റെ ഒരു ചെറിയ ശ്രമം.
എങ്കിലും അച്ഛന് ന്യായങ്ങള്‍ ഏറെ! ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അവിവാഹിത ആയ പെണ്‍കുട്ടി , കണക്ഷന്‍ ഫ്ലൈറ്റ്ഇല്‍ പോകാന്‍ കഴിയില്ല, രാത്രി യാത്ര നന്നല്ല അങ്ങനെ ഒരു മാതിരി കഷായത്തിന്റെ കുറിപ്പെഴുതുന്ന പോലെ ഒരു നീളമുള്ള ലിസ്റ്റ്.
അങ്ങനെ പ്രതിശ്രുത ദിവസം വന്നെത്തി! ഞാന്‍ ചെക്ക്‌ ഇന്‍ ചെയ്തു. ഇമ്മിഗ്രറേന്‍ കഴിഞ്ഞു. ഡ്യൂട്ടി ഫ്രീയില്‍ കയറി കുറച്ചു ചോക്ലേറ്റ്  വാങ്ങി. ഗേറ്റ്ഇല്‍ കാത്തിരിപ്പു തുടങ്ങി. യാത്രക്കാര്‍ പലരും ഭക്ഷണം വാങ്ങുന്നത് ഞാന്‍ ശ്രെധിച്ചു. കാരണം മറ്റൊന്നല്ല , എയര്‍ അറേബ്യ ഭക്ഷണം കൊടുക്കാറില്ല !! വേണമെങ്ങില്‍ 15 AED മുതല്‍ വിലയുള്ള ഭക്ഷണം വിമാനത്തില്‍ നിന്നും വാങ്ങവുന്നതാണ്. പച്ച വെള്ളത്തിന്‌ പോലും കാശ്  :D

20 മിനിറ്റ് കാത്തിരിപ്പിനു ശേഷം ബോര്‍ഡ്‌ ചെയ്തു. വിമാനയത്രകാര്‍ക്ക് വേണ്ടി സാധാരണയായി കൊടുക്കുന്ന സുരക്ഷ നിര്‍ദേശങ്ങള്‍ ഈ വിമാനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ കാര്‍ട്ടൂണ്‍ പോലെ തോന്നി.
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ സമയത്ത് ഒരു ചെറിയ പ്രാര്‍ത്ഥന. അറബിയില്‍ ആയതു കൊണ്ട് ഒരു സംഗീത അസ്വാതക ആകാനെ എനിക്ക് കഴിഞ്ഞുള്ളൂ.
പറന്നു പൊങ്ങി കുറച്ച കഴിഞ്ഞപ്പോള്‍ തണുപ്പ് കൂടുന്നുണ്ടോ എന്നൊരു തോന്നല്‍. ഉടന്‍ തന്നെ ഞാന്‍ ഒരു എയര്‍ ഹോസറെസ്സ് നെ സമീപിച്ചു. ആവശ്യം ഉന്നയിച്ചു - ഒരു കമ്പിളി പുതപ്പ്!!
അവരുടെ സഹായഹസ്തങ്ങള്‍ എനിക്ക് നേരെ ഒരു കംബിളിപുതപ്പുമായി നീങ്ങി. കൂടെ ഒരു വിലവിവരം കുറിച്ച കടലാസും !!
എയര്‍ ഇന്ത്യയില്‍ ഞാന്‍ 2 കമ്പിളി പുതച്ചാണ് ഷാര്‍ജയില്‍ പോയത് . എനിക്ക് ചുട്ടു പൊള്ളുന്ന പനി ആയിരുന്നു. കുടിക്കാന്‍ ചൂട് വെള്ളം പ്രത്യേകം കൊണ്ടു വന്നിരുന്നു സ്നേഹനിധിയായ ഒരു ഇന്ത്യക്കാരി എയര്‍ ഹോസറെസ്സ്. അതൊക്കെ എയര്‍ ഇന്ത്യയില്‍ !! ഇത് എയര്‍ അറേബ്യ ആണ് മോളെ , എയര്‍ അറേബ്യ !!
ശ്വസിക്കുന്ന വായുവിനു പോലും വില പറയാന്‍ മടിക്കാത്തവര്‍.
അറുത്ത കൈക്ക് ഉപ്പു തെക്കാത്തവര്‍.

യാത്രക്കാര്‍ പലരും വിവിധ തരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.
അല്പസമയത്തിനുള്ളില്‍ വിമാനം മൊത്തത്തില്‍ വിവിധ ഭക്ഷങ്ങളുടെ ഗന്ധതാല്‍ അസഹനീയമായി തോന്നി!
വാങ്ങിയ ചോക്ലേറ്റ് പെട്ടികളില്‍ നിന്നും ഒരു kitkat പൊളിച്ചു ഞാന്‍ അലസമായി നുണഞ്ഞുകൊണ്ടിരുന്നു.
കണ്ടു കൊണ്ടിരുന്ന ഇറാനിയന്‍ സിനിമയില്‍ സഹയാത്രികര്‍ക്ക് താല്പര്യമുണ്ട് എന്നറിഞ്ഞപ്പോള്‍ മാക് ബുക്ക്‌ സ്ക്രീന്‍ അവര്‍ക്ക് കൂടി കാണത്തക്ക രീതിയില്‍ തിരിച്ചു വെച്ചു.
3 മണിക്കൂര്‍ പോയതറിഞ്ഞില്ല. ഒരല്പസമയം ജനലിലൂടെ താഴോട്ട് നോക്കി. അറേബ്യന്‍ കടല്‍ കഴിഞ്ഞു കൊച്ചി ഒരു പച്ച പുതപ്പു പോലെ ദൂരെ കാണാം. ഒരുപാട് തവണ ഞാന്‍ നെടുംബാശേരിയില്‍ വിമാനം ഇറങ്ങിയിട്ടുണ്ട് . എങ്കിലും ഇത്ര സുന്ദരിയായ കൊച്ചിയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു ഞാന്‍ എയര്‍ അറേബ്യയോട് എന്നും കടപ്പെട്ടവളആയിരിക്കും!
ഒരു കടം കൂടി ഉണ്ട് :)
പഞ്ഞിക്കെട്ട് പോലെ മാനം നിറയെ തെന്നി തെന്നി എങ്ങോട്ടെന്നില്ലതെ ഒഴുകുന്ന മേഘങ്ങള്‍. കൊച്ചു കുട്ടി ആയിരുന്നപോള്‍ എന്റെ മനസിനെ ഒരുപാട് മോഹിപ്പിച്ചവ. കൈ എത്തുന്ന ദൂരത്തെങ്കില്‍  തീര്‍ച്ച ഞാന്‍ ഒന്ന് സ്വന്തമാക്കിയേനെ ..  " I wish i could float on a cloud " - ആഗ്രഹങ്ങളുടെ തീരാത്ത പട്ടികയില്‍ അതാ ഒന്ന് കൂടി!

മേഘാവൃതമായ ആകാശം അന്നൊരു മഴക്കുള്ള ഒരുക്കത്തില്‍ ആയിരിക്കണം. പഞ്ഞി വിരിച്ച പോലെ മേഘങ്ങള്‍. പതിയെ പതിയെ വിമാനം താഴ്‌ന്നു പറക്കാന്‍ തുടങ്ങി.
ഞാന്‍ അതാ ഒരു മേഘത്തിലൂടെ ഊളിയിട്ടു പറക്കുന്നു. വെള്ള മൂടിയ ജനലുകള്‍ വെറും നൈമിഷികങ്ങള്‍ ആക്കികൊണ്ട്  വീണ്ടും വെളിച്ചത്തിലേക്ക്.
ഈ ജനല്‍ പാളികള്‍ ഒന്നു തുറന്നെങ്ങില്‍..
ഞാന്‍ അവയെ ഒന്ന് തോട്ടെങ്കില്‍... :(






Saturday 21 April 2012

റോമന്‍ ഹോളിഡേ

Childe Harold's Pilgrimage  എന്ന പദ്യത്തില്‍ നിന്ന് കടമെടുത്തതാണ്  "റോമന്‍ ഹോളിഡേ" എന്ന ഈ പ്രയോഗം. പുരാതന റോമക്കാര്‍ ഗ്ലാടിയെറ്ററെ "അറുത്തു" അവധി ഉണ്ടാക്കുകയും കാണികള്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഒരു ക്രൂര വിനോദത്തിന്റെ ഓമന പേര് !   
ഇത് ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്നതാണ് ചോദ്യമെങ്കില്‍ , ഇന്ന് ഞാന്‍ കാണാനിടയായ ഒരു സന്ദര്‍ഭമാണ് എന്നെ ഇത് കുറിക്കാന്‍ പ്രേരിപ്പിക്കുന്നത്. സന്ദര്‍ഭം മറ്റൊന്നല്ല! ഇന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ ഭുകംബത്തിന്റെ ബാക്കി പത്രം എന്ന പോലെ കൊച്ചിയില്‍ ഉണ്ടായ രിട്ചെര്‍ സ്കയില്‍ ഒന്ന് അനക്കാന്‍ പോലും ശേഷി ഇല്ലാത്ത ഒരു കൊച്ചു ഭൂകമ്പം ഉണ്ടാക്കിയ ആഹ്ലാദ തിരകള്‍ ആണ്.
ചെറിയ ഒരു കുലുക്കം അനുഭവപ്പെട്ടു എന്നത് സത്യമാണ്. കച്ചേരിപ്പടിയില്‍ അത്ര ശക്തമായ ചലനങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ കൊച്ചിയുടെ മറ്റു പല സ്ഥലങ്ങളിലും കാര്യമായ ഭൂചലനം ഉണ്ടായി എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സുനാമി അലര്‍ട്ടുകള്‍ ഒന്നൊന്നായി കിട്ടികൊണ്ടിരുന്നു. നാശ നഷ്ടങ്ങളുടെ പട്ടികകള്‍ വന്നു കൊണ്ടിരുന്നു. എന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ഞാന്‍ പലരുടെയും മുഖത്ത് കണ്ടത്. ചിലര്‍ കൈ കൊട്ടി ചിരിക്കുന്നു. ചിലര്‍ സുഹൃത്തുക്കളെ വിളിക്കുന്നു. പരസ്പരം നാശനഷ്ടങ്ങളുടെ പട്ടികകള്‍ എണ്ണം പറഞ്ഞു സന്തോഷിക്കുന്നു. ആകെ ഒരു ഒച്ചപ്പാടും ബഹളവും! 
ഞാന്‍ എത്തിയത് തീരെ സഹസ്തപ്പിക്കാന്‍ ശേഷി ഇല്ലാത്ത ഒരു പറ്റം മനുഷ്യരുടെ ഇടയിലാണോ ? കേരളം സത്യത്തില്‍ ഇത്തരം മനുഷ്യരെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് തന്നെ പറയണം. ഹര്‍ത്താല്‍ ദിവസങ്ങള്‍ ഇത് പോലെ ഒരു റോമന്‍ ഹോളിഡെ തന്നെ ആണ്. ബുദ്ധിമുട്ടുകള്‍ പങ്കു വെക്കുവാനോ സങ്കടങ്ങള്‍ കേള്‍ക്കണോ ഒരുമിച്ചു സഹതാപ്പിക്കാനോ ഇന്ന് ആരും തയ്യാറല്ല. മലയാളികളില്‍ ഈ ഒരു സ്വഭാവ വിശേഷം വളരെ പ്രകടമായി കാണാറുണ്ട്. "തൊഴുത്തില്‍ കുത്ത് " എന്ന പ്രയോഗം മലയാളിയെ മാത്രം ഉദ്ദേശിച്ചു ഉണ്ടാക്കിയതാണ് എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് . പുറം നാടുകളില്‍ പോയാല്‍ ഇത് വളരെ  വെക്തമായി അനുഭവിച്ചറിയാം.
അടുത്തിടെ ഫേസ് ബുക്കില്‍ പ്രചരിച്ച ഒരു ചെറിയ സംഭാഷണ ശകലം ഇങ്ങനെ:
കറന്റ്‌ പോയാല്‍ ?
ജപ്പാന്‍കാര്‍ : ഫ്യൂസ് പോയോ എന്ന് നോക്കും
അമേരിക്കകാര്‍ : കറന്റ് ഓഫീസിലേക്ക് ഫോണ്‍ ചെയ്യും
എന്നാല്‍ മലയാളി തൊട്ടപ്പുറത്തെ വീട്ടില്‍ എത്തി നോക്കും . എന്നിട് ആശ്വസിക്കും.. അവര്‍ക്കും കറന്റില്ല!

ഞാന്‍ ഒരു സിറിയന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് സിറിയയില്‍ കലാപം പൊട്ടിപുറപ്പെട്ടത്‌ . എന്റെ സഹപ്രവര്‍ത്തകരില്‍ പലരുടെയും വീടുകള്‍ തകര്‍ക്കപെട്ടു . അവരുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.
അവരുടെ ദുഖത്തില്‍ പങ്കു ചേരാനും പരമാവധി ജോലി സാഹചര്യങ്ങളും അന്തരീക്ഷവും അവരുടെ മാനസീകാവസ്ഥ മനസിലാക്കി സജീകരിക്കാനും പ്രത്യേകം ശ്രെധിച്ചു പോന്നു. ഇന്ത്യ എന്ന മഹാരാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരേ ഒരാള്‍ ആ ഓഫീസില്‍ ഞാന്‍ ആയതുകൊണ്ട് , ഇന്ത്യക്ക്  അതിലുപരി മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഞാന്‍ കാരണം ഒരു വക ചീത്തപേരും ഉണ്ടാവാതിരിക്കാന്‍ ഞാനും ശ്രെധിച്ചു.
സിറിയയില്‍ എന്റെ ഉറ്റവരോ ഉടയവരോ ഒന്നും ഇല്ല. ആ നാട് കത്തി ചാംബലായാല്‍ പോലും ഒരു പക്ഷെ എന്നെ അത് ഒരു രീതിയിലും ബാധികില്ലയിരിക്കാം. അതിലും ഉപരി എന്നെ ദിവസവും ചുരുങ്ങിയത് രണ്ടു മണി ക്കുറെങ്കിലും ഓവര്‍ ടൈം ജോലി ചെയ്യിപ്പിക്കുന്ന എന്റെ മെന്ടരുടെ നാടും വീടും എല്ലാം കത്തി ചാംബാലായിക്കൊണ്ടിരിക്കയാണ്.
എത്ര ദിവസങ്ങളില്‍ ബസ്‌ കിട്ടാതെ ഞാന്‍ വീട്ടിലെത്താന്‍ പാട്പെട്ടു!
തന്റെതല്ലാത്ത കാരണത്തിന് വഴക്ക് കേട്ടു!
മാസങ്ങളോളം സാലറി ഇല്ലാതെ ജോലി ചെയ്തു!
എല്ലാം ഈ സിറിയക്കാര്‍ കാരണം!
എനിക്ക് സത്യത്തില്‍ കൈ കൊട്ടി ചിരിക്കാനുള്ള വകുപ്പുണ്ട് .
എന്നിട്ടും ഞാന്‍ സഹതപിച്ചു ..
മനസ്സില്‍ തൊട്ടു പറഞ്ഞു... "ദൈവമെ... സിറിയ എത്രയും പെട്ടെന്ന്  സ്വതന്ത്രയാവണെ.."
അനസ്  ഉണ്ടാക്കിയ ഫേസ് ബുക്ക്‌  പേജില്‍ ഞാനും കുറിച്ചു ........" yella  Syria "
 

Saturday 31 March 2012

പാലക്കാടന്‍ പെണ്‍കൊടി

ഖസാകിന്റെ ഇതിഹാസം വായിച്ചതിന്റെ പരിണിത ഫലമായാണ് അച്ഛന്‍ ഞങ്ങളെ (എന്നെയും അമ്മയെയും) ക്കൂട്ടി പാലക്കാടുള്ള അമ്മയുടെ മാമന്റെ വീട്ടില്‍ വിരുന്നു പോയത്. ഓര്‍മകളില്‍ വളരെ മങ്ങിയ ചിത്രങ്ങള്‍ മാത്രം  ഉള്ള ആ പാലക്കാടന്‍ യാത്ര എനിക്ക് കളര്‍ഫുള്‍ ആക്കി തന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട അന്നെടുത്ത ഫോടോഗ്രാഫ്സ്  ആണ്. പിന്നീടു പലപ്പോഴും പാലക്കാടു പോകേണ്ട ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ യാത്രകള്‍ ഓരോന്നും പാലക്കാട് എന്ന നാടിന്റെ രമണീയത ഒരു vangogh ചിത്രം പോലെ എന്റെ മനസ്സില്‍ പടരാന്‍ ഇടയാക്കി. ഒരു  തനിമയാര്‍ന്ന ഗ്രാമത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന മുള്‍വേലികള്‍ കെട്ടിയ ഇടവഴികളും, ഇടയ്കിടയ്ക്‌  ഭംഗിയില്‍ ഒരുപാട് വര്‍ണ ഭേദങ്ങളോടെ നിറം ചാര്‍ത്തിയ ചെറിയ അമ്പലങ്ങളും, ചാണകം മെഴുകിയ മുറ്റങ്ങളില്‍ അരിമാവ് കൊണ്ട് കോലമിട്ടതും, കല്‍‌പാത്തി തേരും,ആഗ്രഹാരവും , പനനോങ്കും, നെയ്യില്‍ വറുത്ത അരി മുറുക്കും, കൊയ്തിനോരുക്കിയ നെല്‍പ്പാടങ്ങളും മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ആയി എനിക്ക് അനുഭവപ്പെടാറുണ്ട്.

അങ്ങനെ പാലക്കടിനോടുള്ള സ്നേഹം കൊടികുത്തി വാഴുമ്പോള്‍ ആണ് ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാന്‍ ഇടയായത്. സംസാരത്തിന്റെ ഈണം എനിക്ക് നന്നെ രസിച്ചു. കഥകളിലും സീരിയലുകളിലും മാത്രം നടക്കുന്ന കാര്യങ്ങള്‍ എന്ന് ഞാന്‍ വിശ്വസിച്ചു പോന്ന പലതും ജീവിതത്തില്‍ അനുഭവിച്ച ഒരു വ്യക്തി അതാ എന്റെ കണ്മുന്‍പില്‍!
ഓര്‍മ വെക്കുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ട് കൂലിപ്പണിക്ക് പോയി വളര്‍ത്തി വലുതാക്കിയ രണ്ടു പെണ്മക്കളില്‍ ഇളയവള്‍. ചേച്ചി കൌമാരത്തിന്റെ ചാപല്യം എന്ന കുരുക്കില്‍ പെട്ട് വിവാഹിതയായി. അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍...
" അവള്‍ക്കിപ്പോള്‍ അതുകൊണ്ടെന്താ രണ്ടു സെഞ്ച്വറി അടിച്ചു ".
കുട്ടികള്‍ രണ്ടായി എന്നാണ് അര്‍ത്ഥമാക്കുന്നത് . ചേച്ചിയുടെ ഈ പ്രേമഭാജനം ആകട്ടെ ഒടുക്കത്തെ മദ്യപാനിയും. ഇത് തന്നെ പോരെ ... പാമ്പ് കടിച്ചു എന്ന് തന്നെ പറയാം!
ഇങ്ങനെ ഉള്ള ഒരു കൊച്ചു കുടുംബത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന പിഞ്ചു തോളുകള്‍. ഇതൊക്കെ കേട്ടു എന്റെ മനസ് അലിഞ്ഞില്ലതെ ആകുമോ എന്നൊരു ഭയം എനിക്കില്ലാതില്ല. എങ്കിലും അവളോട്‌ കൂടുതല്‍ അടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പാലക്കാട്ട്കാരി ആയ എന്റെ അമ്മൂമ്മ സംസാരിക്കാറുള്ള ഭാഷ പലതും അവള്‍ പറയുന്നത്  കേട്ടപ്പോള്‍ എനിക്ക് അവളോട്  ചെറിയ തോതില്‍ വാത്സല്യം!

നിഷ്കളങ്കമായ പെരുമാറ്റം. കാണുന്നതെല്ലാം അത്ഭുതം. വായതോരാതെ സംസാരിക്കും. പാലക്കാടിനെ കൊച്ചിയുമായി താരതമ്യം ചെയ്യലാണ് പലപ്പോഴും. വിലപ്പെരുപ്പതെ പറ്റിയും, സമൂഹത്തില്‍ നടക്കുന്ന അനീധികളെ കുറിച്ചുള്ള പരാമര്‍ശനങ്ങളും സംസാരത്തിന്റെ ഭാഗമാകാരുണ്ട്.
നാഗരികതയുടെ കപടതകള്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.  വേണം വേണ്ട എന്ന രീതിയില്‍ ഞങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം പാല്പായസത്തെക്കാള്‍ രുചിയോടെ അവള്‍ കഴിക്കുന്നു. താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എന്ന പോലെ ആസ്വതിക്കുന്നു. അവള്‍ എത്രത്തോളം അത്ഭുതം പൂണ്ടുവോ അത്ര തന്നെ അത്ഭുതം അവള്‍ ഞങ്ങളിലും ഉണ്ടാക്കി.
മന്ത്രക്കളങ്ങളും പുള്ളുവന്‍ പാട്ടും അമ്പലക്കുളവും ഇതിലും ഉപരി അടിയാന്‍ സമ്പ്രദായം ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയില്‍ നിന്നും കൊച്ചിയില്‍ എത്തി ജീവിതം എത്തിപ്പിടിക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരു പാലക്കാട്ടുകാരി!
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ സ്വതന്ത്രയായവള്‍!
ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഹൃദയ സൌന്ദര്യം ഉള്ളവള്‍! 
ഒരു നിമിഷമെങ്കിലും എനിക്കും അവളെപ്പോലെ ഒരു മനസ്സുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു!

Monday 26 March 2012

പാചകം എന്ന കല !


"സുര്യന്‍ ഉചിയിലെത്തുന്ന വരെ ഉറങ്ങും. ഒരു വക ജോലി ചെയില്ല. ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിളിക്കണം രണ്ടു ഉള്ളി തൊലി കളയാന്‍.. ഒരു ചായ ഉണ്ടാക്കാന്‍ പോലും അവള്‍ക്കറിയില്ല..." ഇങ്ങനെ കുറ്റങ്ങളുടെയും കുറവുകളുടെയും പട്ടിക പലപ്പോഴായും നീട്ടിയും ചുരുക്കിയും എന്റെ മാന്യ മാതാശ്രീ എനിക്കൊരു വക സമാധാനം തരാതിരുന്ന സമയമായിരുന്നു അത്.
ഹരം പിടിച്ചു വല്ല സിനിമ കാണുന്ന സമയത്തായിരിക്കും പലപ്പോഴും ഈ വക അല്ലറ ചില്ലറ ജോലികളുമായി അമ്മ പ്രത്യക്ഷപ്പെടാറ്. അതുകൊണ്ട് തന്നെ നിവേദനങ്ങള്‍ പലതും തള്ളിക്കളയാറാണ് പതിവ്. അതിന്റെ പരിണിത ഫലം എന്ന പോലെ വരുന്ന വഴക്കുകള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ കളയുന്നതുകൊണ്ട് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ വീണ്ടും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നു.

'ഒരായിരം തവണ ഞാന്‍ പറഞ്ഞതാ 'എന്ന പ്രയോഗങ്ങള്‍ പലരും കാര്യങ്ങള്‍ നാടകീയമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കാറുണ്ട് . എങ്കില്‍ ഈ പ്രയോഗം തികച്ചും യാഥാസ്ഥികമായി ഞാന്‍ ഉപയോഗിക്കട്ടെ ! ഒരായിരം തവണ അമ്മ എന്നെ കുറ്റപ്പെടുതിയിരിക്കാം - ഒരേ ഒരു വിഷയം - പാചകം! 
പാത്രം കഴുകലും , ചപ്പാത്തി ചുടലും , ചെടി നനക്കലും , ഉണങ്ങിയ തുണികള്‍ മടക്കി വയ്ക്കലും മാത്രമായി കഴിഞ്ഞിരുന്ന ഞാന്‍ ഇനി പാചകം കൂടി ചെയ്യണോ?

ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു മഹാസംഭാവമാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അത് ഒരു ജോലി ആണോ എന്നുപോലും എനിക്ക് സംശയമായിരുന്നു. ഇത്ര മാത്രം കുറ്റപ്പെടുത്താനും ശകാരിക്കാനും പാചകം അത്യന്താപേക്ഷിതമായി സ്ത്രീകള്‍ മാത്രം പഠിക്കേണ്ട ഒരു കല ആണോ ? പഠനം എന്നൊക്കെ പറയണോ അതിനെ ? അമ്മ പ്രാതല്‍ മുതല്‍ ഉറങ്ങുന്നതിനു മുന്പ് കുടിക്കാനുള്ള ചെറു ചൂട് വെള്ളം വരെ തയ്യാറാക്കുനത് വര്‍ഷങ്ങളായി കാണുന്ന എനിക്ക് അതൊന്നും ഒരിക്കലും ശിക്ഷണത്തിന്റെ ആവശ്യം ഉള്ള ജോലികളായി തോന്നിയിട്ടില്ല. അതുകൊണ്ടൊക്കെ ആകാം വളരെ വൈകിപ്പോയി - സ്വയം പാചകം ചെയ്യാന്‍ പഠിക്കണം  എന്ന തീരുമാനത്തില്‍ എത്താന്‍!
അങ്ങനെ പതിനാറാം വയസ്സിലായിരിക്കണം ആദ്യമായി പാചകം എന്ന ദൌത്യവുമായി ഞാന്‍ അടുക്കളയില്‍ പ്രവേശിക്കുന്നത്. എതൊരു തുടക്കക്കാരിയെ പോലെ ഞാനും കാപ്പി ഇടാനും ചായ ഉണ്ടാക്കാനും പഠിച്ചു. ആദ്യമൊന്നും ഇതൊരു സന്തോഷവും എന്നിലുണ്ടാകിയിരുന്നില്ല. പക്ഷെ ക്രമേണ ഞാന്‍ പാചകം ആസ്വദിക്കാന്‍ തുടങ്ങി.
ഒഴിവു വേളകള്‍ ആനന്ദപ്രതമാക്കുക എന്ന പോളിസിയുടെ ഭാഗമായി അമ്മ ടി.വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പാചക പരിപാടിയും മുടങ്ങാതെ കാണുമായിരുന്നു. അത് പലതും പരീക്ഷിക്കുകയും വിജയിക്കുകയും അതിനെല്ലാം അച്ഛന്റെ  പ്രത്യേകം അനുമോദനങ്ങളും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മ തന്റെ പാചക വൈദഗ്ത്യം ദിവസവും തെളിക്കുന്ന തട്ടകത്തില്‍ പയറ്റി ജയിക്കുക വളരെ കഠിനമായിരുന്നു.
ഭക്ഷണം ഉണ്ടാക്കുക്ക എന്നതൊരു മഹാസംഭവം അല്ലെങ്കിലും അത് രുചി ഉള്ളതാകുക എന്നത് ഒരു മഹാസംഭവം ആണെന്ന് എനിക്ക് ഭോദ്യമായി. പ്രത്യേകിച്ച് അത് കഴിച്ചവര്‍ എന്നെ അനുമോദിക്കാനും ചേരുവകള്‍ ചോദിക്കാനും തുടങ്ങിയപ്പോള്‍ പുതുമകള്‍ പരീക്ഷിക്കാനും പാചകം തുടരാനും അത് പ്രചോതനമായി.
എന്നെ പാചകം പഠിപ്പിക്കാനൊന്നും അമ്മ മുതിര്‍നിട്ടില്ലെങ്കിലും, അമ്മയെ കണ്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കാറില്ല. ക്രമേണ ഞാന്‍ സ്വയം പാചകം ചെയ്യാന്‍ പഠിക്കുകയായിരുന്നു. ചേരുവകള്‍, പ്രത്യേകിച്ച്  അവയുടെ അളവുകള്‍ , ചെറിയ പൊടിക്കൈകള്‍ അങ്ങനെ പലതും ഹൃദിസ്ഥമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല , ബേക്കിംഗ് ആയിരുന്നു അടുത്ത സാഹസം. ആദ്യമൊക്കെ വളരെ സാധാരണയായി ക്രീം കളറില്‍ ഉള്ള കേകുകള്‍ ആണ് ഉണ്ടാക്കിയിരുന്നത് . പിന്നീടത് പ്ലും കേക്ക് , പൈന്‍ ആപ്പിള്‍ കേക്ക് , marble കേക്ക് എന്ന് വേണ്ട ഇന്നത്തെ ചീസ് കേക്ക് വരെ അതെത്തി നില്‍ക്കുന്നു. ആപ്പിള്‍ പൈ , പിറ്റ്സ , ബിസ്കട് , കൂകീസ് അങ്ങനെ ബേകിംഗ്‌ ഇന്റെ അനന്ദ സാദ്യഥകള്‍ ഞാന്‍ പരീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു.

ഭക്ഷണം ഒരു അനുഭവമാണ്.
രസ മുകുളങ്ങളില്‍ തട്ടി മനസിലേക്ക് പടര്‍ന്നു ഓര്‍മയില്‍ തങ്ങുന്ന സ്വാദ് എന്ന അനുഭവം.
അത് സൃഷ്ടിക്കാന്‍ കഴിവുള്ള ആളുകള്‍ തികച്ചും കലാകാരന്മാര്‍ തന്നെ. രുചിയുടെ വൈദഗദ്യങ്ങള്‍ രചിക്കുന്ന മഹാകവികള്‍!
 

Saturday 28 January 2012

സ്നേഹപൂര്‍വ്വം ... അച്ഛന്

രണ്ടാഴ്ച്ചയുടെ സന്ദര്‍ശനത്തിനു ശേഷം അച്ഛന്‍ ഇന്ന് ദുബൈയിലേക്ക്  തിരിച്ചു പോകുകയാണ്.

മനസ്സ്  അകാരണമായി വേദനിക്കുകയാണോ എന്ന് തോന്നുന്ന  അപൂര്‍വ്വം  ചില നിമിഷങ്ങളിലുടെ ഞാന്‍ വീണ്ടും കടന്നു പോകുന്നു. ഇത് വളരെ ക്ഷണികമായ വേര്‍പിരിയല്‍ ആണെന്ന്  എനിക്കറിയാം. എങ്കിലും മനസ്സ് വളരെ  ദുര്‍ബലമാകുന്നു.
ചെക്ക്‌ ഇന്‍ ചെയ്യാന്‍ ഇനി അല്പം സമയം മാത്രമെ ഭാക്കി ഉള്ളു. എല്ലാവരോടും യാത്ര പറഞ്ഞു പതിവ് പോലെ അച്ഛന്‍ ട്രോളിയുമായി നടന്നകലുകയാണ്. ആ അകലത്തിനു ടയറക്ട്ലി പ്രോപോഷനല്‍ ആയി മനസിന്റെ കനം കൂടി കൂടി വരും പോലെ... എല്ലാം കടിച്ചു പിടിച്ചു അങ്ങനെ നില്‍കുമ്പോള്‍ ആണ്  തൊട്ടടുത്ത്‌ നില്‍ക്കുന്ന ചേച്ചി  അതാ വിങ്ങി പൊട്ടുന്നു. കര്‍ചീഫ്  കൊണ്ട്  കണ്മഷി പടര്‍ന്ന കണ്ണുകള്‍ തുടക്കുന്നു.
"പുതു മോടി അല്ലെ ? സങ്കടം കാണും .." പുറകില്‍ നിന്ന ആരോ കളിയാക്കി. നാണം കൊണ്ട് വെളുത്ത അവരുടെ കവിളുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടു. വിവാഹത്തിന്  ശേഷം ലീവ്  കഴിഞ്ഞു പോകുന്ന ഏതോ ഗള്‍ഫുകാരന്റെ  ഭാര്യയാണവര്‍.
മക്കളെ പിരിയുന്ന അമ്മമാര്‍, ഭര്‍ത്താവിനെ പിരിയുന്ന ഭാര്യമാര്‍, അച്ഛനെ പിരിയുന്ന മക്കള്‍ അങ്ങനെ വേര്‍പാടുകളുടെ വിങ്ങലുകള്‍ ഒതുക്കുന്ന മനസുകളുടെ ഒരു സംഗമ കേന്ത്രമായി തോന്നാറുണ്ട്  എയര്‍പോര്ടുകളുടെ ഡിപാര്‍ചര്‍ കൌണ്ടര്‍കള്‍..

ഇന്നും  ഇന്നലെയും തുടങ്ങിയതല്ല  ഈ വരവേല്‍പ്പും അതിന്റെ പ്രത്യാഘാതം എന്ന പോലെ ഉള്ള യാത്ര  അയപ്പും. എനിക്ക്  ഓര്‍മ്മ വെക്കുന്ന നാള്‍ മുതല്‍ അച്ഛന്‍ പേര്‍ഷ്യയില്‍ (അമ്മ അങ്ങനെ ആണ്  UAE, Oman മുതലായ രാജ്യങ്ങളെ  അഭിസംബോധന ചെയ്യുനത് ) ആണ്. പേര്‍ഷ്യ  എന്നത് പഴഞ്ചന്‍  പ്രയോഗം ആണെന്നും, അതിപ്പോള്‍ ഇല്ലെന്നും , പേര്‍ഷ്യ  ഇറാന്‍ ആണെന്നും  അമ്മയെ പല വട്ടം പറഞ്ഞു മനസിലാക്കിയെങ്ങിലും പ്രയോജനമില്ല. വീണ്ടും പറയും ഗമയില്‍  " ഇത് ചേട്ടന്‍ പേര്‍ഷ്യയില്‍ നിന്ന് വന്നപോ കൊണ്ട്  വന്നതാ".

അച്ഛന്റെ വരവ് വീട്ടില്‍ ഒരു ആഘോഷം തന്നെയാണ്. എനിക്കന്നു അമ്മ സാങ്ങ്ഷന്‍ ആക്കി തരുന്ന നിര്‍ബന്ധിത അവധി ദിവസവും!
വരവേല്‍പ്പ് ഒരു സുഖമുള്ള ഏര്‍പ്പാടാണ്. കൊച്ചിന്‍ എയര്‍പോര്‍ട്ട്ലെ അറൈവല്‍ എന്നെഴുതിയ ഗേറ്റിനു മുന്നില്‍ വര്‍ഷാ വര്‍ഷം അച്ഛന്റെ വരവ് പ്രതീക്ഷിച്ചു ഞാന്‍ നിന്നു. വര്‍ണ കടലാസില്‍ പൊതിഞ്ഞ പലതരം മിട്ടായികള്‍, കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍ അങ്ങനെ എന്നെ വിസ്മയിപ്പിക്കാന്‍ പാകത്തിന്  പലതും നിറച്ച പെട്ടികളുമായി ആ  വാതിലിലുടെ അച്ഛന്‍ വന്നു. എയര്‍പോര്‍ട്ട്  കൊച്ചിയില്‍ നിന്നും നെടുംബശേരിയിലേക്ക്  മാറി എന്നതൊഴിച്ചാല്‍ മറ്റൊന്നിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.. എന്റെ ആവേശവും സന്തോഷവും ഇപ്പോഴും അത് തന്നെ..
അച്ഛമ്മ മകന് വേണ്ടി സൂക്ഷിച്ചു വെച്ച സ്നേഹോപാഹാരങ്ങള്‍ ഓരോന്നായി പുറത്തിറക്കുന്ന സമയം കൂടിയാണത്. കശുനണ്ടി വറക്കുന്നു. പരിപ്പെടുക്കുന്നു. അത് പൊടിച്ച്‌ ഉണ്ട പിടിക്കുന്നു. കിണ്ണത്തപ്പം, കള്ളപ്പം, ഉണ്ണിയപ്പം, അച്ചപ്പം, വെളിച്ചണ്ണപ്പം, കൊഴലപ്പം, മുറുക്ക് , കൊക്കുവട അങ്ങനെ ഓരോ  ദിവസവും ഓരോന്ന് എന്ന രീതിയില്‍ അമ്മ തന്റെ പാചക വൈദഗ്ദ്യം തെളിയിക്കുന്നു. അമ്മായിമാര്‍ വീട്ടില്‍ വിരുന്നു വരുന്നു. നാടിലുള്ള പലരും പതിവില്ലാതെ വീട് മുറ്റത്തു ഒത്തു ചേരുന്നു. അച്ഛനുമായി നാട്ടുവിശേഷം പങ്കുവെക്കുന്നു. കൊണ്ടുവന്ന പലതരത്തിലുള്ള സിഗരറ്റ് കൂടുകള്‍, മദ്യ കുപ്പികള്‍ എന്നിവ പങ്കു വെക്കുന്നു.. ആകെ ബഹളമയം.

അച്ഛനെ സ്കൂളില്‍ പ്രസന്റ് ചെയ്യലാണ് എന്റെ അടുത്ത സ്റ്റെപ്പ്. കൂടുകരെയും ടീച്ചര്‍മാരെയും പരിച്ചയപെടുത്തുക. ഞാന്‍ വരച്ച ചിത്രങ്ങളും കിട്ടിയ സമ്മാനങ്ങളും കാണിക്കുക. കളിയുടെ ഈണത്തില്‍ വീണു പരിക്ക് പറ്റിയ  മുറിവുകള്‍ കാണിക്കുക. ഞാന്‍ പഠിച്ച പുതിയ കളികള്‍ അച്ഛനെ പഠിപ്പിക്കുക. ഒരു  തരത്തിലും സമാധാനം  കൊടുക്കില്ല എന്ന വാശിയില്‍ പുറകില്‍ നിന്നു മാറാതെ ഒരു 8 വയസുകാരി.

ചിത്രരചന അച്ഛന് രക്തത്തില്‍ അലിഞ്ഞതാണ്. അച്ഛന്‍ വരച്ചതായ ഒട്ടനവദി ചിത്രങ്ങള്‍ മറ്റു പല പ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്കിടയില്‍ വീടിന്റെ പല ഭാഗത്തായും തൂക്കിയിട്ടുണ്ട്. Pointalism  ഉപയോഗിച്ച്  Georges Seurat  വരച്ച  A Sunday Afternoon on the Island of La Grande Jatte എന്ന ചിത്രം ഒരു ചുവര് മുഴുവനായി വീട്ടില്‍ ഇപ്പോഴും ഉണ്ട്. അത്  കാണിച്ചു കഥകള്‍ മെനഞ്ഞാണ് അമ്മ എന്നെ പലപ്പോഴും ചോറൂട്ടിയിരുന്നത്.
ഒരു 3  മണി ആകുമ്പോള്‍ അച്ഛന്‍ മുറ്റത്തുള്ള പുളിമരത്തിനു ചുവട്ടില്‍ വരക്കാന്‍ ഉള്ള സെറ്റപ്പ് തുടങ്ങും. ബ്രഷ് , പാലറ്റ് അങ്ങനെ ആവശ്യമുള്ള എല്ലാമായി ഞാന്‍ പുറകില്‍ തന്നെ.. ഈസല്‍ ഉറപ്പികുബോഴേക്കും ഞാന്‍ ദ്രിതി വെക്കും :  അച്ഛാ, എന്റെ പടം വരയ്ക്കു....... .
പക്ഷെ കാന്‍വാസ് അടിച്ച ഫ്രെയ്മില്‍ എന്റെ നിഷ്കളങ്കത പകര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ഒരിക്കല്‍ പോലും വിജയിച്ചിട്ടില്ല. ക്ഷമ നശിച്ചു ഞാന്‍ കളിയ്ക്കാന്‍ ഓടുന്നത് കൊണ്ട് , മുഴുമിക്കാനാവാത്ത എത്രയോ ചിത്രങ്ങള്‍!


നെഞ്ചിടിപ്പുകള്‍ തമില്ലുള്ള അകലം അത് മാത്രമാണ് ഇന്നും അന്നും ഞാനും അച്ഛനും തമ്മിലുള്ളത്. എത്ര വഴക്കടിചാലും 10  മിനിറ്റില്‍ കുടുതല്‍ ദേഷ്യം വെച്ച് പുലര്‍ത്താന്‍ കഴിയാറില്ല. അഭിപ്രായ വത്യാസങ്ങള്‍ ഒട്ടനവദി ഉണ്ടായിട്ടുന്ടെങ്ങിലും ഒരിക്കല്‍ പോലും അച്ഛനെ അനുസരിക്കാതിരുന്നിടില്ല.  ആ വാത്സല്യവും  സുരക്ഷിതത്വവും മറ്റൊരാളില്‍ നിന്നും ഞാന്‍ ഇത്രയേറെ അറിഞ്ഞിട്ടില്ല. 

ഇപ്പോഴും എനിക്കായി കൊണ്ടുവരുന്ന എന്റെ പ്രിയപ്പെട്ട  Lindt Dark Chocolates കാണുമ്പോള്‍ അമ്മ പറയുന്നത് സത്യമാണെന്ന് എനിക്കും തോന്നാറുണ്ട് :
മകള്‍ എത്രയേറെ വളര്‍ന്നാലും അച്ഛന് അവള്‍ ആ പഴയ 8 വയസുകാരി തന്നെ !


... അച്ഛനും ഞാനും ...


Monday 2 January 2012

ഒരു പൂച്ച കഥ

പൂച്ചകളെ എനിക്കിഷ്ടമാണ്. വെളുത്ത പഞ്ഞിക്കെട്ട് പോലെ വൃത്താകൃതിയില്‍ അവ ഉറങ്ങുന്നത് ഞാന്‍ നോക്കിയിരിക്കാറുണ്ട്. പന്ത് തട്ടി കളിക്കുന്നത് എനിക്ക്  കൌതുകം പകരാറുണ്ട്. അടുക്കളയില്‍ ഒളിച്ചു കയറി കറി പാത്രം തട്ടി മറച്ചിടുമ്പോള്‍ അമ്മ കോപത്തിന്റെ മുള്‍മുനയില്‍ അതിനെ വിറകെടുത്തു എറിയുന്നത് നിര്‍വികാരത്തോടെ നോക്കി നില്‍ക്കാറുമുണ്ട്. എങ്കിലും അല്‍പ്പമൊക്കെ പൂച്ച സ്നേഹം എന്റെ രക്തത്തിലും ഉണ്ട്.
ഈയിടെ ദീപയുടെ പൂച്ചകംബം കണ്ടപ്പോള്‍ അതൊന്നു കുറിക്കണം എന്ന് എനിക്ക് തോന്നി. പൂച്ചകളെ വളര്‍ത്താനൊന്നും അവസരം ഉണ്ടായിട്ടില്ലെങ്ങിലും ദീപ ആവേശത്തോടെ ഒരു പൂച്ച തലമുറയുടെ വേര് തൊട്ടു വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും ഒരു പൂതി , വളര്‍ത്താമായിരുന്നു ഒരു പൂച്ചയെ...

ഒരു തണുത്ത പ്രഭാതത്തില്‍ ആയിരുന്നു അവളെ , ദീപയുടെ ജൂലിപെണ്ണിനെ ആദ്യമായി ദീപ കാണുന്നത്. സാദാരണ അമ്മമാര്‍ ആണല്ലോ ഇതെല്ലാം ആദ്യം കണ്ടു പിടിക്കുന്നത്. ഇവിടെയും കഥ വേറെ ഒന്നല്ല, പറമ്പിലെ ഒരു തെങ്ങിന്‍ തടത്തില്‍ അതാ ഒരു കൊച്ചു പൂച്ച കുഞ്ഞ് ! അമ്മ വിളിച്ചു കാണിച്ചു ദീപയെ. നന്നെ ചെറുതാണ് . പ്രസവിച്ചിട്ട് അധികമായിട്ടില്ല.  കണ്ണ് തുറന്നിട്ടെ ഉള്ളു. കഴുത്തില്‍ ഒരു ചരട് കെട്ടിയിട്ടുണ്ട്. ആരോ ഉപേക്ഷിച്ചു പോയതാണ് . ദീപയുടെ പൂച്ച സ്നേഹം ഉണര്‍ന്നു. അവള്‍ അതിനെ സംരക്ഷിക്കാന്‍ തീരുമാനിച്ചു.
ജൂലി

ജൂലി വളര്‍ന്നു. ദീപയുടെ കളിക്കൂട്ടുകാരി ആയി. ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ അവള്‍ സമ്മാനിച്ചു. അവളെ കുറിച്ച്  പറയുമ്പോള്‍ ദീപ വാചാലയാകുന്നു. അവരൊരുമിച്ചു കളിച്ചതും, അവള്‍  ദീപയെ  കാത്തു നിന്നതും, അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒത്തിരി കൊച്ചു കൊച്ചു ഓര്‍മ്മകള്‍. ജൂലിയുടെ ഓരോ ചലനങ്ങളും അവയുടെ അര്‍ത്ഥങ്ങളും ദീപക്ക് മനപാഠം ആയിരുന്നു പോലും!
ഒരു കാര്‍ട്ടൂണ്‍  കാണുന്ന പ്രതീതിയില്‍ ഞാന്‍ ശ്രദ്ധയോടെ വിവരണത്തില്‍ മുഴുകി.
ജൂലിക്ക് രണ്ടു കുട്ടികള്‍ ജനിച്ചു. ദീപ അവര്‍ക്ക് പേരിട്ടു. കോലപ്പനും ഗുണ്ടപ്പനും. അമ്മയായതോട്കൂടി ജുലി ദീപയോടുള്ള അടുപ്പം കുറച്ചു. മക്കളുടെ മുന്നില്‍ കളിചിരി മാറാത്ത അമ്മയാവാന്‍ അവള്‍ ഒരുക്കമായിരുന്നില്ല.
നീണ്ട നാല് വര്‍ഷങ്ങള്‍. ജൂലിയും ജൂലിയുടെ മക്കളും ദീപയുടെ ദിവസങ്ങളില്‍ രസങ്ങളുടെ ഒരു ലോകം തന്നെ തീര്‍ത്തു.
കോലപ്പന്‍

അങ്ങനെ കാര്യങ്ങള്‍ വളരെ നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുമ്പോളാണ് കഥയില്‍ ഒരു ട്വിസ്റ്റ്‌ .
ദീപയെ കൊളേജിലേക്ക് യാത്രയാകാന്‍ പുറത്തിറങ്ങിയതാണ് കോലപ്പനും ഗുണ്ടപ്പനും. കോലപ്പന്‍ മാത്രമെ തിരിച്ചു വന്നുള്ളൂ. ഗുണ്ടപ്പനു വേണ്ടി ഒരുപാട് അന്യെക്ഷണങ്ങള്‍ നടന്നെങ്ങിലും ആ ശ്രമങ്ങള്‍ക്കൊന്നും ഉത്തരം ഉണ്ടായില്ല. ഒറ്റപെട്ട വേദനയില്‍ കോലപ്പന്‍ തന്നിലേക് തന്നെ ഒതുങ്ങി കൂടി. ദീപയെ ശ്രദ്ധിക്കാതായി. ഇസബെല്‍ലും ഏബല്‍ലും കരയുമ്പോള്‍ അവരെ ചിരിപ്പിക്കാന്‍ വരാതായി.
അപ്പോഴാണ്‌  അയല്‍വാസികളായ ടോം , ജൂലി II ഇവരുടെ രംഗപ്രവേശം .അവര്‍ പതുകെ പതുകെ ചങ്ങാതിമാര്‍ ആയി.
മഴക്കാറ് മാറി മാനം തെളിയുന്ന പോലെ , വീണ്ടും സണ്ടോഷത്തിന്റെ നിഴല്‍.
ജൂലി II

സന്തോഷവും സങ്കടവും ഇടകലര്‍ത്തി പിരിച്ച ചരട് പോലൊരു ജീവിതം പൂച്ചകള്‍ക്കും ബാധകമാണ് . ക്ഷണിക്കാതെ വന്ന വിരുന്നുകാരനെ പോലെ മരണം ഇവിടെയും തന്റേതായ കയ്യൊപ്പ് വെക്കാന്‍ മറന്നില്ല. 
അപ്രതീക്ഷിതമായിരുന്നു ജൂലിയുടെ മരണം.
നീ അതെങ്ങിനെ സഹിച്ചു ? ഞാന്‍ ഒരു നെടുവീര്‍പ്പോടെ ആണത് ചോദിച്ചത്.
ഞാന്‍ വളര്‍ത്തിയിരുന്ന മുയലിനെ പട്ടി പിടിച്ചു എന്ന് അറിഞ്ഞ നിമിഷം എനിക്കുണ്ടായ അതേ വികാരം , അത് തന്നെ ആവണം ദീപക്കും അപ്പോള്‍ ഉണ്ടായത് . വെറും 14 ദിവസം മാത്രമേ എനിക്ക് അതിനെ വളര്‍ത്താന്‍ കഴിഞ്ഞുള്ളൂ . എന്നിട്ടും എനിക്ക് തോന്നിയ വിങ്ങല്‍ , അതൊന്നു വേറെ തന്നെ ആയിരുന്നു.

രാവിലെ ഞാന്‍ അവനു കാരറ്റ്  കൊടുക്കാന്‍ വന്നതായിരുന്നു. കണ്ടതാകട്ടെ ..
ഒഴിഞ്ഞ കൂടും , അവന്റെ വെളുത്ത പഞ്ഞി പോലുള്ള രോമങ്ങളും മല്പിടുതതിനിടയില്‍ പൊടിഞ്ഞ ചോരയും...
അതോടു കൂടി ഞാന്‍ അവസാനിപ്പിച്ചു, പിന്നീടൊരിക്കലും ഞാന്‍ ഒരു ജീവിയേയും വളര്‍ത്താന്‍ മുതിര്‍ന്നിട്ടില്ല.

ദീപ എന്റെ പോലെ അത്ര പെട്ടെന്നൊന്നും പിന്തിരിയുന്ന കൂട്ടക്കാരി അല്ല. കോലപ്പനും ജൂലി II ഉം ടോം പൂച്ചയും അവളുടെ വീട്ടില്‍ താമസം തുടര്‍ന്നു. ആ കൂടുകെട്ട് അധികം വിജയിചില്ലത്രേ. കോലപ്പനും ടോം പൂച്ചയും ഗുണ്ടപ്പന്റെ പാത പിന്തുടര്‍ന്നു. അങ്ങനെ ജൂലി II അവശേഷിച്ചു . രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് അവള്‍ക്കും ഒരു കുട്ടി ജനിച്ചു - കുഞ്ഞി പെണ്ണ് !

കുഞ്ഞി പെണ്ണ്

ദീപ ഈ ഫോട്ടോ കാണിച്ചാണ് എന്നെ എന്നും ചിരിപ്പിക്കുന്നത് :D

ഇപ്പോള്‍ ദീപയുടെ വീട്ടില്‍ രണ്ടു പേരും സുഖമായിരിക്കുന്നു. വിധിയുടെ വിളയാട്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുടെ ജീവിതം ഇനിയും ബാക്കി. സങ്കടത്തിലും സന്തോഷത്തിലും അവര്‍ക്കൊപ്പം ദീപയും!