Saturday 31 March 2012

പാലക്കാടന്‍ പെണ്‍കൊടി

ഖസാകിന്റെ ഇതിഹാസം വായിച്ചതിന്റെ പരിണിത ഫലമായാണ് അച്ഛന്‍ ഞങ്ങളെ (എന്നെയും അമ്മയെയും) ക്കൂട്ടി പാലക്കാടുള്ള അമ്മയുടെ മാമന്റെ വീട്ടില്‍ വിരുന്നു പോയത്. ഓര്‍മകളില്‍ വളരെ മങ്ങിയ ചിത്രങ്ങള്‍ മാത്രം  ഉള്ള ആ പാലക്കാടന്‍ യാത്ര എനിക്ക് കളര്‍ഫുള്‍ ആക്കി തന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട അന്നെടുത്ത ഫോടോഗ്രാഫ്സ്  ആണ്. പിന്നീടു പലപ്പോഴും പാലക്കാടു പോകേണ്ട ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ യാത്രകള്‍ ഓരോന്നും പാലക്കാട് എന്ന നാടിന്റെ രമണീയത ഒരു vangogh ചിത്രം പോലെ എന്റെ മനസ്സില്‍ പടരാന്‍ ഇടയാക്കി. ഒരു  തനിമയാര്‍ന്ന ഗ്രാമത്തിന്റെ പ്രതീതി ഉണര്‍ത്തുന്ന മുള്‍വേലികള്‍ കെട്ടിയ ഇടവഴികളും, ഇടയ്കിടയ്ക്‌  ഭംഗിയില്‍ ഒരുപാട് വര്‍ണ ഭേദങ്ങളോടെ നിറം ചാര്‍ത്തിയ ചെറിയ അമ്പലങ്ങളും, ചാണകം മെഴുകിയ മുറ്റങ്ങളില്‍ അരിമാവ് കൊണ്ട് കോലമിട്ടതും, കല്‍‌പാത്തി തേരും,ആഗ്രഹാരവും , പനനോങ്കും, നെയ്യില്‍ വറുത്ത അരി മുറുക്കും, കൊയ്തിനോരുക്കിയ നെല്‍പ്പാടങ്ങളും മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ആയി എനിക്ക് അനുഭവപ്പെടാറുണ്ട്.

അങ്ങനെ പാലക്കടിനോടുള്ള സ്നേഹം കൊടികുത്തി വാഴുമ്പോള്‍ ആണ് ഒരു പാലക്കാട്ടുകാരിയെ പരിചയപ്പെടാന്‍ ഇടയായത്. സംസാരത്തിന്റെ ഈണം എനിക്ക് നന്നെ രസിച്ചു. കഥകളിലും സീരിയലുകളിലും മാത്രം നടക്കുന്ന കാര്യങ്ങള്‍ എന്ന് ഞാന്‍ വിശ്വസിച്ചു പോന്ന പലതും ജീവിതത്തില്‍ അനുഭവിച്ച ഒരു വ്യക്തി അതാ എന്റെ കണ്മുന്‍പില്‍!
ഓര്‍മ വെക്കുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ട് കൂലിപ്പണിക്ക് പോയി വളര്‍ത്തി വലുതാക്കിയ രണ്ടു പെണ്മക്കളില്‍ ഇളയവള്‍. ചേച്ചി കൌമാരത്തിന്റെ ചാപല്യം എന്ന കുരുക്കില്‍ പെട്ട് വിവാഹിതയായി. അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍...
" അവള്‍ക്കിപ്പോള്‍ അതുകൊണ്ടെന്താ രണ്ടു സെഞ്ച്വറി അടിച്ചു ".
കുട്ടികള്‍ രണ്ടായി എന്നാണ് അര്‍ത്ഥമാക്കുന്നത് . ചേച്ചിയുടെ ഈ പ്രേമഭാജനം ആകട്ടെ ഒടുക്കത്തെ മദ്യപാനിയും. ഇത് തന്നെ പോരെ ... പാമ്പ് കടിച്ചു എന്ന് തന്നെ പറയാം!
ഇങ്ങനെ ഉള്ള ഒരു കൊച്ചു കുടുംബത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന പിഞ്ചു തോളുകള്‍. ഇതൊക്കെ കേട്ടു എന്റെ മനസ് അലിഞ്ഞില്ലതെ ആകുമോ എന്നൊരു ഭയം എനിക്കില്ലാതില്ല. എങ്കിലും അവളോട്‌ കൂടുതല്‍ അടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പാലക്കാട്ട്കാരി ആയ എന്റെ അമ്മൂമ്മ സംസാരിക്കാറുള്ള ഭാഷ പലതും അവള്‍ പറയുന്നത്  കേട്ടപ്പോള്‍ എനിക്ക് അവളോട്  ചെറിയ തോതില്‍ വാത്സല്യം!

നിഷ്കളങ്കമായ പെരുമാറ്റം. കാണുന്നതെല്ലാം അത്ഭുതം. വായതോരാതെ സംസാരിക്കും. പാലക്കാടിനെ കൊച്ചിയുമായി താരതമ്യം ചെയ്യലാണ് പലപ്പോഴും. വിലപ്പെരുപ്പതെ പറ്റിയും, സമൂഹത്തില്‍ നടക്കുന്ന അനീധികളെ കുറിച്ചുള്ള പരാമര്‍ശനങ്ങളും സംസാരത്തിന്റെ ഭാഗമാകാരുണ്ട്.
നാഗരികതയുടെ കപടതകള്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്.  വേണം വേണ്ട എന്ന രീതിയില്‍ ഞങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം പാല്പായസത്തെക്കാള്‍ രുചിയോടെ അവള്‍ കഴിക്കുന്നു. താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ എന്ന പോലെ ആസ്വതിക്കുന്നു. അവള്‍ എത്രത്തോളം അത്ഭുതം പൂണ്ടുവോ അത്ര തന്നെ അത്ഭുതം അവള്‍ ഞങ്ങളിലും ഉണ്ടാക്കി.
മന്ത്രക്കളങ്ങളും പുള്ളുവന്‍ പാട്ടും അമ്പലക്കുളവും ഇതിലും ഉപരി അടിയാന്‍ സമ്പ്രദായം ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയില്‍ നിന്നും കൊച്ചിയില്‍ എത്തി ജീവിതം എത്തിപ്പിടിക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരു പാലക്കാട്ടുകാരി!
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ സ്വതന്ത്രയായവള്‍!
ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ഹൃദയ സൌന്ദര്യം ഉള്ളവള്‍! 
ഒരു നിമിഷമെങ്കിലും എനിക്കും അവളെപ്പോലെ ഒരു മനസ്സുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു!

Monday 26 March 2012

പാചകം എന്ന കല !


"സുര്യന്‍ ഉചിയിലെത്തുന്ന വരെ ഉറങ്ങും. ഒരു വക ജോലി ചെയില്ല. ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിളിക്കണം രണ്ടു ഉള്ളി തൊലി കളയാന്‍.. ഒരു ചായ ഉണ്ടാക്കാന്‍ പോലും അവള്‍ക്കറിയില്ല..." ഇങ്ങനെ കുറ്റങ്ങളുടെയും കുറവുകളുടെയും പട്ടിക പലപ്പോഴായും നീട്ടിയും ചുരുക്കിയും എന്റെ മാന്യ മാതാശ്രീ എനിക്കൊരു വക സമാധാനം തരാതിരുന്ന സമയമായിരുന്നു അത്.
ഹരം പിടിച്ചു വല്ല സിനിമ കാണുന്ന സമയത്തായിരിക്കും പലപ്പോഴും ഈ വക അല്ലറ ചില്ലറ ജോലികളുമായി അമ്മ പ്രത്യക്ഷപ്പെടാറ്. അതുകൊണ്ട് തന്നെ നിവേദനങ്ങള്‍ പലതും തള്ളിക്കളയാറാണ് പതിവ്. അതിന്റെ പരിണിത ഫലം എന്ന പോലെ വരുന്ന വഴക്കുകള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ കളയുന്നതുകൊണ്ട് മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ വീണ്ടും സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിരുന്നു.

'ഒരായിരം തവണ ഞാന്‍ പറഞ്ഞതാ 'എന്ന പ്രയോഗങ്ങള്‍ പലരും കാര്യങ്ങള്‍ നാടകീയമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കാറുണ്ട് . എങ്കില്‍ ഈ പ്രയോഗം തികച്ചും യാഥാസ്ഥികമായി ഞാന്‍ ഉപയോഗിക്കട്ടെ ! ഒരായിരം തവണ അമ്മ എന്നെ കുറ്റപ്പെടുതിയിരിക്കാം - ഒരേ ഒരു വിഷയം - പാചകം! 
പാത്രം കഴുകലും , ചപ്പാത്തി ചുടലും , ചെടി നനക്കലും , ഉണങ്ങിയ തുണികള്‍ മടക്കി വയ്ക്കലും മാത്രമായി കഴിഞ്ഞിരുന്ന ഞാന്‍ ഇനി പാചകം കൂടി ചെയ്യണോ?

ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു മഹാസംഭാവമാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അത് ഒരു ജോലി ആണോ എന്നുപോലും എനിക്ക് സംശയമായിരുന്നു. ഇത്ര മാത്രം കുറ്റപ്പെടുത്താനും ശകാരിക്കാനും പാചകം അത്യന്താപേക്ഷിതമായി സ്ത്രീകള്‍ മാത്രം പഠിക്കേണ്ട ഒരു കല ആണോ ? പഠനം എന്നൊക്കെ പറയണോ അതിനെ ? അമ്മ പ്രാതല്‍ മുതല്‍ ഉറങ്ങുന്നതിനു മുന്പ് കുടിക്കാനുള്ള ചെറു ചൂട് വെള്ളം വരെ തയ്യാറാക്കുനത് വര്‍ഷങ്ങളായി കാണുന്ന എനിക്ക് അതൊന്നും ഒരിക്കലും ശിക്ഷണത്തിന്റെ ആവശ്യം ഉള്ള ജോലികളായി തോന്നിയിട്ടില്ല. അതുകൊണ്ടൊക്കെ ആകാം വളരെ വൈകിപ്പോയി - സ്വയം പാചകം ചെയ്യാന്‍ പഠിക്കണം  എന്ന തീരുമാനത്തില്‍ എത്താന്‍!
അങ്ങനെ പതിനാറാം വയസ്സിലായിരിക്കണം ആദ്യമായി പാചകം എന്ന ദൌത്യവുമായി ഞാന്‍ അടുക്കളയില്‍ പ്രവേശിക്കുന്നത്. എതൊരു തുടക്കക്കാരിയെ പോലെ ഞാനും കാപ്പി ഇടാനും ചായ ഉണ്ടാക്കാനും പഠിച്ചു. ആദ്യമൊന്നും ഇതൊരു സന്തോഷവും എന്നിലുണ്ടാകിയിരുന്നില്ല. പക്ഷെ ക്രമേണ ഞാന്‍ പാചകം ആസ്വദിക്കാന്‍ തുടങ്ങി.
ഒഴിവു വേളകള്‍ ആനന്ദപ്രതമാക്കുക എന്ന പോളിസിയുടെ ഭാഗമായി അമ്മ ടി.വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പാചക പരിപാടിയും മുടങ്ങാതെ കാണുമായിരുന്നു. അത് പലതും പരീക്ഷിക്കുകയും വിജയിക്കുകയും അതിനെല്ലാം അച്ഛന്റെ  പ്രത്യേകം അനുമോദനങ്ങളും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് തന്നെ അമ്മ തന്റെ പാചക വൈദഗ്ത്യം ദിവസവും തെളിക്കുന്ന തട്ടകത്തില്‍ പയറ്റി ജയിക്കുക വളരെ കഠിനമായിരുന്നു.
ഭക്ഷണം ഉണ്ടാക്കുക്ക എന്നതൊരു മഹാസംഭവം അല്ലെങ്കിലും അത് രുചി ഉള്ളതാകുക എന്നത് ഒരു മഹാസംഭവം ആണെന്ന് എനിക്ക് ഭോദ്യമായി. പ്രത്യേകിച്ച് അത് കഴിച്ചവര്‍ എന്നെ അനുമോദിക്കാനും ചേരുവകള്‍ ചോദിക്കാനും തുടങ്ങിയപ്പോള്‍ പുതുമകള്‍ പരീക്ഷിക്കാനും പാചകം തുടരാനും അത് പ്രചോതനമായി.
എന്നെ പാചകം പഠിപ്പിക്കാനൊന്നും അമ്മ മുതിര്‍നിട്ടില്ലെങ്കിലും, അമ്മയെ കണ്ടു പഠിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കാറില്ല. ക്രമേണ ഞാന്‍ സ്വയം പാചകം ചെയ്യാന്‍ പഠിക്കുകയായിരുന്നു. ചേരുവകള്‍, പ്രത്യേകിച്ച്  അവയുടെ അളവുകള്‍ , ചെറിയ പൊടിക്കൈകള്‍ അങ്ങനെ പലതും ഹൃദിസ്ഥമാക്കി. അവിടം കൊണ്ടൊന്നും അവസാനിച്ചില്ല , ബേക്കിംഗ് ആയിരുന്നു അടുത്ത സാഹസം. ആദ്യമൊക്കെ വളരെ സാധാരണയായി ക്രീം കളറില്‍ ഉള്ള കേകുകള്‍ ആണ് ഉണ്ടാക്കിയിരുന്നത് . പിന്നീടത് പ്ലും കേക്ക് , പൈന്‍ ആപ്പിള്‍ കേക്ക് , marble കേക്ക് എന്ന് വേണ്ട ഇന്നത്തെ ചീസ് കേക്ക് വരെ അതെത്തി നില്‍ക്കുന്നു. ആപ്പിള്‍ പൈ , പിറ്റ്സ , ബിസ്കട് , കൂകീസ് അങ്ങനെ ബേകിംഗ്‌ ഇന്റെ അനന്ദ സാദ്യഥകള്‍ ഞാന്‍ പരീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു.

ഭക്ഷണം ഒരു അനുഭവമാണ്.
രസ മുകുളങ്ങളില്‍ തട്ടി മനസിലേക്ക് പടര്‍ന്നു ഓര്‍മയില്‍ തങ്ങുന്ന സ്വാദ് എന്ന അനുഭവം.
അത് സൃഷ്ടിക്കാന്‍ കഴിവുള്ള ആളുകള്‍ തികച്ചും കലാകാരന്മാര്‍ തന്നെ. രുചിയുടെ വൈദഗദ്യങ്ങള്‍ രചിക്കുന്ന മഹാകവികള്‍!