Wednesday 30 November 2011

ആദ്യ കുര്‍ബാന

മതങ്ങളോടും മതനുഷ്ടാനങ്ങളോടും എനിക്കുള്ള സഹിഷ്ണുത പണ്ട് മുതലേ ഉള്ളതാണ്. ഒരു മതേതര രാഷ്ട്രമായ ഇന്ത്യ മഹാരാജ്യത്ത് ജീവിക്കുന്ന ഏതൊരു പൌരനും ഈ സഹിഷ്ണുത വെച്ച് പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന അഭിപ്രയക്കാരി ആണ് ഞാന്‍. ഭഗവത് ഗീത , ബൈബിള്‍ , ഖുര്‍ആന്‍ - ഈ മൂന്ന് മത ഗ്രന്ഥങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷയും മലയാളം പരിഭാഷയും വീട്ടില്‍ തന്നെ ഉള്ളതുകൊണ്ടും എന്റെ പിതാവ് ശ്രീ എസ് .എ. ബാലകൃഷ്ണന്‍ ഒരു പുസ്തക പുഴു ആയതു കൊണ്ടും എന്നെ വായിക്കാന്‍ ഒരുപാടു പ്രോത്സഹിപ്പിക്കാരുള്ളത് കൊണ്ടും ഞാന്‍ ഇടക്കൊക്കെ ഈ പുസ്തകങ്ങള്‍ പലതും മറിച്ചു നോക്കുകയും അല്പമെങ്ങിലും വായിക്കാനും അവസരമുണ്ടായി. ഒരു താരതമ്യ പഠനത്തിനോന്നും മുതിര്‍നിട്ടില്ലെങ്ങിലും പലപ്പോഴും ഇത് മൂന്നും ആവര്‍ത്തിച്ച്‌ വായിക്കണം എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. 


ദൈവം നന്മയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവന് നന്മ ചെയ്യുമ്പോള്‍ ഞാനും ഒരു ദൈവിക  പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതായി തോന്നാറുണ്ട്. ഈ ഒരു ചിന്താശകലത്തില്‍ നിന്നും ഉടലെടുത്തതാകണം എനിക്ക് ബൈബിളിനോടും ക്രിസ്തുവിനോടും ഉള്ള ഇഷ്ടം. ദൈവം അമാനുഷിക പരിവേഷമുള്ള നായകനായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. ഒരിക്കലും വേദനകള്‍ ഇല്ലാത്ത , പ്രയാസങ്ങള്‍ അനുഭവിക്കാത്ത അസാദ്യമായ എന്തും സാധിക്കുന്ന ഒരാള്‍. എനിക്ക് ക്രിസ്തു പ്രിയപ്പെട്ടവന്‍ ആകുന്നത് , വേറിട്ട്‌ നില്‍ക്കുനത് , ലോക ജനങ്ങളുടെ പാപങ്ങള്‍ കഴുകാന്‍ സ്വയം ബലി കഴിച്ചവന്‍ എന്ന നിലയില്‍ ആണ് . സ്വന്തം ശരീരം അപ്പമായും രക്തം വീഞ്ഞായും വിളമ്പിയത് കൊണ്ടാണ് . താന്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്നതിലുപരി മറ്റുള്ളവരുടെ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റുവാങ്ങുന്ന ഒരു മനസ് തികച്ചും സ്രേഷ്ടമാണ്. 

ജോസ് സരമാഗോ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ക്രിസ്തുവിനെ ജോസെഫിന്റെ മകനായി ,ഒരു പച്ചമനുഷ്യനായി ചിത്രീകരിച്ചു 1998ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം വരെ വാങ്ങി. അങ്ങനെ ഒരു സാധാരണ മനുഷ്യനായി , സരമാഗോ പറഞ്ഞപോലെ സ്വന്തം പിതാവിന്റെ കുറ്റങ്ങള്‍ ഏറ്റുവാങ്ങി ക്രുശിതനായപ്പോഴും ആത്മ ബലി എന്നതു ഒന്ന് കൊണ്ട് മാത്രം എന്റെ മനസ്സില്‍ എന്തുകൊണ്ടും ആരാദ്യനായി തീര്‍ന്നു ക്രിസ്തു. 
ഒരു മാന്ദ്രികനെപ്പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ശത്രുവിനെ നിഗ്രഹിക്കുകയോ , സംഹാര താണ്ടവം ആടുകയോ , കോപാകുലനായ ക്രിസ്തുവിനെയോ സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.
ഈ പറഞ്ഞതൊക്കെ എന്റെ മാത്രം ചിന്താധരണിയില്‍ ഉള്ള കാര്യങ്ങള്‍ ആണ് . കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ക്രൈസ്തവ മത  അനുഷ്ടാനങ്ങളെക്കുറിചോന്നും വലിയ അവബോധം എനിക്കില്ല. 

അമ്മയുടെ വീട് അതായത് എന്റെ മാമന്റെ വീട്  പ്രശസ്തമായ കപ്പല്‍ പള്ളിക്ക് സമീപമാണ് . വേനല്‍ അവധിക്കു അമ്മാത്തെക്ക്  പോകുമ്പോ കപ്പല്‍ പള്ളി സന്ദര്‍ശിക്കാറുണ്ട് . കന്യാസ്ത്രീകള്‍ , ചട്ടയും മുണ്ടും ഉടുത്ത ചേട്ടത്തിമാര്‍ ഇതെല്ലം മാമന്റോടെ പോകുമ്പോള്‍ മാത്രമുള്ള കൌതുകക്കാഴ്ചകള്‍ ആയിരുന്നു എനിക്ക് ! കുരിശില്‍ തറച്ച ക്രിസ്തുവിന്റെ രൂപം എന്റെ കണ്ണുകള്‍ നിറയ്ക്കുമായിരുന്നു. ഇപ്പോഴും ആ വികാരത്തിന് മാറ്റം  ഒന്നും ഉണ്ടായിട്ടില്ല. 

ക്രിസ്ത്യാനികളെ സംബന്ധിച്ചെടുത്തോളം കുര്‍ബാന വളരെ വിശേഷപ്പെട്ടതാണല്ലോ. തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് രാവില്‍ പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നത് എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ്. ഇന്നും അത് ആഗ്രഹമായി അവശേഷിക്കുന്നു.ക്രിസ്തുമസ് ദിനത്തില്‍ കേക്ക് ഉണ്ടാകിയും പുല്‍ക്കൂട്‌ ഒരുക്കിയും ഞാനും ക്രിസ്മസ് ആഘോഷിക്കാറുണ്ട് .


അങ്ങനെ ഇരിക്കുമ്പോഴാണ് താമസം കൊച്ചിയിലെ ഒരു കോണ്‍വെന്റില്‍ തരപ്പെട്ടത് . ഒരു ചെറിയ ചാപ്പല്‍ ഉണ്ട് . എന്നും പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ബുധനാഴ്ചകളില്‍ കുര്‍ബാന ഉണ്ട്. പലപ്പോഴും അതി രാവിലെ ആണ് കുര്‍ബാന. ഉറക്കം തലയ്ക്കു പിടിക്കുന്ന സമയമായതിനാല്‍ ആഗ്രഹങ്ങള്‍ കടിച്ചമര്‍ത്തി ഉറക്കത്തിനു മുന്‍‌തൂക്കം കൊടുക്കലാണ് പതിവ്. 
അങ്ങനെ ആ ദിവസം വന്നെത്തി. കുര്‍ബാന രാത്രി 7 .15 ന്.
മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി !
കുറെ നാളുകളുടെ ആഗ്രഹാമാതാ പൂവണിയുന്നു. കുളിച്ചൊരുങ്ങി ചാപ്പലില്‍ കൃത്യ സമയത്തെതി. അച്ഛന്‍ വന്നു. കുര്‍ബാന തുടങ്ങി. എല്ലാം ഒരു കൌതുകത്തോടെ ഞാന്‍ നോക്കി നിന്നു. സ്തുതികള്‍ പാടുന്നു , ബൈബിള്‍ വായിക്കുന്നു. കുറെ മുട്ട് കുത്തി നില്‍ക്കുന്നു . കുറെ എഴുന്നേല്‍ക്കുന്നു . ആകപ്പാടെ എനിക്കൊന്നും മനസ്സിലാകുന്നില്ല. എങ്കിലും എനിക്കിഷ്ട്ടപ്പെട്ടു രീതികള്‍ . ഒരു കൂട്ടം മനുഷ്യര്‍ ലോകനന്മയ്കായി പ്രാര്‍ത്ഥിക്കുന്നു. സര്‍വവും പരമ പിതാവില്‍ അര്‍പ്പിക്കുന്നു. അങ്ങനെ ദിവ്യ ബലിയുടെ സമയമായി. അച്ഛന്‍ വീഞ്ഞ് ഒരു പാത്രത്തില്‍ പകര്‍ത്തി. അപ്പം എടുത്തു. മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . കണ്ണുകളില്‍ വെളുത്ത മേഘപടലങ്ങള്‍ പടര്‍ന്നു. ഒരു മായലോകതെക്കെന്ന പോലെ ഞാന്‍ ഒരു പറവയായ്, പതുക്കെ പറന്നുയരുകയായി. 

അലീന സിസ്റ്റര്‍ ആണ് വിളിച്ചുണര്‍ത്തിയത്. ഒരു കപ്പ്‌ വെള്ളം മുഖത്ത് ചൊരിഞ്ഞിട്ടുണ്ട്. എങ്കിലും സാരമില്ല യാത്ര അവസാനിപ്പിച്ചു മനസ് തിരിച്ചു വന്നല്ലോ അത് മതി, ഞാന്‍ ആശ്വസിച്ചു . ചാപ്പലില്‍ നിന്നും അപ്പോഴും  സ്തുതി ഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു . ആദ്യ കുര്‍ബാന മുഴുമിക്കനായില്ലലോ എന്നൊരു ദുഃഖം അതെനിക്ക് സമ്മാനിച്ചു...

1 comment: